തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ പാലായിൽ ജോസ് കെ മാണി കനത്ത തിരിച്ചടി. കേരള കോൺഗ്രസ് സിപിഎം സ്വരച്ചേർച്ചയില്ലായ്മ മറനീക്കി കൗൺസിൽ യോഗത്തിൽ പുറത്തുവന്നു. ഭരണപക്ഷ അംഗങ്ങൾ തമ്മിൽ കൗൺസിൽ ഹാളിൽ വച്ച് അടിയും തിരിച്ചടിയുമുണ്ടായി. ജോസ് കെ മാണിയുടെ  വിശ്വസ്ത അനുയായിയായ ആറാം വാർഡ് കൗൺസിലറും, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ബൈജു കൊല്ലംപറമ്പനും, സിപിഎം കൗൺസിലർ ബിനു പുളിക്കക്കണ്ടവും തമ്മിലാണ് തല്ലുണ്ടായത്. ബിനു പുളിക്കക്കണ്ടം അവസാന ഒരു വർഷം ചെയർമാനാകും എന്ന് കരുതപ്പെടുന്ന ആളാണ്.

സിപിഎം കേരള കോൺഗ്രസ് പാർട്ടികൾ തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ ആണ് ഇന്നത്തെ കൗൺസിൽ യോഗത്തിൽ മറനീക്കി പുറത്തുവന്നത്. സ്റ്റാൻഡിങ് കമ്മിറ്റി യോഗവുമായി ബന്ധപ്പെട്ട ഒരു തർക്കം ഭരണപക്ഷ അംഗമായ ബിനു ഉന്നയിക്കുകയും, ഇതിൽ പ്രകോപിതനായ ബൈജു വിഷയം ഏറ്റുപിടിക്കുകയും ചെയ്യുകയായിരുന്നു. ബിനുവിന് അടുത്തേക്ക് വന്ന ബൈജുവിനെ ബിനു തള്ളി മാറ്റിയപ്പോൾ ബൈജു കൈവീശി ബിനുവിനെ അടിക്കാൻ ശ്രമിച്ചു. തുടർന്ന് മറ്റു കൗൺസിലർമാർ ബൈജുവിനെ പിടിച്ചുമാറ്റി. എങ്കിലും പ്രകോപനം മറാത്ത ബൈജു വീണ്ടും ബിനുവിന് അടുത്തേക്ക് ചെന്നപ്പോൾ വീണ്ടും സംഘർഷം ഉണ്ടാകുകയും പരസ്പരം ആക്രമിക്കുകയും ചെയ്തു എന്നാണ്  കൗൺസിൽ ഹാളിൽ നിന്ന് വരുന്ന വിവരങ്ങൾ.

തിരഞ്ഞെടുപ്പ് പ്രചരണത്തിന് അവസാന ലാപ്പിൽ ജോസ് കെ മാണിക്ക് കനത്ത ആഘാതമാണ് സിപിഎമ്മുമായി ഉണ്ടായ സംഘർഷം സൃഷ്ടിച്ചിരിക്കുന്നത്. സിപിഎം കേരള കോൺഗ്രസ് ഉന്നതനേതാക്കൾ പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും സ്ഥിതിഗതികൾ കൈവിട്ടു പോകുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. രണ്ടു വ്യക്തികൾ തമ്മിലുള്ള തർക്കമായി സംഭവത്തെ ചിത്രീകരിക്കുവാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ബിനു തന്നെ ക്രൂരമായി മർദ്ദിച്ചു എന്നുപറഞ്ഞ് ബൈജു കൊല്ലംപറമ്പിൽ മുനിസിപ്പൽ ഓഫീസിൽ തുടരുകയാണ്.

നഗരസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് ഏറ്റവും തിരിച്ചടി നേരിട്ട പ്രദേശമാണ് പാലാ തെക്കേക്കര. രണ്ടില ചിഹ്നത്തിൽ മത്സരിച്ച കേരള കോൺഗ്രസ് സ്ഥാനാർത്ഥികൾ മൂന്നുപേർ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥികളോട് പരാജയപ്പെട്ട പ്രദേശം. ഇവിടെ ഇടതുമുന്നണിയെ പിടിച്ചു നിർത്തിയത് ബിനു പുളിക്കകണ്ടെത്തിൻറെ ജനപിന്തുണയാണ്. കുറേ ദിവസങ്ങളായി നിലനിന്നിരുന്ന കേരള കോൺഗ്രസ് സിപിഎം പ്രശ്നങ്ങൾ ആണ് ഇപ്പോൾ പൊട്ടിത്തെറിയിലേക്ക് എത്തിയിരിക്കുന്നത്. മുന്നണിയിലെ ഐക്യം ഇല്ലായ്മ മറനീക്കി പുറത്തു വന്നിരിക്കുന്നത് ജോസ് കെ മാണിയുടെ തിരഞ്ഞെടുപ്പ് സാധ്യതകൾക്ക് കനത്ത തിരിച്ചടിയാണ് ഏൽപ്പിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2