കോട്ടയം: ട്രാക്ടറിലേറി കടമ്പകളെ കടപുഴക്കി വിജയത്തിലേക്ക് കുതിക്കുകയാണ് കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷം. പാര്‍ട്ടിക്ക് ഏറെ നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളിലും വിജയ പ്രതീക്ഷയോടെയാണ് പ്രചരണം അന്തിമ ഘട്ടത്തിലേക്ക് അടുക്കുന്നത്. കെട്ടുറപ്പോടെയുള്ള യുഡിഎഫ് പ്രചാരണം മികച്ച വിജയത്തിലേക്ക് നയിക്കുമെന്നാണ് കേരള കോണ്‍ഗ്രസ് ജോസഫ് ക്യാമ്പ് കരുതുന്നത്. അത്രമേല്‍ ഒറ്റക്കെട്ടായാണ് ഐക്യ ജനാധിപത്യ മുന്നണി മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാത്തിലും ഉപരി രാഹുല്‍ ഗാന്ധി കേരളത്തിലെ പ്രചാരണങ്ങളില്‍ സജീവമായി എത്തിയതോടെ വിജയ പ്രതീക്ഷ ഇരട്ടിയായിരിക്കുകയാണ്.

കേരള കോണ്‍ഗ്രസിനായി വിവിധ മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധി വോട്ട് തേടി. രാഹുല്‍ ഗാന്ധി റോഡ് ഷോയും പര്യടനങ്ങളും നടത്തിയതോടെ യുഡിഎഫ് വോട്ടുകള്‍ മൊത്തമായി ഏകീകരിക്കാന്‍ കഴിയുന്നുവെന്നതാണ് മുന്നണിക്ക് വലിയ പ്രതീക്ഷ നല്‍കുന്നത്.

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് 11ാം അങ്കത്തിനിറങ്ങുന്ന തൊടുപുഴ മണ്ഡലത്തിലും രാഹുല്‍ ഗാന്ധി പ്രചാരണത്തിന് എത്തിയിരുന്നു. പിജെ ജോസഫ് മണ്ഡലത്തില്‍ 9 വട്ടം ജയിച്ചതിനെ കുറിച്ച് വാചാലനായ രാഹുല്‍ ഗാന്ധി തനിക്ക് അഞ്ച് വയസുള്ളപ്പോഴാണ് അദ്ദേഹം ആദ്യമായി എംഎല്‍എയായതെന്നും ഓര്‍മ്മിപ്പിച്ചു. രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ക്ക് നിറഞ്ഞ കരഘോഷമായിരുന്നു സദസ്സിന്റെ മറുപടി.

പിജെ ജോസഫിനായി വോട്ട് തേടിയ രാഹുല്‍ ഗാന്ധി ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ്ജിനായും വോട്ട് തേടി. കേരള കോണ്‍ഗ്രസ് ജോസ്- ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ കടുത്ത മല്‍സരം നടക്കുന്ന ഇടുക്കിയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചരണം ഫ്രാന്‍സിസ് ജോര്‍ജ്ജിന് മുന്‍കൈ നേടികൊടുത്തുവെന്ന് വേണം പറയാന്‍. മലയോര മേഖലയില്‍ ആരവമുയര്‍ത്തിയാണ് രാഹുല്‍ ഗാന്ധിയുടെ പ്രചാരണം നടന്നത്. ഇടുക്കിയുടെ മനസ് കീഴടക്കിയാണ് രാഗാ മടങ്ങിയത്. യുഡിഎഫ് വോട്ട് നേടി നാല് വട്ടം ജയിച്ച റോഷി അഗസ്റ്റിയനും കൂട്ടര്‍ക്കും ഇത് കടുത്ത വെല്ലുവിളിയായി മാറിയിട്ടുണ്ട്. രാഹുല്‍ തരംഗം വോട്ടായി മാറിയ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് ആവര്‍ത്തിക്കാനാകുമെന്നാണ് യുഡിഎഫ് ക്യാമ്പ് കരുതുന്നത്.

ജോസഫ് പക്ഷത്തെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പ് ചിലര്‍ക്കുള്ള മറുപടി കൂടിയാണ്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസ് – ജോസഫ് വിഭാഗങ്ങള്‍ നേര്‍ക്കുനേര്‍ നാലു മണ്ഡലങ്ങളിലാണ് ഏറ്റുമുട്ടുന്നത്. കടുത്തുരുത്തി, ചങ്ങനാശ്ശേരി, തൊടുപുഴ, ഇടുക്കി എന്നീ മണ്ഡലങ്ങളിലാണ് കേരള കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള അങ്കം. ചിലത് തെളിയിക്കാന്‍ കൂടിയാണ് ഈ തെരഞ്ഞെടുപ്പ് എന്ന് ഓരോ പാര്‍ട്ടിക്കാരനും അറിയാം. ആ ഉശിര് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വ്യക്തവുമാണ്.

ചങ്ങനാശ്ശേരിയില്‍ നിര്‍ണായക സ്വാധീനമായ എന്‍എസ്എസിന്റേയും കത്തോലിക്ക സഭയുടേയും നിലപാട് അനുകൂലമായതോടെ വിജയം ഉറപ്പിച്ചാണ് യുഡിഎഫ് പ്രചാരണം. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി ജെ ലാലിക്ക് അകമഴിഞ്ഞ പിന്തുണ പെരുന്നയില്‍ നിന്നും സഭയില്‍ നിന്നും കിട്ടിയതോടെ ജോസ് ക്യാമ്പിലെ ജോബ് മൈക്കിളും കൂട്ടരും ആശങ്കയിലാണ്. ചങ്ങനാശ്ശേരി പതിവുപോലെ വലത്തേക്ക് ചായുമെന്ന് വിലയിരുത്തപ്പെടുന്നു. ക്രൈസ്തവ, നായര്‍, ഈഴവ, മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ വി ജെ ലാലിക്കുള്ള സ്വാധീനമാണ് സി എഫ് തോമസിന്റെ പിന്‍ഗാമിയായി കേരള കോണ്‍ഗ്രസിന്റെ ലാലി തന്നെ എത്തുമെന്ന മുന്നണി വിലയിരുത്തലിന് പിന്നില്‍.

തിരുവല്ലയില്‍ പ്രചാരണ ഘട്ടത്തില്‍ തന്നെ മാത്യു ടി തോമസിന് വെല്ലുവിളിയായി കഴിഞ്ഞു കുഞ്ഞുകോശി പോള്‍. മൂന്ന് തവണ തുടര്‍ച്ചയായി മണ്ഡലത്തില്‍ വിജയിച്ചു കയറിയ മാത്യു ടി തോമസിനെ മണ്ഡലത്തിലെ അടിത്തട്ടിലെ പ്രവര്‍ത്തനം കൊണ്ട് വീഴ്ത്താനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് കുഞ്ഞുകോശി പോളും കേരള കോണ്‍ഗ്രസും. ഉമ്മന്‍ചാണ്ടിയടക്കം നേതാക്കള്‍ കുഞ്ഞുകോശി പോളിനായി മണ്ഡലത്തില്‍ സജീവമായി പ്രചരണം നടത്തുകയും ചെയ്തതോടെ യുഡിഎഫ് പ്രതീക്ഷകള്‍ വാനോളമാണ്. ഒന്നരപതിറ്റാണ്ട് ഇടതുപക്ഷത്തിനൊപ്പം നിന്ന മണ്ഡലത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാണിച്ചാണ് കേരള കോണ്‍ഗ്രസിന്റെ പ്രചരണം.

ഏറ്റുമാനൂരില്‍ ലതിക സുഭാഷ് ഉയര്‍ത്തിയ വെല്ലുവിളികള്‍ യുഡിഎഫ് ക്യാമ്പിന്റെ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ മറികടക്കാനായിട്ടുണ്ട്. പ്രിന്‍സ് ലൂക്കോസിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അഹോരാത്രം പ്രയത്‌നിക്കുന്നത്. പാര്‍ട്ടിയെ പാതിവഴിയില്‍ ഉപേക്ഷിച്ച ലതികയ്‌ക്കെതിരെയുള്ള മധുര പ്രതികാരം കൂടിയാണ് ഏറ്റുമാനൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രിന്‍സ് ലൂക്കോസിനായുള്ള ഊര്‍ജ്ജിതമായ പ്രവര്‍ത്തനം. ജില്ലയിലെ സിപിഐഎമ്മിന്റെ അമരക്കാരനായ ജില്ലാ സെക്രട്ടറി വിഎന്‍ വാസവനാണ് ഏറ്റുമാനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെന്നതും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വൈര്യത്തിന് കാരണമാണ്. മണ്ഡലത്തില്‍ വിഎന്‍ വാസവന് എതിരെ ശക്തമായ സംഘടനാ ശക്തി ഉപയോഗിക്കുകയാണ് കോണ്‍ഗ്രസും യുഡിഎഫും.

കേരള കോണ്‍ഗ്രസിന്റെ മറ്റ് മണ്ഡലങ്ങളിലും പലതും കടപുഴക്കി ട്രാക്ടര്‍ ഉരുളുകയാണ്. കോതമംഗലത്ത് ഷിബു തെക്കുംപുറം, കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ്, ഇരിഞ്ഞാലക്കുടയില്‍ തോമസ് ഉണ്ണ്യാടന്‍, തൃക്കരിപ്പൂരില്‍ കെ എം മാണിയുടെ മരുമകന്‍ എംപി ജോസഫ്, കുട്ടനാട്ടില്‍ ജേക്കബ് എബ്രഹാം എന്നിവരും തങ്ങളുടെ പ്രചരണം വിജയ പ്രതീക്ഷയോടെയാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. കര്‍ഷക വികാരം മാനിച്ചുള്ള കേരള കോണ്‍ഗ്രസിന്റെ ചിഹ്നവും ഒറ്റക്കെട്ടായുള്ള യുഡിഎഫ് പ്രവര്‍ത്തനവും മികച്ച വിജയം നല്‍കുമെന്ന ഉറപ്പിലാണ് ജോസഫ് ക്യാമ്പ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2