ന്യൂഡൽഹി: കേരളത്തിൽ കുഞ്ഞുങ്ങൾക്ക് സുരക്ഷ കുറവാണെന്നു  ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്ട്. കേരളത്തിൽ 2017ൽ നിന്നു 2019ലേക്ക് എത്തുമ്പോൾ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമത്തിൽ 33 ശതമാനം വർധന രേഖപ്പെടുത്തിയെന്നാണ് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയം പറയുന്നത്.
ക്രമസമാധാന പ്രശ്നങ്ങളുടെ പേരിൽ പലപ്പോഴും ആരോപണവിധേയമാകാറുള്ള സംസ്ഥാനമായ ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഈ കാര്യത്തിൽ സുരക്ഷിത നിലയിലേക്കു മാറുമ്പോഴാണ് കേരളത്തിന്റെ അപകടകരമായ പോക്ക്. ആരോഗ്യ സംവിധാനങ്ങളുടെ മുതൽ വിദ്യാഭ്യാസ സൗകര്യങ്ങളുടെ വരെ അളവുകോലിൽ മുന്നിൽ നിൽക്കുന്ന കേരളത്തിന് അഭിമാനിക്കാവുന്ന കണക്കല്ല വനിത ശിശുക്ഷേമ മന്ത്രാലയം നൽകുന്നത്. യുപി ഉൾപ്പെടെ സംസ്ഥാനങ്ങളുമായുള്ള താരതമ്യത്തിൽ കേസെണ്ണം കുറവെങ്കിലും കേസുകളുടെ നിരക്കിലെ വർധന ആശങ്ക നൽകേണ്ടതു തന്നെ.
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ടു 2017ൽ കേരളത്തിൽ റജിസ്റ്റർ ചെയ്തതു 3562 കേസുകൾ. തൊട്ടടുത്ത വർഷം ഇത് 4253 കേസുകളും 2019ൽ ഇത് 4754 കേസുകളുമായി വർധിച്ചു. റജിസ്റ്റർ ചെയ്യപ്പെടാതെ പോയ കേസുകൾ അതിലേറെ. ജനസംഖ്യയിൽ കേരളത്തിന്റെ പല മടങ്ങുള്ള യുപിയിൽ 2016ൽ റജിസ്റ്റർ ചെയ്യപ്പെട്ടത് 19,145 കേസുകൾ. 2019 ആയപ്പോൾ ഇത് 18,943 ആയി താഴ്ന്നു. 1 ശതമാനത്തോളം കേസുകൾ കുറഞ്ഞു.
ബംഗാൾ, ഡൽഹി, ഗോവ എന്നിവിടങ്ങളിലും കുട്ടികളോടുള്ള അതിക്രമവുമായി ബന്ധപ്പെട്ട കേസുകൾ കുറഞ്ഞു.വർധന രേഖപ്പെടുത്തിയ സംസ്ഥാനങ്ങളുടെ പട്ടികയിലുള്ള ഗുജറാത്ത്(18%), കർണാടക(7%), മഹാരാഷ്ട്ര(15%), തമിഴ്നാട്(17%) എന്നിവ കേരളത്തേക്കാൾ ഭേദമാണ്. എന്നാൽ, രാജ്യത്ത് ഏറ്റവും അപകടകരമായ വർധന രേഖപ്പെടുത്തിയ സംസ്ഥാനം ഒഡിഷയാണ്. 2016ൽ നിന്നു 2019ലേക്ക് എത്തുമ്പോഴേക്ക് 120% കേസുകളുടെ വർധനയാണ് ഒഡിഷ രേഖപ്പെടുത്തിയത്. രാജസ്ഥാനിലും 42 കേസുകളുടെ വർധനയുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2