ന്യൂഡല്‍ഹി: 2011 ബാച്ച്‌ കേരള കേഡര്‍ ഐ.പി.എസ് ഓഫീസറായ യതീഷ് ചന്ദ്ര, ഇനി മുതല്‍ കര്‍ണ്ണാടക പോലീസിൻറെ ഭാഗമാകും. ഇതു സംബന്ധമായ അപേക്ഷ പരിഗണിച്ച്‌, ഡെപ്യൂട്ടേഷന്‍ ഉത്തരവ് കേന്ദ്ര സര്‍ക്കാറാണ് പുറത്തിറക്കിയിരിക്കുന്നത്. മൂന്നു വര്‍ഷമാണ് ഡെപ്യൂട്ടേഷന്‍ കാലാവധി.ആവശ്യമെങ്കില്‍, ഇത് പിന്നീട് നീട്ടി നല്‍കാനും കഴിയും.

യതീഷ് ചന്ദ്രയുടെ ഡെപ്യൂട്ടേഷന് അനുകുലമായ നിലപാടാണ് കേരള, കര്‍ണ്ണാടക സര്‍ക്കാറുകളും കൈ കൊണ്ടിരിക്കുന്നത്. കര്‍ണ്ണാടക സ്വദേശിയായ യതീഷ് ചന്ദ്ര ഐ.ടി വിദഗ്ദന്‍ കൂടിയാണ്. കേരളത്തില്‍ ഏറ്റവും അധികം ആരാധകര്‍ ഉള്ള പൊലീസ് ഓഫീസറും യതീഷാണ്. താരങ്ങള്‍ വരെ ഈ കാക്കിയുടെ കാര്‍ക്കശ്യത്തെ ആരാധിക്കുന്നവരാണ്.

കേന്ദ്ര മന്ത്രി മുതല്‍ വിവിധ രാഷ്ട്രീയ നേതൃത്വങ്ങള്‍ വരെ യതീഷ് ചന്ദ്രയുടെ കാര്‍ക്കശ്യം നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. ക്രിമിനലുകളെ അടിച്ചമര്‍ത്തുന്ന കാര്യത്തിലും അസാധാരണ മിടുക്കാണ് ഈ യുവ ഐ.പി.എസ് ഓഫീസര്‍ കാഴ്ചവച്ചിരിക്കുന്നത്. ജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം ക്രിമിനലുകളുടെ പേടിസ്വപ്നമാണ് യതീഷ് ചന്ദ്ര.

വടകര എ.എസ്.പി, എറണാകുളം റൂറല്‍ എസ്.പി, സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍, തൃശൂര്‍ റൂറല്‍ എസ്.പി, തൃശൂര്‍ കമ്മീഷണര്‍, കണ്ണൂര്‍ എസ്.പി തുടങ്ങി ഈ ഐ.പി.എസുകാരന്‍ ഇരുന്ന പോസ്റ്റുകളിലെല്ലാം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വെച്ചിട്ടുള്ളത്.രാഷ്ട്രീയക്കാരോട് കൊടിയുടെ നിറം നോക്കി പെരുമാറില്ലന്നതിനും നിരവധി തെളിവുകളുണ്ട്.

എറണാകുളം റൂറല്‍ എസ്.പി യായിരിക്കെ, സി.പി.എം അങ്കമാലി ഏരിയാ കമ്മിറ്റി ഓഫീസിലടക്കം കയറി പ്രവര്‍ത്തകരെ മാത്രമല്ല, നേതാക്കളെയും അടിച്ച്‌ ഓടിച്ചിട്ടുണ്ട് ഈ യുവ ഐ.പി.എസുകാരന്‍.അങ്കമാലിയില്‍, ദേശീയ പാതയില്‍ വഴിതടയലില്‍ തുടങ്ങിയ സംഘര്‍ഷം, പൊലീസിന് നേരെ അതിക്രമമായതോടെയാണ് എസ് പി നേരിട്ട് കളത്തിലിറങ്ങി, പൊലീസ് ആക്ഷന് നേതൃത്ത്വം കൊടുത്തിരുന്നത്.നിരവധി പേര്‍ക്കാണ് അന്ന് ലാത്തി ചാര്‍ജില്‍ സാരമായി പരിക്കേറ്റിരുന്നത്.ഇതിനെതിരെ വ്യാപകമായ പ്രതിഷേധം സിപിഎം എസ്.പിക്ക് നേരെ ഉയര്‍ത്തിയിരുന്നെങ്കിലും, പിന്നീട് എസ്പിയുടെ നടപടി മന:പൂര്‍വ്വമല്ലെന്നും, സാഹചര്യം മൂലമായിരുന്നെന്നും മനസ്സിലാക്കി, തുടര്‍ പ്രതിഷേധത്തില്‍ നിന്നും സി.പി.എം പിന്മാറുകയായിരുന്നു.എന്നിട്ട് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം, ആദ്യം ക്രൈംബ്രാഞ്ചിലും, അതിനു ശേഷം എറണാകുളം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണറായും അദ്ദേഹത്തിന് നിയമനവും നല്‍കുകയുണ്ടായി.

ശബരിമല സംഘര്‍ഷ സമയത്ത് പ്രത്യേക സുരക്ഷാ ചുമതലയില്‍ സര്‍ക്കാര്‍ നിയരുന്നതും യതീഷ് ചന്ദ്രയെയായിരുന്നു. ശബരിമലയിലേക്ക് എത്തിയ കേന്ദ്ര മന്ത്രി പൊന്‍രാധാകൃഷ്ണന്‍റെ അകമ്ബടി വാഹനങ്ങള്‍, നിലക്കലില്‍ നിന്ന് പമ്ബയിലേക്ക് കടത്തിവിടാന്‍ കഴിയില്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന യതീഷ് ചന്ദ്ര നിലപാടെടുത്തത്, വലിയ തര്‍ക്കത്തിലേക്കാണ് പോയിരുന്നത്. അനിഷ്ട സംഭവമുണ്ടായാല്‍, ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്ന ചോദ്യം കേന്ദ്ര മന്ത്രിയോട് യതീഷ് ചന്ദ്ര ഉയര്‍ത്തിയത്, ദേശീയ മാധ്യമങ്ങളില്‍ വരെ വലിയ വാര്‍ത്തയായി മാറിയിരുന്നു. ഇതു സംബന്ധമായി യതീഷ് ചന്ദ്രക്കെതിരെ ബി.ജെ.പി പരാതി നല്‍കിയിരുന്നെങ്കിലും, ഒരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2