തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പും രണ്ട് ഉപതിരഞ്ഞെടുപ്പുകളും പിന്നിട്ട് നിയമസഭാ ഇലക്ഷനിലേക്ക് സംസ്ഥാനം നീളുമ്ബോള്‍ യു.ഡി.എഫിലെ രണ്ടാമത്തെ കക്ഷി എന്ന നിലയില്‍ മുസ്ലീംലീഗ് 30 സീറ്റ് ആവശ്യപ്പെടുമെന്ന് സൂചന. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് മൂന്ന് പാര്‍ലമെന്റ് സീറ്റുകളാണ് മുന്നണിയില്‍ ലീഗ് ആവശ്യപ്പെട്ടത്. എന്നാല്‍, ലീഗിന് മൂന്നാം സീറ്റ് നല്‍കേണ്ടതില്ലെന്നായിരുന്നു ഉഭയ കക്ഷി ചര്‍ച്ചകളിലെ ധാരണ. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കാമെന്ന ധാരണയുടെ പുറത്താണ് ലോക്‌സഭയില്‍ മലപ്പുറം, പൊന്നാന്നി മണ്ഡലങ്ങളില്‍ മാത്രം പാര്‍ട്ടി മത്സരിച്ചതെന്നാണ് ലീഗ് വൃത്തങ്ങള്‍ പറയുന്നത്. ഒരു പാര്‍ലമെന്റ് മണ്ഡലത്തില്‍ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ വരെ ഉണ്ടാകുമെന്നിരിക്കെ മൂന്നാം പാര്‍ലമെന്റ് സീറ്റിന് പകരമായി ആറ് നിയമസഭാ സീറ്റുകള്‍ കൂടി അവകാശപ്പെടാനാണ് പാര്‍ട്ടി നീക്കം.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഉള്‍പ്പടെ 24 മണ്ഡലങ്ങളിലായിരുന്നു മുസ്ലീം ലീഗ് മത്സരിച്ചത്. ഇതില്‍ 18 എണ്ണത്തിലും വിജയിക്കാന്‍ ലീഗിനായി.

യു.ഡി.എഫിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസ് 87 സീറ്റുകളില്‍ പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി 22 എണ്ണത്തില്‍ മാത്രം ജയിച്ചപ്പോഴായിരുന്നു 24ല്‍ 18 സീറ്റിലും ലീഗ് വിജയിച്ചത്. ഈയൊരു കണക്കുകള്‍ കൂടി വിലയിരുത്തിയാവും ലീഗ് കൂടുതല്‍ സീറ്റുകള്‍ക്ക് അവകാശവാദം ഉന്നയിക്കുക. എല്‍.ഡി.എഫിലെ രണ്ടാമത്തെ പ്രധാന കക്ഷിയായ സി.പി.ഐ 25 പേരെ മത്സരിപ്പിക്കുന്നു എന്നതും ലീഗ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

തെക്കന്‍ ജില്ലകളിലും സീറ്റ് ചോദിക്കും

നിലവില്‍ ഏഴു ജില്ലകളില്‍ നിന്ന് മാത്രമാണ് ലീഗ് നിയമസഭയിലേക്ക് ജനവിധി തേടുന്നത്. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍ തുടങ്ങിയ ജില്ലകളില്‍ ലീഗിന് സീറ്റില്ല. ഈ ജില്ലകളിലെ ചില സീറ്റുകളില്‍കൂടി പാര്‍ട്ടി അവകാശവാദം ഉന്നയിച്ചേക്കുമെന്നാണ് സൂചന. സംസ്ഥാനത്തെ പ്രധാന പാര്‍ട്ടിയെന്ന നിലയിലും യു.ഡി.എഫിലെ രണ്ടാമത്തെ കക്ഷിയെന്ന നിലയിലും തെക്കന്‍ കേരളത്തില്‍ നിന്നും കൂടുതല്‍ സീറ്റുകളില്‍നിന്ന് ജനവിധി തേടാന്‍ ലീഗിന് അവകാശമുണ്ടെന്നാണ് നേതാക്കളുടെ വാദം. തിരുവനന്തപുരത്തും കൊല്ലത്തും എം.എല്‍.എമാരുണ്ടായിരുന്ന പാര്‍ട്ടിക്ക് തെക്കന്‍ ജില്ലകളില്‍ മത്സരിക്കാന്‍ സീറ്റില്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇത് തെക്കന്‍ കേരളത്തില്‍ പാര്‍ട്ടി തകരാന്‍ കാരണമാകും എന്ന വിലയിരുത്തലിലാണ് പ്രാദേശിക നേതൃത്വങ്ങള്‍ക്ക് ഉള്‍പ്പടെയുള്ളത്.

അന്നത്തെ സീറ്റുകള്‍

തിരുവനന്തപുരം വെസ്റ്റില്‍ നിന്ന് 1980ലും 1982ലും വിജയിച്ച ലീഗ് 87ല്‍ സീറ്റ് കോണ്‍ഗ്രസിന് വിട്ടുകൊടുത്തു. പിന്നെ തിരിച്ചുകിട്ടിയില്ല. ലീഗ് മത്സരിക്കുകയും ഒരു തവണ വിജയിക്കുകയും ചെയ്ത തിരുവനന്തപുരത്തെ മറ്റൊരു സീറ്റാണ് കഴക്കൂട്ടം. കൊല്ലത്ത് ഇരവിപുരം, ലീഗ് സ്ഥിരമായി മത്സരിക്കുന്ന സീറ്റാണ്. 91ല്‍ ഇവിടെ നിന്ന് ജയിച്ച പി.കെ.കെ ബാവ മന്ത്രിയുമായി. എണ്‍പതില്‍ ഇരവിപുരത്തും ചടയമംഗലത്തും ഒരേസമയം ലീഗ് മത്സരിച്ചിട്ടുണ്ട്. കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളിയിലും ആലപ്പുഴ ജില്ലയില്‍ ആലപ്പുഴ മണ്ഡലത്തിലും ലീഗ് മത്സരിച്ചിട്ടുണ്ട്. തുടര്‍ന്ന് ഇരവിപുരത്തെ ഒറ്റ സീറ്റില്‍ ഒതുങ്ങിയ ലീഗിന് പിന്നീട് ആര്‍.എസ്.പി, മുന്നണിയിലേക്ക് വന്നപ്പോള്‍ അതും വിട്ടുകൊടുക്കേണ്ടി വന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2