തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വന്‍കിട ലോണുകള്‍ നല്‍കിയിരുന്നത് കമ്മീഷന്‍ വ്യവസ്ഥയിലെന്ന ആരോപണവുമായി ബിജെപി. ഓരോ ലോണിനും പത്ത് ശതമാനം കമ്മീഷന്‍ ഈടാക്കിയെന്നും മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു വഴി തേക്കടിയില്‍ റിസോര്‍ട്ട് നിര്‍മ്മിക്കാനാണ് ഈ പണം ശേഖരിച്ചിരുന്നതെന്നും ബിജെപി ആരോപിച്ചു. ഇതിന് തെളിവായി തേക്കടിയില്‍ ഒരുങ്ങുന്ന റിസോര്‍ട്ടിന്റെ ബ്രോഷറും പാര്‍ട്ടി പുറത്തുവിട്ടു.

ബാങ്കില്‍ നടന്ന വായ്പാ തട്ടിപ്പിലൂടെ സ്വരൂപിച്ച കോടികള്‍ മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജുവിന്റെും ബാങ്കിന് കീഴിലെ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനായ ബിജോയിയുടേയും നേതൃത്വത്തില്‍ തേക്കടിയിലെ റിസോര്‍ട്ട് നിര്‍മ്മാണത്തിന് വേണ്ടി ഉപയോഗിച്ചു എന്നാണ് ബിജെപിയുടെ ആരോപണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

എട്ട് ഏക്കറില്‍ ഒരുങ്ങുന്ന തേക്കി എന്ന ഫൈവ് സ്റ്റാര്‍ റിസോട്ടിന്റെ ബ്രോഷറാണ് ബിജെപി ഇതിനെ തെളിവായി കാണിക്കുന്നത്. ബിജുവും ബിജോയിയും റിസോട്ടിന്റെ പ്രമോട്ടര്‍മാരാണെന്ന് ബ്രോഷറിലുണ്ട്. വന്‍കിട ലോണുകള്‍ എടുത്തുനല്‍കാന്‍ ബാങ്കിനകത്തും പുറത്തും ഇടനിലക്കാരുണ്ടായിരുന്നു. വലിയ തുകകള്‍ വായ്പ ആവശ്യമുള്ളവരെ സമീപിച്ച്‌ അവരുമായി ധാരണയിലെത്തും.

10 ശതമാനം കമ്മീഷന്‍ നിരക്കിലാണ് ലോണ്‍ നല്‍കിയിരുന്നത്. കമ്മീഷന്‍ തുക തേക്കടിയിലെ റിസോര്‍ട്ടിനായി നിക്ഷേപിക്കുന്നു. റിസോട്ടിന്റെ ഷെയര്‍ നല്‍കിക്കൊ‌ണ്ടുള്ള രേഖയും കൈമാറും. ഈട് നല്‍കാന്‍ ഇല്ലാത്തവര്‍ക്ക് പോലും വ്യാജ രേഖ ചമച്ച്‌ മുന്‍ മാനേജരും സംഘവും കോടികള്‍ വായ്പയായി നല്‍കിയെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ.നാഗേഷ് ആരോപിച്ചു.

ബാങ്കില്‍ നിന്ന് ബിനാമി പേരില്‍ സിപിഎം നേതാക്കള്‍ പണം തട്ടിയെടുത്തതായും ബിജെപി ആരോപിക്കുന്നു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ അറിഞ്ഞാണ് തട്ടിപ്പെന്നും റിസോര്‍ട്ടിന്റെ നിര്‍മ്മാണം സംബന്ധിച്ച്‌ അന്വേഷണം അവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ബിജെപി വ്യക്തമാക്കി.