പാലായിൽ യുഡിഎഫ് ക്യാമ്പുകൾ ആഹ്ലാദത്തിലാണ്. നിയോജക മണ്ഡലത്തിൽ ഉടനീളം നിറയുന്നത് മാണി സി കാപ്പൻ തരംഗം. ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത വിധം ഒത്തൊരുമയോടെയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മാണി സി കാപ്പൻ എന്ന എംഎൽഎയുടെ ജനകീയതയും, ചുരുങ്ങിയ കാലം കൊണ്ട് നിയോജകമണ്ഡലത്തിലെ മലയോര മേഖലകളിൽ അടക്കം നടത്തിയ വികസന പ്രവർത്തനങ്ങളും, പാലായിലെ വിശ്വാസ സമൂഹത്തിന് ഇടയിലുള്ള മാർക്സിസ്റ്റ് വിരോധവും, കെഎം മാണിയെ കോഴ മാണി ആക്കിയ പാളയത്തിലേക്ക് ഉള്ള ജോസ് കെ മാണിയുടെ രാഷ്ട്രീയ പ്രയാണവും എല്ലാം പ്രചരണത്തിൽ നിറയുകയാണ്.

പന്നി കാടും, ലൗജിഹാദും, മുനിസിപ്പൽ കൗൺസിൽ ഹാളിൽലെ തമ്മിലടിയും:

തിരഞ്ഞെടുപ്പ് രംഗത്ത് ഏറ്റവും തിരിച്ചടിയായ മൂന്നു കാര്യങ്ങളാണ് ജോസ് കെ മാണി നടത്തിയ പന്നിക്കാട് പ്രയോഗവും, ലൗ ജിഹാദ് പരാമർശവും, പാലാ നഗരസഭയിൽ സിപിഎം കേരള കോൺഗ്രസ് കൗൺസിലർമാർ തമ്മിലുണ്ടായ കൈയാങ്കളിയും. 1965 നു മുമ്പ് പാലാ പന്നി കാടാണ് എന്നാണ് നിയോജക മണ്ഡലം കൺവെൻഷനിൽ ജോസ് കെ മാണി പരാമർശിച്ചത്. ഇത് പൊതുസമൂഹത്തിൽ നിന്നടക്കം വ്യാപക വിമർശനത്തിന് ഇടയായി. ലൗ ജിഹാദ് വിഷയത്തെക്കുറിച്ച് ജോസ് കെ മാണി നടത്തിയ പരാമർശത്തെ സിബിസിഐ പിന്തുണച്ചതിന്പിന്നാലെ പിണറായി വിജയനും കാനം രാജേന്ദ്രനും ജോസ് കെ മാണിയുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറഞ്ഞു. ഇടതു നേതാക്കളുടെ അപ്രീതി ഉണ്ടാകാതിരിക്കാൻ ഇതോടുകൂടി സഭയുടെ നിലപാടിനെ തള്ളിക്കളയുവാൻ ജോസ് കെ മാണി നിർബന്ധിതനായി. ഇതും അദ്ദേഹത്തിന് പ്രചരണ രംഗത്ത് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. ഏറ്റവും അവസാനമായി സിപിഎം കേരള കോൺഗ്രസ് കൗൺസിലർമാർ നഗരസഭ കൗൺസിൽ ഹാളിൽ പരസ്പരം ഏറ്റുമുട്ടിയത് മുന്നണിയിലെ അനൈക്യം വ്യക്തമാക്കുന്നതായിരുന്നു.

വിവാദ വ്യാപാരബന്ധങ്ങൾ ജോസ് കെ മാണിക്ക് തിരിച്ചടി ആകുമ്പോൾ:

സിന്തറ്റിക് റബ്ബർ ഇറക്കുമതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു എന്ന ആരോപണം നേരിടുന്ന റോയൽ മാർക്കറ്റിംഗ് കമ്പനിയിൽ 70 ലക്ഷത്തിലധികം നിക്ഷേപമാണ് ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസിൻറെ പേരിലുള്ളത്. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയ സത്യവാങ്മൂലം ജനങ്ങൾക്കിടയിൽ പ്രചരിക്കുന്നുണ്ട്.  റബർകർഷകരുടെ നാട്ടിൽ റബർ കർഷകൻറെ നടുവൊടിക്കുന്ന സിന്തറ്റിക് റബർ ഇറക്കുമതിയുമായി ജോസ് കെ മാണിക്ക് നേരിട്ട് വ്യാപാരബന്ധം ഉള്ളത് തിരഞ്ഞെടുപ്പ് രംഗത്ത് അദ്ദേഹത്തിന് വലിയ തിരിച്ചടിയാകാൻ സാധ്യതയുണ്ട്.

കണക്കുകൾ ഇങ്ങനെ:

പാലായിൽ 55,000 ഉറച്ച യുഡിഎഫ് വോട്ടുകൾ ആണ് ഉള്ളത്. ഇതിൽ 15,000 വോട്ടുകൾ കേരള കോൺഗ്രസിൻറെ പാർട്ടി വോട്ടുകളാണ്. കോൺഗ്രസിൻറെ പാർട്ടി വോട്ടുകൾ പതിനായിരത്തോളം. ബാക്കിയുള്ള മുപ്പതിനായിരം വോട്ടുകളും യുഡിഎഫ് അനുഭാവ വോട്ടുകളാണ്. ഇവയ്ക്ക് ഇളക്കം വരുത്തുവാൻ ജോസ് കെ മാണിയുടെ സാന്നിധ്യം ഇടതുമുന്നണിയെ സഹായിക്കുന്നില്ല എന്നതാണ് തിരഞ്ഞെടുപ്പ് പ്രചാരണ രംഗം വ്യക്തമാക്കുന്നത്.

കേരള കോൺഗ്രസിൻറെ 15000 വോട്ടുകളിൽ പകുതിയിലധികം വോട്ടുകളും ചഞ്ചലമായി നിൽക്കുകയാണ്. വിശ്വാസ വിഷയങ്ങളിലുള്ള ഇടതു നിലപാടും, കെഎം മാണിയെ വേട്ടയാടിയ ഇടതുപക്ഷ ബന്ധവും ഈ വോട്ടുകളെ ജോസിൽ നിന്ന് അകറ്റും എന്നുതന്നെയാണ് യുഡിഎഫ് പ്രതീക്ഷ. അതുമുഴുവൻ ലഭിച്ചാൽ പോലും, ഇടതുപക്ഷത്തിന് ആകെക്കൂടി ഉള്ളത് 22,000 വോട്ടുകൾ മാത്രമാണ്.

ബിജെപി വോട്ടുകൾ 10000 മുതൽ 15000 വരെ:

നിലവിലെ സാഹചര്യത്തിൽ പാലാ നിയോജക മണ്ഡലത്തിൽനിന്ന് ബിജെപിക്ക്പരമാവധി സമാഹരിക്കാൻ ആകുക 15,000 വോട്ടുകളാണ്. ഇത് പരമാവധി സംഖ്യയാണ്. അതുകൊണ്ടുതന്നെ ബിജെപിക്ക് തെരഞ്ഞെടുപ്പിൽ കാര്യമായ ചലനം ഉണ്ടാകും എന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നില്ല. എന്തായാലും താമര ചിഹ്നത്തിൽ സ്ഥാനാർഥി മത്സരിക്കുമ്പോൾ വോട്ട് കച്ചവടത്തിനുള്ള സാധ്യതകളും അടയുകയാണ് എന്നുതന്നെയാണ് പൊതുവിൽ നിരീക്ഷണം.

പ്രത്യേക രാഷ്ട്രീയ അനുഭാവം ഒന്നുമില്ലാത്ത നാൽപതിനായിരത്തോളം വോട്ടുകളാണ് പാലാ മണ്ഡലത്തിൽ  നിർണായകമാവുക. പൊതുവിൽ ട്രെൻഡ് അനുസരിച്ച് വോട്ടു ചെയ്യുന്നവരാണ് ഇക്കൂട്ടർ. ഇവർക്കിടയിൽ വലിയ രീതിയിൽ കാപ്പൻ അനുകൂല തരംഗം നിലനിൽക്കുന്നു. അതുകൊണ്ടുതന്നെ കണക്കുകളെല്ലാം ഇക്കുറി കാപ്പന് അനുകൂലമാണ്. കെട്ടുറപ്പോടെ പഴുതടച്ചുള്ള യുഡിഎഫ് പ്രവർത്തനം കൂടി ആകുമ്പോൾ ഇരുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് മാണി സി കാപ്പന് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2