മാണി സി കാപ്പനും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ഔദ്യോഗികമായി യുഡിഎഫ് പക്ഷത്ത് അണിനിരന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്ര പാലായിൽ എത്തിയപ്പോഴാണ് കാപ്പനും അനുയായികളും പ്രകടനമായി സമ്മേളന വേദിയിലേക്ക് എത്തി യുഡിഎഫിനൊപ്പം ചേർന്നത്. പാലായെ ഇളക്കിമറിച്ച ജനസാഗരം ആയിരുന്നു ഇന്ന് മാണി സി കാപ്പൻ യുഡിഎഫിൽ എത്തുമ്പോൾ ഐശ്വര്യ കേരള യാത്രയുമായി ബന്ധപ്പെട്ട് പാലായിൽ ഉണ്ടായിരുന്നത്.
തുടർന്ന് പ്രസംഗിച്ച അദ്ദേഹം ജോസ് കെ മാണിയും, വി എൻ വാസവനും ചേർന്ന് താൻ ഇടതു മുന്നണിയോടൊപ്പം നിന്ന് പാലായ്ക്കു വേണ്ടി നേടിയെടുത്ത 420 കോടി രൂപയുടെ വികസനത്തിന് തുരങ്കം വെച്ചു എന്ന് ആരോപിച്ചു. ജോസ് കെ മാണിക്ക് പാലാ അസംബ്ലി ടിക്കറ്റ് ഉറപ്പുകൊടുത്തു ഇടതുമുന്നണിയിലേക്ക് കൊണ്ടുവന്നവർ തന്നോട് രാഷ്ട്രീയ വഞ്ചനയാണ് കാണിച്ചതെന്ന് ഇടതുപക്ഷത്തെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. പാലാ ജോസ് കെ മാണിയുടെ വത്തിക്കാനാണ് എന്ന് പറയുന്നവർക്ക് പോപ്പ് ആരാണെന്ന് മനസ്സിലായിട്ടില്ല എന്ന് അദ്ദേഹം പരിഹസിച്ചു.
താൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷവും ജോസ് കെ മാണി അനുയായികളും ചേർന്നു നടത്തിയ പ്രകടനത്തെ അദ്ദേഹം പരിഹസിച്ചു. യുഡിഎഫ് പിന്തുണയോടുകൂടി വിജയിച്ച തോമസ് ചാഴികാടൻ എംപിയും, റോഷി അഗസ്റ്റിൻ, എൻ ജയരാജ് എന്നീ എംഎൽഎമാരും മുന്നണി മാറി ആറുമാസം കഴിഞ്ഞിട്ടും രാജി വെച്ചിട്ടില്ല. അങ്ങനെ ഉള്ളവർക്ക് തൻറെ രാജി ആവശ്യപ്പെടാൻ എന്ത് യോഗ്യതയാണ് ഉള്ളത് എന്ന് ചോദിച്ച അദ്ദേഹം കെഎം മാണിയുടെ തട്ടകമായ പാലായിൽ എൽഡിഎഫ് തൻറെ കൂടി ചോരയും നീരും സമ്പാദ്യവും ഉപയോഗിച്ചാണ് എന്നും പറഞ്ഞു.
ജോസ് കെ മാണിയെ ജൂനിയർ മാൻഡ്രേക്ക് എന്ന് വിളിച്ച് മാണി സി കാപ്പൻ പരിഹസിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ജൂനിയർ മാൻഡ്രേക്ക് സിനിമ കാണണം. അതിലെ പ്രതിമ കണക്ക് ജോസ് കെ മാണിയെ സന്തോഷത്തോടെ സ്വീകരിച്ചാൽ ഇരിക്കും നേരം മുടിയും എന്നു പറഞ്ഞ അദ്ദേഹം ജോസ് കെ മാണി എത്തിയതോടെ കൂടി ഇടതുപക്ഷത്തിന് കഷ്ടകാലം ആരംഭിച്ചു എന്നും വ്യക്തമാക്കി.