പാലായിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് സൂചന നൽകി മാണി സി കാപ്പൻ. എൻസിപി പാലാ ഉൾപ്പെടെ കഴിഞ്ഞതവണ മത്സരിച്ച നാലു സീറ്റുകളിലും നിൽക്കുമെന്ന് മാണി സി കാപ്പൻ ആവർത്തിച്ചു. എന്നാൽ നേതാവായ ശരത്പവാർ പറഞ്ഞാൽ പാലായിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണ് എന്നും മാണി സി കാപ്പൻ മാധ്യമങ്ങളോട് സൂചിപ്പിച്ചു. ശരത്പവാർ ആണ് തൻറെ നേതാവ്, താൻ ദേശീയ നേതൃത്വം എടുക്കുന്ന നിലപാടിനൊപ്പം നിൽക്കുമെന്നും കാപ്പൻ വ്യക്തമാക്കി.

എൻസിപി കേരളഘടകം നേതാക്കൾ രണ്ട് ദിവസങ്ങളായി മുംബൈ കേന്ദ്രീകരിച്ച് ശരത് പവാർ ഉൾപ്പെടെയുള്ള നേതാക്കളുമായുള്ള ചർച്ച കഴിഞ്ഞ് ഇന്നലെയാണ് മടങ്ങിയെത്തിയത്. പാലാ സീറ്റിൽ വിട്ടുവീഴ്ച ഉണ്ടാവില്ല എന്ന് ശരദ്പവാർ മാണി സി കാപ്പന് ഉറപ്പു കൊടുത്തിട്ടുണ്ടെന്ന് വാർത്തകളുണ്ടായിരുന്നു. തുടർ ചർച്ചകൾക്കായി പ്രഫുൽ പട്ടേൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ കേരളത്തിലെത്തും.

പകരം രാജ്യസഭയിൽ ഫുൾ ടേമോ?

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മുതിർന്ന എൽഡിഎഫ് നേതാക്കളുമായി നേരിട്ട് ചർച്ച നടത്തുവാൻ എൻസിപി ദേശീയ ജനറൽസെക്രട്ടറി പ്രഫുൽ പട്ടേൽ ദിവസങ്ങൾക്കുള്ളിൽ കേരളത്തിലെത്തും. ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയ സാധ്യതകൾ വ്യക്തമാകും എന്നാണ് ഇപ്പോൾ വിലയിരുത്തേണ്ടത്. പാലാ സീറ്റിൽ വിട്ടുവീഴ്ചക്ക് തയ്യാറായാൽ രാജ്യസഭയിലേക്ക് ഒരു ഫുൾ ടേം എൻസിപിക്ക് സിപിഎം വാഗ്ദാനം ചെയ്തു എന്നാണ് പുറത്തുവരുന്ന വാർത്തകൾ. പാലാ ഉൾപ്പെടെയുള്ള സീറ്റുകളിൽ വിട്ടുവീഴ്ച ഇല്ല എന്നാണ് എൻസിപി ദേശീയ നേതൃത്വം ഇപ്പോഴും പറയുന്നത്. എന്നാൽ സിപിഎം നേതൃത്വത്തിന് മൗനാനുവാദത്തോടെ പാലാ നിയോജക മണ്ഡലത്തിൽ ജോസ് കെ മാണി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. രൂക്ഷമായ പ്രതികരണങ്ങൾ മാണി സി കാപ്പൻറെ ഭാഗത്തുനിന്ന് ഉണ്ടാകാത്തത് മഞ്ഞുരുകുന്നതിൻറെ സൂചനയാണെന്ന് തന്നെയാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2