പാലാ: പൂവരണി സഹകരണ ബാങ്കി​ന്‍റ ഭവനപദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതിന് തൊട്ടുമുമ്ബേ മാണി സി.കാപ്പന്‍ വേദി വിട്ടു. പൂവരണി ബാങ്ക് സൗജന്യമായി നിര്‍മിച്ചുനല്‍കുന്ന 10 വീടുകളുടെ താക്കോല്‍ദാന ചടങ്ങിലാണ് സംഭവം.ശനിയാഴ്​ച രാവിലെ പൂവരണി പള്ളി ഹാളിലായിരുന്നു മാണി സി.കാപ്പനും ജോസ് കെ.മാണിയും പരസ്പരം കണ്ടുമുട്ടിയത്‌.

പദ്ധതി ഉദ്ഘാടന ചടങ്ങില്‍ സ്വാഗതപ്രസംഗത്തിന് ശേഷം രണ്ട്​ മിനിറ്റില്‍ അധ്യക്ഷ പ്രസംഗം പൂര്‍ത്തിയാക്കി കാപ്പന്‍ വേദി വിടുകയായിരുന്നു. സമ്മേളനത്തില്‍ വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കുന്ന ജോസ് കെ.മാണിയും മാണി സി. കാപ്പനും തൊട്ടടുത്ത ഇരിപ്പിടങ്ങളിലാണ് ഇരുന്നത്.ഇരുവരും ഒരിക്കല്‍പോലും സംസാരിച്ചില്ല എന്നതും ശ്രദ്ധേയമായി. വേദിയില്‍ പ്രസംഗം പൂര്‍ത്തിയാക്കി കാപ്പന്‍ പെട്ടെന്ന് പോകാന്‍ തയാറെടുക്കും മുമ്ബ് ആംഗ്യത്തിലൂടെ പോവുകയാണെന്ന് ജോസ് കെ.മാണിയെ കാണിച്ചു.

അദ്ദേഹവും തിരികെ കൈ ഉയര്‍ത്തിയതോടെ കാപ്പന്‍ പോവുകയായിരുന്നു. എന്നാല്‍, സമ്മേളത്തിന് മുമ്ബ് ഇരുവരും സംസാരിച്ചതായി പറയുന്നു. ഐശ്വര്യ യാത്രയുടെ ഭാഗമായി വലിയ ജനക്കൂട്ടത്തോടെ മാണി സി.കാപ്പന്‍ യു.ഡി.എഫിനൊപ്പം ചേര്‍ന്നതും മറുപടിയായി എല്‍.ഡി.എഫ് വികസന സന്ദേശ യാത്രയില്‍ മെഗാ ബൈക്ക് റാലിയുമായി ‌ജോസ് കെ.മാണി തിരിച്ചടിച്ചതും പാലായില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ ശക്തമായ മത്സരത്തിന് കളമൊരുക്കിയിരിക്കുകയാണ്.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2