ന്യൂഡല്‍ഹി: നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിയ്ക്ക് കത്തയച്ച മുന്‍ കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദക്കെതിരായ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ്​ കപില്‍ സിബല്‍. ഉത്തര്‍പ്രദേശിലെ നേതാക്കള്‍ ജിതിന്‍ പ്രസാദയെ ലക്ഷ്യംവെക്കുന്നത്​ നിര്‍ഭാഗ്യകരമാണ്​. പാര്‍ട്ടിക്കെതിരെ പോരാടി ഊര്‍ജ്ജം പാഴാക്കാതെ അത്​ ബി.ജെ.പിയെ നേരിടാന്‍ ഉപയോഗിക്കൂയെന്നും കപില്‍ സിബല്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.

നേതൃമാറ്റം ആവശ്യപ്പെട്ട്​ സോണിയാഗാന്ധിക്ക്​ നല്‍കിയ കത്തില്‍ പ്രവര്‍ത്തകസമിതി ക്ഷണിതാവായ ജിതിന്‍ പ്രസാദയും ഒപ്പിട്ടിരുന്നു. കത്തെഴുതിയ എല്ലാ നേതാക്കള്‍ക്കുമെതിരെ നടപടി വേണമെന്നും ജിതിന്‍ പ്രസാദയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കിയത്.ഇതിനെതിരെയാണ്​ സിബലിന്റെ വിമര്‍ശനം.

”യു.പി ​കോണ്‍ഗ്രസ്​ ഔദ്യോഗികമായി തന്നെ ജിതിന്‍ പ്രസാദയെ ലക്ഷ്യമിടുന്നുവെന്നത്​ നിര്‍ഭാഗ്യകരമാണ്. സ്വന്തം ആളുകള്‍ക്ക്​ നേരെ പോരാടി ഊര്‍ജ്ജം നഷ്​ടപ്പെടുത്താതെ അത്​ ബി.ജെ.പിക്കെതിരെയുള്ള സര്‍ജിക്കല്‍ ആക്രമണത്തിന്​ ഉപയോഗിക്കൂ”- കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.

കത്തില്‍ ഒപ്പിട്ട യു.പിയില്‍ നിന്നുള്ള ഏകനേതാവാണ്​ ജിതിന്‍ പ്രസാദ. ജിതിന്‍ പ്രസാദയും കുടുംബവും ഗാന്ധി കുടുംബത്തിനെതിരെ പ്രവര്‍ത്തിക്കുന്നു എന്ന ആരോപണമാണ്​ യു.പി കോണ്‍ഗ്രസ്​ ഉയര്‍ത്തുന്നത്​. ജിതിന്‍ പ്രസാദയുടെ പിതാവ്​ ജിതേന്ദ്ര പ്രസാദ പാര്‍ട്ടി പ്രസിഡന്‍റ്​ സ്ഥാനത്തേക്ക്​ സോണിയ ഗാന്ധിക്കെതിരെ മത്സരിച്ചതും ഇവര്‍ ചുണ്ടിക്കാട്ടുന്നു. 2009ല്‍ ലഖിംപുര്‍ ഖേരി ജില്ലയിലുള്ള ധൗറ മണ്ഡലത്തില്‍ നിന്ന് ജിതിന്‍ പ്രസാദ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2