കണ്ണൂര്‍: വരുന്നനിയമസഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയമാകില്ലെന്ന് സി.പി. ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി- കോണ്‍ഗ്രസ് ബന്ധത്തിന് തന്റെ കൈയില്‍ തെളിവില്ലെന്നും, അതു കൊണ്ട് ആരോപണം ഉന്നയിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മതരാഷ്ട്ര വാദം ഉന്നയിക്കുന്ന സുരേന്ദ്രനും മുസ്ലിം മത വര്‍ഗീയവാദം ഉയര്‍ത്തുന്നവരും ഒരേ തോണിയിലാണ് സഞ്ചരിക്കുന്നത്. ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും ഒരു പോലെ എതിര്‍ക്കുക എന്നതാണ് എല്‍ ഡി എഫ് നിലപാടെന്നും കാനം പറഞ്ഞു.

സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ആളുകള്‍ക്ക് ബോധ്യമല്ലാത്ത തീരുമാനമുണ്ടാകുമ്ബോള്‍ സ്വാഭാവികമായി അവരില്‍ നിന്നും പ്രതികരണമുണ്ടാകും. അതാണ് ചിലസ്ഥലങ്ങളില്‍ കാണുന്നത്. തീരുമാനത്തിന്റെ നിജസ്ഥിതി പാര്‍ട്ടികള്‍ക്ക് അവരെ ബോധ്യപ്പെടുത്താന്‍ കഴിയണം. ഇത്തരം പ്രതിഷേധങ്ങള്‍ താല്‍ക്കാലികമായി നിലനില്‍ക്കുന്നതാണ്. ഒരു സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമ്ബോള്‍ വിമര്‍ശനം ഉന്നയിക്കുന്നയാളുകള്‍ കണ്ടതായിരിക്കില്ല നേതൃത്വം കാണുക. എന്തുകൊണ്ടാണ് അങ്ങനെയൊരു തീരുമാനം എന്നത് അവരെ ബോധ്യപ്പെടുത്തണം. അതു ചെയ്യേണ്ടത് പാര്‍ട്ടികളുടെ ചുമതലയാണ്.

ആഗോളീകരണത്ത് ആളുകളെ നയിക്കുന്നത് ലാഭചിന്തയാണ് എന്താണ് തനിക്ക് ലാഭമെന്നാണ് ഓരോരുത്തരും നോക്കുന്നത്. രാഷ്ട്രീയത്തിലായാലും അത്തരം ചിന്തകള്‍ കടന്നുവരാം. മുന്‍കാല നടപടികളും ആശയങ്ങളും പെട്ടെന്ന് മറന്ന് കൂട് വിട്ട് കൂടുമാറുന്നതു പോലെ രാഷ്ട്രീയത്തിലും മാറ്റം വന്നിരിക്കുന്നു. ഇടതു പാര്‍ട്ടികളില്‍ അതു താരതമ്യേനെ കുറവാണെന്നു മാത്രമാണെന്ന് കാനം ചൂണ്ടികാട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2