യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് ആര് എത്തും എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കവെ കെവി തോമസ് ഡല്‍ഹിയില്‍ ഇടത് നേതാക്കളുമായി കൂടികാഴ്ച്ചക്കൊരുങ്ങുന്നു. കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമാി കൂടികാഴ്ച്ച നടത്തിയ കെവി തോമസ് ശനിയാഴ്ച്ച നാട്ടിലേക്ക് മടങ്ങും. ഇതിനിടെ സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ തുടങ്ങിയ നേതാക്കളെ കണ്ടേക്കും.

കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കിയ സാഹചര്യത്തില്‍ യുഡിഎഫ് കണ്‍വീനര്‍ ആക്കണമെന്ന ആവശ്യം കെവി തോമസ് താരിഖ് അന്‍വറിന് മുന്നില്‍ അവതരിപ്പിച്ചുവെന്നാണ് സൂചന. എന്നാല്‍ ഇതിനകം തന്നെ കെ മുരളീധരന്‍ എംപി യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് എത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചതായി താരിഖ് അന്‍വര്‍ കെവി തോമസിനെ അറിയിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കെ മുരളീധരനേയും കെവി തോമസിനേയും കൂടാതെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേരാണ് കണ്‍വീനര്‍ സ്ഥാനത്തേക്ക് ഉയരുന്നത്. എന്നാല്‍ മുരളീധരന് സാധ്യതയേറുകയാണ്. നേരത്തെ വിഡി സതീശന്‍ പ്രതിപക്ഷ നേതാവായിരിക്കെ കെ മുരളീധരന്‍ യുഡിഎഫ് കണ്‍വീനറാവാന്‍ വിമൂകത പ്രകടിപ്പിച്ചുവെന്നാണ് വിവരം. എന്നാല്‍ പുതിയ സാഹചര്യത്തില്‍ മുരളി കണ്‍വീനര്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഹൈക്കമാന്റിനെ അറിയിച്ചു.

തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് മുരളീധരന്‍ പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച് അദ്ദേഹം ഇന്നലത്തെ കെപിസിസി അധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങിലും സൂചന നല്‍കിയിരുന്നു. കെപിസിസി അധ്യക്ഷ സ്ഥാനമൊഴിഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രനെ വടകര നിയോജക മണ്ഡലത്തിലേക്ക് തിരിച്ച് സ്വാഗതം ചെയ്ത് കൊണ്ടാണ് മുരളീധരന്‍ ഇനി മത്സരിക്കാനില്ലായെന്ന പരോക്ഷ സൂചന നല്‍കിയത്.