ന്യൂഡല്‍ഹി: ഐഎന്‍എല്ലിലെ പിളര്‍പ്പില്‍ സിപിഎമ്മിനുണ്ടായ അതൃപ്തി മുതലെടുക്കാന്‍ കെടി ജലീല്‍. ഐ എന്‍ എല്ലിലെ പിളര്‍പ്പില്‍ സിപിഎം അതൃപ്തരാണ്. ഈ സാഹചര്യത്തില്‍ ഐ എന്‍ എല്‍ പ്രതിനിധി അഹമ്മദ് ദേവര്‍കോവിലിനെ മാറ്റാനാണ് സിപിഎമ്മില്‍ ആലോചന. ഈ സാഹചര്യത്തില്‍ ബന്ധു നിയമന വിവാദത്തിലെ ലോകായുക്ത റിപ്പോര്‍ട്ടിന് എതിരെ സുപ്രീംകോടതിയില്‍ എത്തുകയാണ് ജലീല്‍.

ലോകായുകത സ്വാഭാവിക നീതി നിഷേധിച്ചുവെന്ന് ആരോപിച്ചാണ് ജലീല്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ലോകായുക്ത റിപ്പോര്‍ട്ടും ഹൈക്കോടതി വിധിയും അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ജലീല്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഈ ആവശ്യം അംഗീകരിച്ചാല്‍ ജലീലിന് വീണ്ടും മന്ത്രിയാകാന്‍ കഴിയും. നേരത്തെ സുപ്രീംകോടതിയില്‍ നിന്നും തിരിച്ചടിയുണ്ടാകുമെന്ന് ഭയന്ന് സുപ്രീംകോടതിയെ സമീപിക്കാന്‍ ജലീല്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ബന്ധുവായ കെ.ടി. അദീബിന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷനില്‍ നിയമനം നല്‍കിയതില്‍ ജലീല്‍ സ്വജനപക്ഷപാതം കാണിച്ചു എന്നായിരുന്നു ലോകായുക്ത റിപ്പോര്‍ട്ട്. എന്നാല്‍ സ്വജന പക്ഷപാതം നടന്നിട്ടില്ല എന്ന് ജലീല്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താതെയാണ് ലോകായുക്ത റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തന്റെ ഭാഗം ലോകായുക്ത കേട്ടിട്ടില്ല.

പരാതിക്കാര്‍ വാക്കാല്‍ നടത്തിയ വാദത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ലോകായുക്ത റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്നും ജലീല്‍ ആരോപിച്ചിട്ടുണ്ട്. ഈ വാദങ്ങള്‍ സുപ്രീംകോടതി തള്ളിയാല്‍ അത് ജലീലിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയാകും. ഇതിനൊപ്പം കള്ളനാണെന്ന പ്രതിച്ഛായയും വരും. മറ്റ് നിയമ നടപടികളിലേക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ കടക്കും. ഇതെല്ലാം ജലീലിന് അറിയാം. അപ്പോഴും മന്ത്രിയാകാനുള്ള സാധ്യത തിരിച്ചറിഞ്ഞ് നിയമ പോരാട്ടം നടത്തുകയാണ് ജലീല്‍.

സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലും മറ്റും ലീഗ് ശക്തമായ സമരത്തിലാണ്. ഇത് സിപിഎമ്മിന് രാഷ്ട്രീയ തിരിച്ചടിയാകുമോ എന്ന ആശങ്കയുണ്ട്. ജലീലായിരുന്നു അവരെ സിപിഎമ്മായി അടുപ്പിച്ച്‌ നിര്‍ത്തിയത്. അതു കൊണ്ട് തന്നെ ജലീലിനെ വീണ്ടും മന്ത്രിയാക്കുന്നത് നല്ലതാണെന്ന ചിന്ത മുഖ്യമന്ത്രിക്കുമുണ്ട്. അധികം വൈകാതെ സിപിഎം സംസ്ഥാന സമ്മേളനം നടക്കും. അതിന് ശേഷം മന്ത്രിസഭാ പുനഃസംഘടനയ്ക്കുള്ള സാധ്യതയുമുണ്ട്. പല മന്ത്രിമാരും ആരോപണത്തിലാണ്. ഇതെല്ലാം അനുകൂലമാകുമെന്ന പ്രതീക്ഷ ജലീലിനുണ്ട്.

ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാണ് സുപ്രീംകോടതിയിലെ ഹര്‍ജിയിലെ ആവശ്യം. ലോകായുക്തയുടെ നടപടി സ്വാഭാവിക നീതി നിഷേധിക്കുന്നതാണ്. കേസ് വേഗത്തില്‍ പരിഗണിക്കണമെന്നും ഹര്‍ജിയില്‍ ജലീല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബന്ധുനിയമനവിവാദത്തില്‍ വഴിവിട്ട് നീക്കങ്ങള്‍ നടത്തിയ ജലീല്‍ രാജി വയ്ക്കണമെന്ന് പരാമര്‍ശമുള്ള ലോകായുക്തയുടെ ഉത്തരവില്‍ തെറ്റില്ലെന്നാണ് ഹൈക്കോടതി വിധിച്ചത്. ലോകായുക്ത എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെയാണ് അപ്പീല്‍. മുഖ്യമന്ത്രിയുടെ അടക്കം സമ്മതത്തോടെയാണ് ഈ നിയമ നടപടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക