തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെയും വാക്പോരിൽ പ്രതികരിച്ച് ബിജെപി. ആയിരം കോടിയിലധികം വരുന്ന മരംകൊള്ള മറയ്ക്കാനുള്ള ഒന്നാംതരം കൗശലമാണിതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ശനിയാഴ്ച സുധാകരന്റെ വിശദമായ മറുപടി. അടുത്ത ഒരാഴ്ചക്കാലമെങ്കിലും നമ്മുടെ മാധ്യമങ്ങൾ ഇതിനുപിന്നാലെ ഓടുമെന്നുറപ്പ്.

മുഖ്യന്റെ വാർത്താസമ്മേളനം കഴിഞ്ഞ് എട്ടുമണിക്ക് ചാനലുകൾ നാലതിഥികളെവച്ച് ചർച്ച. അപ്രതീക്ഷിത ചോദ്യത്തിന്‌ നാലുപേജ് എഴുതിക്കൊണ്ടുവന്ന മറുപടി. മലയാളികളെ ഇങ്ങനെ മണ്ടന്മാരാക്കാൻ ഈ കൂട്ടുകെട്ടിനല്ലാതെ ആർക്കു കഴിയും? കാരക്കൂട്ടിൽ ദാസനും കീലേരി അച്ചുവും തകർക്കട്ടെ. നമുക്ക് മരംകൊള്ള മറക്കാം, ഇതിനുപിന്നാലെ ഓടാം– സുരേന്ദ്രൻ സമൂഹമാധ്യമത്തിൽ കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മുഖ്യമന്ത്രിയുടെയും കെപിസിസി പ്രസിഡന്റിന്റെയും ചട്ടമ്പിത്തരം വിളമ്പി വർത്തമാന രാഷ്ട്രീയം മലീമസമാക്കരുതെന്ന് ബിജെപി ദേശീയ നിർവാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ് പറ‍ഞ്ഞു. നിന്നെക്കാൾ വലിയ ചട്ടമ്പി താനാണെന്ന മട്ടിലാണ് മുഖ്യമന്ത്രി വീമ്പ് പറയുന്നത്. കോവിഡ് പ്രതിരോധം പോലെ വലിയ ഉത്തരവാദിത്തം ഒരു ഭാഗത്ത്. വനംകൊള്ള പോലെ ഗുരുതരമായ അഴിമതി ആരോപണം മറുഭാഗത്ത്. ഇതിനിടയിൽ ചട്ടമ്പിത്തരം പറഞ്ഞ് പുകമറ സൃഷ്ടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

കണ്ണൂർക്കളരിയിൽ ഇരുവരും ഗുണ്ടകളായിരുന്നു. ആരായിരുന്നു ഏറ്റവും വലിയ ഗുണ്ടയെന്ന കാര്യത്തിലായിരിക്കണം തർക്കം. അത്തരം തർക്കങ്ങൾ സ്വകാര്യമായി തീർത്ത് ഉത്തരവാദിത്തങ്ങളിൽ ശ്രദ്ധിക്കാൻ മുഖ്യമന്ത്രി തയാറാകണം. കെപിസിസി അധ്യക്ഷനിൽനിന്ന് ഇത്ര പ്രതീക്ഷിച്ചാൽ മതി. പക്ഷെ മുഖ്യമന്ത്രി പഴയ പാർട്ടി സെക്രട്ടറി അല്ലെന്ന് ഓർത്താൽ നല്ലതെന്നും കൃഷ്ണദാസ് സമൂഹമാധ്യമത്തിൽ കുറിച്ചു.