ന്യൂഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ കേന്ദ്രനേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചു. കേരളത്തിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നീക്കം. ബുധനാഴ്ച, ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ഉൾപ്പെടെയുള്ളവരുമായി സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തും. കൊടകര കുഴൽപണക്കേസ്, തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ, പാർട്ടിയിലെ ഗ്രൂപ്പ് പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകും. ഒരുപക്ഷേ ഡൽഹിയിൽനിന്ന് നേത്രു മാറ്റത്തിനുള്ള നിർദ്ദേശങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

തിരഞ്ഞെടുപ്പു തോൽവി സംബന്ധിച്ച സംസ്ഥാന നേതൃത്വത്തിന്റെ പ്രാഥമിക റിപ്പോർട്ട് സുരേന്ദ്രൻ സമർപ്പിക്കും. അതേസമയം, മഞ്ചേശ്വരത്ത് മത്സരത്തില്‍നിന്നു പിന്മാറാന്‍ കെ.സുരേന്ദ്രന്‍ എതിർ സ്ഥാനാര്‍ഥി കെ.സുന്ദരയ്ക്ക് കോഴ നൽകിയെന്ന കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ്പിയുടെ നേതൃത്വത്തിലാകും അന്വേഷണം. കേസില്‍ കെ.സുരേന്ദ്രനു പുറമെ കൂടുതൽ പേരെ പ്രതിച്ചേർക്കാനും അന്വേഷണസംഘം നീക്കം തുടങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ബിജെപിയുടെ പ്രാദേശിക നേതാക്കളായ സുരേഷ് നായിക്, അശോക് ഷെട്ടി എന്നിവരെ സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതി ചേർക്കാനാണ് തീരുമാനം. കഴിഞ്ഞദിവസം സുന്ദര പൊലീസിന് കൊടുത്ത മൊഴിയിൽ ബിജെപി പ്രവർത്തകർ തന്നെ തട്ടിക്കൊണ്ടു പോയെന്നും തടങ്കലിൽ പാർപ്പിച്ചെന്നും പറഞ്ഞിട്ടുണ്ട്. അതിനാൽ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ കൂട്ടിച്ചേർത്തേക്കാം.

മൊഴി മാറ്റാന്‍ കെ.സുന്ദരയ്ക്ക് സിപിഎമ്മും മുസ്‌ലിം ലീഗും പണം നല്‍കിയെന്ന് പി.കെ.കൃഷ്ണദാസ് ആരോപിച്ചു. ബിജെപിക്കെതിരെ സുന്ദരയെ കരുവാക്കുകയാണെന്ന് ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് കെ.ശ്രീകാന്തും പറഞ്ഞു. പാര്‍ട്ടി ഒറ്റക്കെട്ടായി ആരോപണങ്ങളെ നേരിടണമെന്ന കേന്ദ്രനിര്‍ദേശത്തിന്‍റെ ഭാഗമായാണ് വിരുദ്ധചേരിയിലുള്ള നേതാക്കളുടെ അടക്കം പ്രതിരോധം.