തിരുവനന്തപുരം: ലക്ഷദ്വീപ് സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കെ.പി.സി.സി നിയുക്ത അധ്യക്ഷന്‍ കെ. സുധാകരന്‍. ലക്ഷദ്വീപ് ജനതയുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന ബയോവെപ്പണ് തന്നെയാണ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

അങ്ങേയറ്റം സമാധാനപൂര്‍ണ്ണമായ ജീവിതം നയിച്ചിരുന്ന ഒരു വിഭാഗത്തെ പിറന്ന മണ്ണില്‍ അപരവല്‍ക്കരിച്ച് ജനങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയുണ്ടാക്കി ആര്‍.എസ്.എസ് അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്നും സുധാകരന്‍ പറഞ്ഞു. ഐഷ സുല്‍ത്താന ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ ഒരു പരാമര്‍ശത്തിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം ചാര്‍ത്തി കേസെടുത്ത നടപടി എതിര്‍ സ്വരമുയര്‍ത്തുന്നവരെ ഉന്മൂലനം ചെയ്യുക എന്ന ഫാസിസ്റ്റ് നയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സ്വന്തം ജനതക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ ഐഷ സുല്‍ത്താനക്കും പൊരുതുന്ന ലക്ഷദ്വീപ് ജനതക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും ലക്ഷദ്വീപില്‍ നടത്തുന്ന ഇത്തരം നടപടികള്‍ക്കെതിരായ പോരാട്ടം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുന്നില്‍ നിന്ന് നയിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

ലക്ഷദ്വീപ് ബി.ജെ.പി. പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് ഐഷ സുല്‍ത്താനക്കെതിരെ കവരത്തി പൊലീസ് കേസെടുത്തത്. മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയില്‍ ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിനെ ജൈവായുധം (ബയോവെപ്പണ്‍) എന്ന് വിശേഷിപ്പിച്ച സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്.

ചൈന മറ്റ് രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍പട്ടേലെന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് എന്നായിരുന്നു ഐഷയുടെ പരാമര്‍ശം. ദ്വീപ് അഡ്മിനിസ്‌ട്രേറ്ററായ പ്രഫുല്‍ പട്ടേലിനെതിരെ വിമര്‍ശനവുമായി ഐഷ സുല്‍ത്താന ചാനല്‍ ചര്‍ച്ചകളില്‍ എത്തിയത് ബി.ജെ.പിക്ക് വലിയ ക്ഷീണം ഉണ്ടാക്കിയിരുന്നു. കേരളവും ലക്ഷദ്വീപും തമ്മിലുള്ള ബന്ധം എങ്ങനെയെങ്കിലും ഇല്ലാതാക്കാനാണ് ദ്വീപ് അഡ്മിനിസ്ട്രേറ്ററായ പ്രഫുല്‍ പട്ടേല്‍ ശ്രമിക്കുന്നതെന്ന്‌ ഐഷ സുല്‍ത്താന നേരത്തെ ആരോപിച്ചിരുന്നു.

ദ്വീപിന്റെ വികസനത്തിന് തങ്ങള്‍ എതിരല്ലെന്നും ഉത്തരേന്ത്യന്‍ സംസ്‌കാരം ദ്വീപ് നിവാസികളില്‍ അടിച്ചേല്‍പ്പിക്കാനാണ് അഡ്മിനിസ്ട്രേറ്ററിന്റെയും സംഘത്തിന്റെയും ശ്രമമെന്നും ഐഷ പറഞ്ഞിരുന്നു.