കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പിണറായി വിജയന്റെ തനിരൂപമാണ് ഇന്നലെ കണ്ടതെന്ന് സുധാകരന്‍ ആരോപിച്ചു. പി ആര്‍ ഏജന്‍സികള്‍ എഴുതി കൊടുക്കുന്നതിന് അപ്പുറത്തേക്കുള്ള പിണറായിയെ കണ്ടു. മുഖ്യമന്ത്രിയുടേത് പൊളിറ്റിക്കല്‍ ക്രിമിനലിന്റെ ഭാഷയാണ്. ആ നിലവാരത്തിലേക്ക് താഴാന്‍ താനില്ലെന്ന് സുധാകരന്‍ പറഞ്ഞു.

കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന മുഖ്യമന്ത്രിയുടെ ആരോപണം കളവാണെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ട് പൊലീസില്‍ പരാതി കൊടുക്കാത്തത് എന്തേയെന്നും സുധാകരന്‍ ചോദിച്ചു. ആരാണ് ഈ കളവ് പറഞ്ഞതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. തൻറെ മേൽ ഗുണ്ടാ പരിവേഷം ആരോപിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആണ് യഥാർത്ഥ ഗുണ്ട എന്ന് കെ സുധാകരൻ തിരിച്ചടിച്ചു. പിണറായി തോക്കും കൊണ്ടുനടക്കുന്ന ഗുണ്ടയാണ്, അദ്ദേഹത്തിൻറെ കൈയിൽനിന്ന് വെടിയുണ്ട പിടിച്ചെടുത്തത് ആരും മറന്നിട്ടില്ലല്ലോ എന്നും സുധാകരൻ ഓർമ്മപ്പെടുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മുഖ്യമന്ത്രി പിണറായി വിജയനെ ചവിട്ടി വീഴ്‌ത്തിയെന്ന് താന്‍ എവിടേയും പറഞ്ഞിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. വാരികയില്‍ ചതിയിലൂടെയാണ് അത് തെറ്റായി പ്രസദ്ധീകരിക്കപ്പെട്ടതെന്നും അതിന്റെ ഉത്തരവാദിത്തം തനിക്കല്ലെന്നും സുധാകരന്‍ പറഞ്ഞു. അഭിമുഖത്തില്‍ വന്ന എല്ലാ കാര്യങ്ങള്‍ ഞാന്‍ പറഞ്ഞതല്ല. അദ്ദേഹത്തെ ചവിട്ടിയെന്ന് ഞാന്‍ അഭിമുഖത്തിനിടെ പറഞ്ഞിട്ടില്ല. പ്രസിദ്ധീകരിക്കില്ലെന്ന് ലേഖകന്‍ പറഞ്ഞതുകൊണ്ടാണ് സ്വകാര്യമായി കുറച്ച്‌ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. സംഭവത്തിന്റെ വിശദീകരണം പേഴ്സണലായി നല്‍കിയിട്ടുണ്ട്. ചതിയുടെ ശൈലിയില്‍ ഇക്കാര്യങ്ങള്‍ അഭിമുഖത്തില്‍ ചേര്‍ത്തതിന്റെ കുറ്റം എനിക്കല്ല. അത് മാധ്യമപ്രവര്‍ത്തനത്തിന് അപമാനമാണ്. പിണറായി വിജയനെ ചവിട്ടി താന്‍ വലിയ അഭ്യാസിയാണെന്ന് കേരളയെ അറിയിക്കാനുള്ള താത്പര്യം എനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ തനിക്കെതിരെ ഉന്നയിച്ച ഗുരതരമായ ആരോപണങ്ങളും വിമര്‍ശനങ്ങളോടും മറുപടി പറയുകയായിരുന്നു കെ.സുധാകരന്‍. എറണാകുളം ഡിസിസി ഓഫീസിലാണ് സുധാകരന്‍ ഇന്ന് മാധ്യമങ്ങളെ കണ്ടത്. തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ടതായി തനിക്ക് അദ്ദേഹത്തിന്റെ വിശ്വസ്തനില്‍ നിന്ന് വിവരം ലഭിച്ചിരുന്നുവെന്നടക്കം മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ബ്രണ്ണന്‍ കോളേജിലെ പഠനകാലത്തെ കുറിച്ച്‌ തനിക്കെതിരെ സുധാരന്‍ ഒരു വാരികയില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രി വിമര്‍ശനങ്ങള്‍.