കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് കെ സുധാകരന്‍. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാമെന്നാണ് സുധാകരൻറെ നിലപാട്. പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും തന്നോട് ഇക്കാര്യം ശക്തമായി ആവശ്യപ്പെടുന്നുണ്ടെന്ന് പറഞ്ഞ സുധാകരന്‍ ഉമ്മന്‍ചാണ്ടിയുമായി ഈ വിഷയം സംസാരിച്ചതായും പറഞ്ഞു.

സംസ്ഥാനത്ത് ധ‌ര്‍മ്മടം ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്‌ കഴിഞ്ഞതാണ്. മുഖ്യമന്ത്രിയുടെ മണ്ഡലവും ഇടത് കോട്ടയുമായ ധര്‍മ്മടത്ത് ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ ദേശീയ സെക്രട്ടറി ജി ദേവരാജന്‍റെ പേരാണ് യുഡിഎഫ് പരിഗണിച്ചിരുന്നത് എന്നാല്‍ സീറ്റേറ്റെടുക്കാന്‍ ദേവരാജന്‍ തയ്യാറായില്ല. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് പിന്തുണ നല്‍കാന്‍ യുഡിഎഫ് ആലോചിക്കുന്നുണ്ട്.

എന്നാല്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ യുഡിഎഫ് പിന്തുണക്കുകയാണെങ്കില്‍ വിമതനായി മത്സരിക്കുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തിയിട്ടുണ്ട്. ധര്‍മ്മടത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ പരിഗണിച്ചിരുന്ന ഡിസിസി ജനറല്‍ സെക്രട്ടറി സി രഘുനാഥാണ് ഈ നിലപാട് പ്രഖ്യാപിച്ചത്. ഇതിനെല്ലാമിടെയാണ് മത്സരിക്കാന്‍ തയ്യാറാണെന്ന സുധാകരന്റെ പ്രസ്താവന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2