തിരുവനന്തപുരം: കെ.എസ്.എഫ്.ഇ ശാഖകളില്‍ വന്‍ ക്രമക്കേട്. മാനേജര്‍മാരടക്കമുള്ള ജീവനക്കാര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്ത് വിജിലന്‍സ്. റെയ്ഡ് നടന്ന് എട്ടു മാസത്തിന് ശേഷമാണ് സര്‍ക്കാരിന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നെങ്കിലും കേസെടുക്കേണ്ട എന്നാണ് തീരുമാനം.

ഓപ്പറേഷന്‍ ബചത് എന്ന പേരില്‍ സംസ്ഥാനത്തെ കെ.എസ്.എഫ്.ഇ ശാഖകളില്‍ കഴിഞ്ഞ നവംബര്‍ 27 ന് നടത്തിയ റെയ്ഡിന്‍റെ റിപ്പോര്‍ട്ടും നടപടി ശിപാര്‍ശയുമാണ് വിജിലന്‍സ് സര്‍ക്കാരിന് കൈമാറിയത്. 35 ശാഖകളിലായി നടന്ന റെയ്ഡില്‍ കള്ളപ്പണം വെളുപ്പിക്കല്‍, പൊള്ളച്ചിട്ടികള്‍, ബിനാമി ഇടപാടുകള്‍ തുടങ്ങി ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ക്രമക്കേട് കണ്ടെത്തിയ ബ്രാഞ്ചുകളിലെ മാനേജര്‍മാര്‍ക്കും ചില ജീവനക്കാര്‍ക്കുമെതിരെ നടപടി ശുപാര്‍ശ ചെയ്യുന്നതാണ് റിപ്പോര്‍ട്ട്. ക്രമക്കേടുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്ളതായാണ് സൂചന.

റെയ്ഡ് നടത്തിയ വിജിലന്‍സ് യൂണിറ്റുകളില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിക്കാത്തതാണ് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് കൈമാറുന്നത് എട്ടു മാസം വൈകിയതെന്നാണ് വിശദീകരണം. ധനവകുപ്പിന് കീഴിലുള്ള സ്ഥാപനത്തില്‍ നടന്ന റെയ്ഡ് അന്നത്തെ ധനമന്ത്രി തോമസ് ഐസക്കും, കെ.എസ്.എഫ്.ഇ ചെയര്‍മാനും തള്ളിപ്പറഞ്ഞിരുന്നു.
വിജിലന്‍സ് റെയ്ഡ് സര്‍ക്കാരിനെ തന്നെ പ്രതിരോധത്തിലാക്കിയതോടെ റെ‍യ്ഡ് സ്വാഭാവിക നടപടിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക