പത്തനംതിട്ട : കെ.പ്രതാപന്റെ ബിജെപി പ്രവേശനത്തില്‍ പ്രതികരണവുമായി സഹോദരന്‍ പന്തളം സുധാകരന്‍. കെ.സുരേന്ദ്രന്‍ നയിച്ച വിജയ യാത്രയുടെ സമാപന വേദിയില്‍ അമിത് ഷായെ സാക്ഷിയാക്കിയാണ് കെ.പ്രതാപന്‍ ബിജെപിയില്‍ ചേര്‍ന്നത്. ഇങ്ങനെയൊരു മാറ്റത്തിന്റെ വിദൂര സൂചനയെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ ആ നീക്കം ശക്തമായി തടയുമായിരുന്നുവെന്ന് പന്തളം സുധാകരന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

പന്തളം സുധാകരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

” അതീവ ഹൃദയവേദനയോടെയാണ് ഇതെഴുതുന്നത്. ഇന്നു വൈകുന്നേരം ചാനലില്‍ കണ്ട വാര്‍ത്ത എനിക്ക് കനത്ത ആഘാതമായി. എന്റെ സഹോദരന്‍ കെ.പ്രതാപന്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത..! ഇങ്ങനെയൊരു മാറ്റത്തിന്റെ വിദൂര സൂചനയെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ ആ നീക്കം ശക്തമായി തടയുമായിരുന്നു. എന്തായിരുന്നു ഈ മനംമാറ്റത്തിന് വഴിവെച്ച സാഹചര്യമെന്നെങ്കിലും പൊതു സമൂഹത്തോടു പറയാനുള്ള ബാധ്യത പ്രതാപനുണ്ട്.
സഹപ്രവര്‍ത്തകരായ, പരിചിതരും അപരിചിതരും അമര്‍ഷത്തോടെ, ഖേദത്തോടെ, സംശയത്തോടെ, വേദനയോടെ എന്നെ വിളിച്ചു കൊണ്ടിരിക്കുന്നു, മറുപടി പറഞ്ഞു തളരുന്നു. പക്ഷേ എന്റെ ശക്തി കോണ്‍ഗ്രസാണ്, ഈ കുടുംബം ഉപേക്ഷിച്ചു പോകുന്ന ഒരാളെ തടയാന്‍ മുന്‍ അറിവുകളില്ലാഞ്ഞതിനാല്‍ കഴിഞ്ഞില്ലെന്ന ചിന്ത അലട്ടുന്നുണ്ട്. ഒരാളുടെ രാഷ്ട്രീയ തീരുമാനത്തെ വിമര്‍ശിക്കാനല്ലാതെ തടസപ്പെടുത്താന്‍ രക്തബന്ധങ്ങള്‍ക്കും പരിമിതിയുണ്ടല്ലോ..?”.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2