ശശി തരൂരിനെതിരെ പരിഹാസവുമായി കെ മുരളീധരന്‍ എംപി. വിശ്വ പൌരനാണ് തരൂര്‍. തരൂരിനെ കുറിച്ച്‌ അഭിപ്രായം പറയാനില്ല. തിരുവനന്തപുരം വിമാന താവള വിഷയം അദ്ദേഹത്തോട് തന്നെ നേരിട്ട് ചോദിക്കണം. തങ്ങള്‍ സാധാരണ പൌരന്മാരാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചിരുന്നു. തരൂരിന്‍റെ നിലപാടില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ അതൃപ്തി രേഖപ്പെടുത്തി. താന്‍ മണ്ഡലത്തിലെ ജനങ്ങളുടെ താത്പര്യത്തിനൊപ്പമാണെന്നായിരുന്നു തരൂരിന്‍റെ പ്രതികരണം. പിന്നാലെയാണ് മുരളീധരന്‍റെ പരിഹാസം.

കോണ്‍ഗ്രസിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളില്‍ തരൂരുമുണ്ട്.ഈ നീക്കത്തിലും സംസ്ഥാന നേതൃത്വത്തിന് അമര്‍ഷമുണ്ട്. തരൂര്‍ പറയേണ്ട കാര്യങ്ങള്‍ പാര്‍ട്ടി വേദിയില്‍ പറയണമെന്ന് മുല്ലപ്പള്ളി മുന്നറിയിപ്പ് നല്‍കി. കോവിഡിന് ശേഷം തരൂരിനെ തിരുവനന്തപുരത്ത് കണ്ടിട്ടില്ല. തരൂര്‍ പലപ്പോഴും ഡല്‍ഹിയിലാണ്. ഉള്‍പാര്‍ട്ടി ജനാധിപത്യം അനുവദിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എപ്പോള്‍ കാണണമെന്ന് പറഞ്ഞാലും ശശി തരൂരിന് അതിന് അവസരം നല്‍കുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും സ്വീകരിക്കാറുള്ളതെന്നും മുല്ലപ്പളളി കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2