2021 ഏപ്രിൽ 9, കെഎം മാണി ഇഹലോകവാസം വെടിഞ്ഞ് രണ്ടു വർഷം പൂർത്തിയാകുന്നു. 1965 മുതൽ 2019 ൽ തൻറെ മരണം വരെ പാലായുടെ ജനപ്രതിനിധി ആയിരുന്നു കെഎംമാണി. 54 വർഷം നീണ്ട പാർലമെൻററി രാഷ്ട്രീയ ജീവിതത്തിൽ 25 വർഷത്തോളം അദ്ദേഹം മന്ത്രി പദവിയും അലങ്കരിച്ചിരുന്നു. മാണിയുടെ മരണത്തോടുകൂടി നടന്ന ഉപതെരഞ്ഞെടുപ്പ് ഉൾപ്പെടെ പാലാ നിയോജക മണ്ഡലം രൂപീകരണം മുതൽ അദ്ദേഹത്തിൻറെ സാന്നിധ്യമില്ലാത്ത രണ്ട് അസംബ്ലി തിരഞ്ഞെടുപ്പുകൾ പാലായിൽ പൂർത്തിയായി.

കെഎം മാണിയുടെ മരണം മൂലമുണ്ടായ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനും കേരള കോൺഗ്രസിനും കൈവിട്ടുപോയ മണ്ഡലമാണ് പാലാ. 2006 മുതൽ കെ എം മാണിക്കെതിരെ മത്സരിച്ച മാണി സി കാപ്പൻ 2019 ലെ ഉപതെരഞ്ഞെടുപ്പിൽ ആദ്യമായി മണ്ഡലം ഇടതുപക്ഷത്ത് എത്തിച്ചു. എന്നാൽ 2021 ആകുമ്പോഴേക്കും കേരളത്തിലെ രാഷ്ട്രീയ ചിത്രം ആകെ മാറി മറിഞ്ഞിരിക്കുന്നു. മൂന്നു തിരഞ്ഞെടുപ്പുകളിൽ കെ എം മാണിക്കെതിരെ ഇടതുമുന്നണി സ്ഥാനാർത്ഥിയായ മാണി സി കാപ്പൻ ആണ് ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥി. ഇടതുപക്ഷം കളത്തിൽ ഇറക്കിയിരിക്കുന്നത് കെഎം മാണി യുടെ പുത്രൻ ജോസ് കെ മാണിയെ ആണ്.

കെഎം മാണിയുടെ അഭാവത്തിൽ നടക്കുന്ന ആദ്യ പൊതു തെരഞ്ഞെടുപ്പിൽ സമാനതകളില്ലാത്ത വെല്ലുവിളിയാണ് കേരളകോൺഗ്രസും അദ്ദേഹത്തിൻറെ മകൻ ജോസ് കെ മാണിയും നേരിടുന്നത്. പാലായെ യുഡിഎഫ് ഉരുക്കുകോട്ട ആക്കി തീർത്തത് കെഎം മാണിയാണ്. ഇന്നിപ്പോൾ ആ കോട്ട തകർത്ത് പാലായെ ഇടതുപക്ഷത്ത് ഉറപ്പിക്കുവാൻ കഴിയുന്നില്ലെങ്കിൽ ജോസ് കെ മാണിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയായി അത് മാറും. നിലവിലെ സാഹചര്യങ്ങളിൽ യുഡിഎഫ് കേന്ദ്രങ്ങൾ വലിയ ആത്മവിശ്വാസത്തിലാണ്. കെ എം മാണിയെ വേട്ടയാടിയ ഇടതുപക്ഷത്തോടൊപ്പം അദ്ദേഹത്തിൻറെ മകൻ രാഷ്ട്രീയ നിലപാട് കൈക്കൊണ്ടതിലെ വഞ്ചന മുൻനിർത്തിയാണ് യുഡിഎഫ് പ്രചരണം നയിച്ചത്.

മാണിയുടെ ആത്മാവും ശരീരവും ആയിരുന്ന കേരള കോൺഗ്രസ് പാർട്ടി അദ്ദേഹത്തിൻറെ മകൻറെ കയ്യിൽ ഉറച്ചുനിൽക്കണം എങ്കിൽ ജോസ് കെ മാണിക്ക് പാലാ ഉൾപ്പെടെ ആറു സീറ്റിലെങ്കിലും വിജയം അനിവാര്യമാണ്. തന്ത്രങ്ങൾ ഒരുക്കുവാൻ “മാണി സാർ” ഇല്ലാത്തപ്പോൾ മകന് ഒറ്റയ്ക്ക് അതിന് സാധിക്കുമോ എന്നതാണ് ഇന്ന് കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. മെയ് രണ്ടാം തീയതി  തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ജോസ് കെ മാണിയും, രണ്ടിലയുള്ള കേരള കോൺഗ്രസും ഉദിച്ച് ഉയരുമോ, വാടി വീഴുമോ എന്ന് അറിയാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2