കോഴിക്കോട്: സിപിഎം പതിവില്ലാത്ത വിധത്തില്‍ കോഴിക്കോട് ജില്ലയില്‍ ഇത്തവണ പ്രതിരോധത്തിലാണ്. കോഴിക്കോട് നോര്‍ത്ത്, കൊയിലാണ്ടി, വടകര സീറ്റുകളില്‍ കനത്ത പോരാട്ടം തന്നെ നടക്കുന്നുണ്ട്. ഇതില്‍ കോഴിക്കോട് നോര്‍ത്തില്‍ പതിവില്ലാത്ത വിധത്തില്‍ ത്രില്ലര്‍ പോരാട്ടമാണ് നടക്കുന്നത്. ഇത്തരമൊരു മത്സരം മുമ്ബ് നടന്നപ്പോള്‍ അട്ടിമറി വിജയം കോണ്‍ഗ്രസ് നേടിയിരുന്നു. പാര്‍ട്ടി വോട്ടുകള്‍ അടക്കം കോഴിക്കോട് മറിഞ്ഞിട്ടുണ്ടെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. സാധാരണ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഒട്ടും തൃപ്തരായിരുന്നില്ല.

കോഴിക്കോട് നോര്‍ത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോട്ടത്തില്‍ രവീന്ദ്രന്‍ സൗമ്യ മുഖമാണെങ്കിലും ജനങ്ങള്‍ക്കിടയിലോ പാര്‍ട്ടിയിലോ അത്ര സ്വീകാര്യനല്ല. ഇത് വല്ലാതെ പ്രവര്‍ത്തകരെ നിരാശപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് മത്സരിച്ചപ്പോള്‍ 34 വോട്ടിന് കഷ്ടിച്ച്‌ ജയിച്ചാണ് രവീന്ദ്രന്‍ മേയറായത്. അതും വികെസി മമത് കോയ നിയമസഭയിലേക്ക് മത്സരിച്ചത് കൊണ്ട് മാത്രം സംഭവിച്ചതാണ്. നിയമസഭയിലേക്ക് മത്സരിക്കുമ്ബോള്‍ അദ്ദേഹത്തിന് അത്രത്തോളം മികവില്ല എന്ന് അണികളില്‍ സംസാരമുയര്‍ന്നിരുന്നു.

ഹിന്ദു വോട്ടുകള്‍ നോക്കിയാണ് രവീന്ദ്രനെ പാര്‍ട്ടി ഇറക്കിയതെന്നാണ് അടിത്തട്ടില്‍ നിന്നുള്ള വികാരം. നേരത്തെ മുഹമ്മദ് റിയാസിനെ ഇവിടെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അതിലൂടെ ബിജെപി നേട്ടമുണ്ടാക്കുമോ എന്നതും ധ്രുവീകരണം സംഭവിക്കുമോ എന്നും സിപിഎം ഭയന്നിരുന്നു. തോട്ടത്തില്‍ രവീന്ദ്രന് ഹിന്ദു വോട്ടുകളില്‍ സ്വാധീനമുണ്ട്. ദേവസ്വം ബോര്‍ഡുകളുമായും അദ്ദേഹത്തിന് നല്ല ബന്ധമുണ്ട്.

അഭിജിത്ത് യൂത്ത് ലീഡര്‍:

അഭിജിത്തിന് യുവനേതാവാണെന്നത് തന്നെ കോണ്‍ഗ്രസിന് മുന്‍തൂക്കം നല്‍കുന്നത്. പ്രചാരണത്തില്‍ ചെറുതെന്നും വലുതെന്നും നോക്കാതെ ഇടപെട്ട അഭിജിത്ത് ജനങ്ങള്‍ക്കിടയില്‍ പെട്ടെന്ന് കണക്ടായി. തോട്ടത്തില്‍ രവീന്ദ്രനെ അധികം ആരും മുന്‍നിരയില്‍ കണ്ടില്ല. എന്നാല്‍ ഇളക്കി മറിച്ചുള്ള പ്രചാരണമായിരുന്നു അഭിജിത്ത് നടത്തിയത്. യുവവോട്ടര്‍മാര്‍ കോണ്‍ഗ്രസിലേക്ക് ഒഴുകുമെന്നാണ് സൂചന. തോട്ടത്തില്‍ രവീന്ദ്രനായത് കൊണ്ട് മുസ്ലീ വോട്ടുകളും ഇത്തവണ ഭിന്നിക്കാനാണ് സാധ്യത.

കോഴിക്കോട് മൂന്നിടത്ത് സിപിഎം സേഫല്ലെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട് നോര്‍ത്ത് ത്രില്ലര്‍ പോരിലാണ്. കൈവിടാന്‍ പകുതി സാധ്യതയുണ്ട്. മറ്റൊന്ന് കൊയിലാണ്ടിയാണ് സുബ്രഹ്മണ്യന്‍ കടുത്ത മത്സരം നടത്തുന്നുണ്ട്. കാനത്തില്‍ ജമീല ശരിക്കും ബാലുശ്ശേരിയില്‍ മത്സരിച്ചിരുന്നെങ്കില്‍ റെക്കോര്‍ഡ് വിജയം നേടുമായിരുന്നു. ജമീല അവിടെയായിരുന്നു കൂടുതല്‍ ശക്ത. അതേസമയം സച്ചിന്‍ ദേവ് ബാലുശ്ശേരിക്ക് പകരം കൊയിലാണ്ടിയില്‍ മത്സരിച്ചാലും ജയിക്കുമായിരുന്നു. വടകരയില്‍ കെകെ രമ മുന്നിലാണെന്ന് സിപിഎം സമ്മതിക്കുന്നു. ഇത് കൈവിട്ട് പോകുമെന്ന് ഉറപ്പുള്ള മണ്ഡലമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2