സംസ്ഥാനത്തെ യുവജനങ്ങളെ കോവിഡ് ബ്രിഗേഡ്ൻറെ ഭാഗമാകുവാൻ ക്ഷണിക്കുന്ന വീഡിയോയിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ പറയുന്നത് വിദഗ്ധരുടെ അഭിപ്രായ പ്രകാരം ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ കേരളത്തിലെ പ്രതിദിന രോഗബാധിതരുടെ എണ്ണം 20000 വരെ എത്തിയേക്കാം എന്നാണ്. ഈ പ്രസ്താവന അതിശയോക്തി കലർന്നതാണോ എന്ന് കേരള സ്പീക്സ് പരിശോധിക്കുന്നു.

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്:

കേരളത്തിൽ പ്രതിദിനം പരിശോധിക്കുന്നത്
25,000ത്തോളം സാമ്പിളുകളാണ്. പ്രതിദിനം ഇതുവരെ റിപ്പോർട്ട് ചെയ്ത ഉയർന്ന രോഗബാധിതരുടെ എണ്ണം 1605(15/08/2020). കേരളത്തിലെ നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 6 ശതമാനത്തിൽ താഴെയാണ്. അതായത് ആകെ പരിശോധിക്കുന്ന സാമ്പിളുകളിൽ 6% സാമ്പിളുകളാണ് കോവിഡ് പോസിറ്റീവ് ആകുന്നത്. അങ്ങനെ കണക്കാക്കുമ്പോൾ 20000 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുവാൻ രണ്ടു സാധ്യതകളാണുള്ളത്.

1. ടെസ്റ്റ് പോസിറ്റീവ് റേറ്റിൽ  നിയന്ത്രണാതീതമായ വർധനവുണ്ടാകും
2. ടെസ്റ്റുകളുടെ എണ്ണം കൂടും

ഒന്നാമത്തെ സാധ്യത

ഈ സാധ്യത പരിശോധിക്കുകയാണെങ്കിൽ 25000 സാമ്പിളുകൾ പരിശോധിക്കുമ്പോൾ പതിനായിരം ആളുകൾക്ക് കോവിഡ് ബാധിച്ചു എന്ന് കണക്കാക്കിയാൽ പോസിറ്റിവിറ്റി റേറ്റ് 40% ആകണം. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഇപ്പോൾ 6 ശതമാനത്തിൽ നിൽക്കുന്നത് 15 ദിവസങ്ങൾക്കകം 34 ശതമാനം വർധിച്ച് 40 ശതമാനത്തിൽ എത്തണം.

കോവിഡ് പടർന്നു പിടിക്കുന്ന വേഗത കണക്കാക്കിയാൽ ഇത് അസംഭവ്യമല്ല. എന്നാൽ കേരളത്തിലെ ആരോഗ്യ മന്ത്രി ഇങ്ങനെ ഒരു പ്രസ്താവന ഇറക്കുന്നു എങ്കിൽ അത് ഉത്തരവാദിത്വബോധത്തോടെ തന്നെയാണ് എന്ന് നാം വിശ്വസിക്കുകയാണ്. അങ്ങനെ വന്നാൽ  സർക്കാർ ഇതുവരെ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ പാളിയെന്ന് നാം കണക്കാക്കണം. ഇതിനെ സാധൂകരിക്കുന്ന വ്യക്തമായ സാധ്യതകൾ സർക്കാരിന് ലഭ്യമായിട്ടുണ്ട് എങ്കിൽ മാത്രമേ ഇത്തരത്തിൽ ആരോഗ്യമന്ത്രി ഒരു പ്രസ്താവന ഇറക്കാൻ സാധ്യതയുള്ളൂ. അങ്ങനെയാണെങ്കിൽ ജനങ്ങളെ സാഹചര്യങ്ങളുടെ ഗൗരവത്തെ ബോധവൽക്കരിക്കേണ്ട ശ്രമങ്ങൾ സർക്കാർ തലത്തിൽ ഇതുവരെ ആരംഭിച്ചിട്ടില്ല. യുദ്ധസമാനമായ സന്നാഹങ്ങളാണ് ഇങ്ങനെയൊരു സാഹചര്യത്തിൽ സർക്കാർ ഒരുക്കേണ്ടത്. ഇത്തരത്തിൽ  ഗൗരവപൂർണമായ മുന്നൊരുക്കങ്ങൾ കേരളത്തിൽ എവിടെയും കാണുന്നില്ല.

രണ്ടാമത്തെ സാധ്യത

ഇനി രണ്ടാമത്തെ സാഹചര്യം ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കുന്നത് വഴി രോഗികൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യതയുണ്ട് എന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ആറ് ശതമാനമായി നിലനിൽക്കുകയാണെങ്കിൽ പ്രതിദിനം 10000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടണം എങ്കിൽ പ്രതിദിന ടെസ്റ്റുകളുടെ എണ്ണം 166666 ആയി ഉയരണം. ഇത് ഈ പരിതസ്ഥിതിയിൽ അസംഭവ്യമായ ഒരു കാര്യമാണ്. ഇന്ത്യ ആകമാനം നോക്കിയാൽ പ്രതിദിന ടെസ്റ്റുകളുടെ എണ്ണം എട്ട് ലക്ഷം ആണ്. കേരളത്തിൽ പരമാവധി പ്രതിദിനം നടത്താവുന്ന ടെസ്റ്റുകൾക്ക് ഉള്ള സൗകര്യം നാൽപതിനായിരത്തോളം മാത്രമേ ഉള്ളു താനും. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ശതമാനമായി ഉയർന്നാൽ പോലും 10000 കേസുകൾ റിപ്പോർട്ട് ചെയ്യാൻ പ്രതിദിനം ഒരു ലക്ഷം പരിശോധനകൾ നടത്തണം.

മേല്പറഞ്ഞ രണ്ടു സാധ്യതകളും നിലവിൽ കേരളത്തിൽ ഇപ്പോഴും ഉണ്ട് എന്ന് വിശ്വസിക്കുവാൻ സാധ്യമല്ല.ആധികാരികമായി ഇത്തരം സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്ന ഒരു റിപ്പോർട്ട് പോലും നിലവിൽ പൊതുജനമധ്യത്തിൽ എത്തിയിട്ടില്ല. അങ്ങനെ വരുമ്പോൾ പിന്നെ എന്തു കൊണ്ട് ടീച്ചർ ഇങ്ങനെ പറയുന്നു ?

കോവിഡ് കാലത്തെ രാഷ്ട്രീയം

കോവിഡിനെകാൾ വലിയ വെല്ലുവിളിയാണ് നയതന്ത്ര സ്വർണ്ണക്കടത്ത് കേസ് കേരള സർക്കാരിന് ഉയർത്തുന്നത്. സ്വപ്നയുടെ ഇടപെടലുകളുടെ സ്വാധീന വലയം പ്രളയത്തിനു ശേഷമുള്ള കേരള പുനർനിർമ്മാണ പദ്ധതികളിൽ പോലും ഉണ്ടായിരുന്നു എന്ന് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിക്കഴിഞ്ഞു. കേരളത്തിൽ നിന്നു പറന്നുയർന്ന വന്ദേഭാരത് വിമാനങ്ങളിൽ പത്തു കോടിയിലധികം രൂപയുടെ വിദേശ കറൻസി കടത്തി എന്ന ആരോപണവും ഉയർന്നു. കെ ടി ജലീൽ ഖുർആൻ എന്നുപറഞ്ഞ് കടത്തിയ പാഴ്സൽ എന്തായിരുന്നു എന്ന സംശയവും പൊതുമണ്ഡലത്തിൽ ഉണ്ട്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ ഐ എ എസ് അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യത കളും തള്ളിക്കളയാനാകില്ല. മാധ്യമ വാർത്തകളോടുള്ള അണികളുടെ അസഹിഷ്ണുത മൂലം മാധ്യമലോകവും പൊതുവിൽ സർക്കാരിനെതിരായി നിൽക്കുന്നു.

ഈ പ്രതികൂല സാഹചര്യങ്ങളിൽ കേരളത്തിലെ ജനങ്ങൾ ഏറ്റവുമധികം വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഷൈലജ ടീച്ചറെ കൊണ്ട് പാർട്ടിയും ഭരണകൂടവും ജനശ്രദ്ധ തിരിച്ചു വിടുവാനും, സമൂഹത്തിൽ അനാവശ്യ ഭീതി ഉണ്ടാക്കി നിലവിലെ പ്രതികൂല സാഹചര്യങ്ങളെ ചർച്ച മണ്ഡലത്തിൽ നിന്നും മാറ്റി നിർത്തുവാൻ നടത്തുന്ന ബോധപൂർവ്വമായ ശ്രമം ആണോ എന്ന് പൊതുസമൂഹം സംശയിക്കേണ്ടിയിരിക്കുന്നു. കോവിഡ് കാലത്ത് രാഷ്ട്രീയം പറയരുത് എന്ന സ്ഥിരം പല്ലവി ജനങ്ങൾ പിന്തള്ളി തുടങ്ങിയത് സ്വർണക്കടത്തിലെ ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങൾ പുറത്തുവന്നതോടെയാണ്. ഒരു തുടർ ഭരണം പ്രതീക്ഷിച്ച പിണറായി സർക്കാരിന് വലിയ തിരിച്ചടിയായിരുന്നു ഈ സംഭവം.

ഇപ്പോഴും ഞങ്ങൾ വിശ്വസിക്കാൻ ആഗ്രഹിക്കുന്നത് ടീച്ചറമ്മ എന്ന കേരളം വിളിച്ച ശൈലജ ടീച്ചർ കള്ളം പറയില്ല എന്നു തന്നെയാണ്. മറിച്ച് ടീച്ചർ കള്ളം പറഞ്ഞു എങ്കിൽ അത് സ്വന്തം മനസ്സാക്ഷിക്ക് വിരുദ്ധമായി ഭരണകൂടത്തിന് പ്രതിരോധം തീർക്കുവാൻ ആകുവാൻ പാർട്ടി നിർദ്ദേശപ്രകാരം ചെയ്തത് ആകാനെ വഴിയുള്ളൂ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2