യഥാര്‍ഥ കേരള കോണ്‍ഗ്രസ് എം ആരെന്നത് സംബന്ധിച്ച്‌ പി ജെ ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള തമ്മിലടി രാജ്യസഭ തിരഞ്ഞെടുപ്പിനെ ആവേശമാക്കും. സംസ്ഥാന നിയമസഭയിലെ അംഗബലം അനുസരിച്ച്‌ എല്‍ ഡി എഫിന് ജയം ഉറപ്പാണെങ്കിലും കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ശ്രദ്ധേയമാകുന്നത്. നാളെ നിയമസഭാ സമ്മേളനം നടക്കാനിരിക്കെ പി ജെ ജോസഫ് അടക്കമുള്ള എം എല്‍ എമാരുടെ ഹോസ്റ്റല്‍ മുറിക്ക് മുന്നില്‍ ജോസ് പക്ഷം വിപ്പ് പതിപ്പിച്ചു. നാളെ നടക്കുന്ന അവിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ജോസിന്റെ വിപ്പ്.

നേരത്തെ സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയത്തില്‍ അനുകൂലിച്ച്‌ വോട്ട് ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍പി ജെ ജോസഫ് ആവശ്യപ്പെട്ടിരുന്നു.അദ്ദേഹവും എം എല്‍ എമാര്‍ക് വിപ്പ് നല്‍കിയിരുന്നു. ഈ വിപ്പ് ലംഘിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ഇപ്പോള്‍ ജോസ് വിഭാഗം ജോസഫിന് വിപ്പ് നല്‍കിയിരിക്കുന്നത്. ഇരുവിഭാഗവും പരസ്പരം വിപ്പ് നല്‍കിയ സാഹചര്യത്തില്‍ രാജ്യസഭ തിരഞ്ഞെടുപ്പിന് ശേഷവും വിഷയം നിയമനടപടിയിലേക്കാണ് നീങ്ങുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. ഒപ്പം ഇരു വിഭാഗത്തുമുള്ള ഏതെങ്കിലും എം എല്‍ എമാര്‍ മറുകണ്ടം ചാടുമോയെന്നതും ഏവരും ഉറ്റുനോക്കുകയാണ്.

രാജ്യസഭ തിരഞ്ഞെടുപ്പിലും ഇടത് സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയത്തിലും സ്വതന്ത്ര്യ നിലപാട് സ്വീകരിക്കുമെന്ന് ജോസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അവിശ്വാസ പ്രമേയത്തെ പിന്തുണക്കില്ല. ജോസഫ് വിഭാഗം നല്‍കിയ വിപ്പ് അംഗീകരിക്കില്ല. പാര്‍ട്ടി എം എല്‍ എമാര്‍ക്ക് വിപ്പ് നല്‍കാനുള്ള അധികാരം റോഷി അഗസ്റ്റിനാണ്. തങ്ങളെ മുന്നണിയില്‍ നിന്ന് പുറത്താക്കിയതാണെന്നും അതിനാല്‍ മുന്നണിക്ക് നടപടി സ്വീകരിക്കാന്‍ സാധിക്കില്ലെന്നും ജോസ് കെ മാണി നേരത്തെ പറഞ്ഞിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2