കേരളത്തിൽ ശക്തമായ വേരോട്ടം നേടുവാനുള്ള ബിജെപിയുടെ നിർണായക നീക്കങ്ങൾ അവസാന ഘട്ടത്തിലെത്തി എന്നാണ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് അറിയാൻ സാധിക്കുന്നത്. കേരളത്തിലെ ഒരു പ്രമുഖ കത്തോലിക്കാ മെത്രാൻ ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷ പദവിയിലേക്ക് ക്യാബിനറ്റ് റാങ്കോടെ കൂടി എത്തുന്നതിന് ഒപ്പം തന്നെ കേരളത്തിലെ പ്രമുഖ മുന്നണികളിൽ നിന്നും പുറത്തായി നിൽക്കുന്ന ജോസ് കെ മാണിയെ കേന്ദ്രമന്ത്രിസഭയിൽ എത്തിക്കുന്നതിനുള്ള നീക്കങ്ങളും നടക്കുന്നു. ഇടതുപക്ഷ മുന്നണിയുമായുള്ള ചർച്ചകളിൽ ജോസ് കെ മാണി സ്വീകരിച്ചിരിക്കുന്ന മെല്ലെപ്പോക്ക് നയം ഇതുകൊണ്ടാണ് എന്നാണ് അറിയാൻ സാധിക്കുന്നത്.

ഇടതുപക്ഷത്തോടൊപ്പം ചേരുന്നതിൽ റോഷി അഗസ്റ്റിൻ എംഎൽഎ പാർട്ടിക്കുള്ളിൽ ശക്തമായ എതിർപ്പ് രേഖപ്പെടുത്തുന്നു. സമീപകാലത്ത് ഉണ്ടായ വിവാദങ്ങൾ ഇടതുപക്ഷത്തിന് തുടർ ഭരണ സാധ്യതകളെ ബാധിക്കുന്നതും ജോസ് കെ മാണിയെ ചിന്തിപ്പിക്കുന്ന വിഷയമാണ്. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുവാൻ ഉറപ്പുള്ള ഒരു സീറ്റ് ഇല്ലാത്തതും, ഇടതു പക്ഷത്തു നിന്ന് ജയിച്ചാൽ തന്നെ ഭരണം ലഭിക്കാത്ത സാഹചര്യത്തിൽ വെറും എംഎൽഎ ആയി ഇരിക്കുന്നതിനേക്കാൾ തനിക്ക് ലാഭകരം എൻഡിഎ യോടൊപ്പം ചേർന്ന് കേന്ദ്ര മന്ത്രി സഭയിൽ എത്തുന്നത് ആണെന്ന് ജോസ് കെ മാണിയും വിലയിരുത്തുന്നു.

വ്യക്തമായ ഈ പദ്ധതിയുടെ പശ്ചാത്തലത്തിലാണ് കേരള കോൺഗ്രസ് സൈബർ കേന്ദ്രങ്ങൾ മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നതും, ഇടതു വലതു പക്ഷങ്ങൾ ന്യൂനപക്ഷങ്ങളിൽ മുസ്ലിം പ്രീണനം ആണ് നടത്തുന്നത് എന്ന പ്രചരണം അഴിച്ചു വിടുന്നതും. ഭൂരിപക്ഷ ഹിന്ദു വോട്ടുകളോടൊപ്പം, ജോസ് കെ മാണിയിലൂടെ ക്രൈസ്തവ വോട്ടുകൾ കൂടി സമാഹരിക്കാൻ ആയാൽ 15 നിയമസഭാ സീറ്റുകളിൽ എങ്കിലും വിജയിക്കാം എന്നതാണ് ബിജെപിയുടെ പദ്ധതി. പുതിയ കേന്ദ്ര നിയമങ്ങൾ അനുസരിച്ച് ക്രൈസ്തവ സഭകൾക്ക് വിദേശത്തുനിന്നു ധനസമാഹരണം നടത്തുന്നതിനും, മിഷനറി പ്രവർത്തനങ്ങൾ നടത്തുന്നതിനും സാങ്കേതിക തടസ്സങ്ങൾ നേരിടും. സ്വാഭാവികമായും കേന്ദ്രവുമായി നല്ല ഒരു ബന്ധം ക്രൈസ്തവസഭകളുടെ ഇത്തരം പ്രവർത്തനങ്ങൾക്ക് അഭികാമ്യമാണ്. ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ആയുള്ള പുരോഹിത മുഖ്യൻറെ കടന്നുവരവും, ജോസ് കെ മാണിയുടെ എൻഡിഎ പ്രവേശനവും ക്രൈസ്തവ സഭകളെ കൂടുതലായി ബിജെപിയോട് അടിപ്പിക്കും എന്ന ധാരണയിലാണ് അവർ.

ജോസ് കെ മാണിയുടെ വരവിന് ബിജെപി സംസ്ഥാന നേതൃത്വം അനുകൂലമാണ് എങ്കിൽ കൂടിയും അദ്ദേഹത്തിന് കേന്ദ്രമന്ത്രിസഭയിലെ ക്യാബിനറ്റ് റാങ്ക് നൽകുന്നതിനോട് കേന്ദ്രമന്ത്രി വി മുരളീധരൻ എതിർക്കുന്നുണ്ട്. എന്നാൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും ആയിട്ടാണ് ജോസ് കെ മാണി ചർച്ചകൾ നടത്തുന്നത്. അതുകൊണ്ടുതന്നെ കേരള ഘടകത്തിന് വിഷയത്തിൽ വലിയ പങ്കാളിത്തം ഇല്ല. കുമ്മനം രാജശേഖരനും, ജോസ് കെ മാണിയും, തുഷാർ വെള്ളാപ്പള്ളിയും ആകും നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തെ നയിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ബിജെപി സംഘടന ശക്തിപ്പെടുത്തുന്നതിൽ കേന്ദ്രീകരിക്കാനാണ് കേന്ദ്രനേതൃത്വ നിർദ്ദേശം.കുമ്മനത്തിന് ക്രൈസ്തവ സഭകളുമായി നല്ല ബന്ധമാണുള്ളത്. അതുകൊണ്ടാണ് ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുപോകാതെ അദ്ദേഹത്തെ കേരളത്തിൽ തന്നെ നില നിർത്തിയിരിക്കുന്നത്.

ജോസ് കെ മാണിയുടെ കടന്നു വരവ് എൻഡിഎയിൽ തന്നെ അപ്രസക്തമാകും എന്ന തിരിച്ചറിവാണ് പി സി തോമസിനെ പി ജെ ജോസഫും ആയി ചർച്ച ചെയ്യുവാൻ പ്രേരിപ്പിക്കുന്ന ഘടകം. കേരള കോൺഗ്രസ് എന്നും മാത്രം പേരുള്ള പാർട്ടി ജോസഫിന് വിട്ടു നൽകാം എന്നതാണ് പിസി തോമസ് നൽകുന്ന സന്ദേശം. പാലായിൽ യുഡിഎഫ് സ്ഥാനാർഥി ആകുവാൻ ഉള്ള ഒരു മോഹവും അദ്ദേഹത്തിനുണ്ട് എന്നും പറയുന്നു. ജോസ് കെ മാണിയുടെ ഇത്തരം നീക്കങ്ങൾ തിരിച്ചറിഞ്ഞതു കൊണ്ടാണ് മുസ്ലിം ലീഗും അദ്ദേഹത്തെ തിരികെ കൊണ്ടുവരുവാൻ ഒരു രീതിയിലും ശ്രമങ്ങൾ നടത്താത്തത്. കേന്ദ്രമന്ത്രി പദം കയ്യിൽ എത്തിയാൽ പാർട്ടിയെ വളർത്താനും, അണികളെ പിടിച്ചു നിർത്തുവാനും സാധിക്കും എന്നുള്ളതാണ് ജോസ് കെ മാണിയുടെ വിശ്വാസം. എൻഡിഎ അതിശക്തമായി കേന്ദ്രത്തിൽ പിടി ഉറപ്പിച്ചിരിക്കുന്നതിനാൽ മുൻകാലത്ത് ഉള്ളതുപോലെ അന്ധമായ ഒരു വിരോധം ബിജെപിയോട് ക്രൈസ്തവ വിഭാഗം വെച്ചുപുലർത്തി ഇല്ല എന്നും ജോസ് കെ മാണി കണക്കുകൂട്ടുന്നു. പാലാ നിയോജക മണ്ഡലത്തിൽ പോലും 25000 മുകളിൽ വോട്ടുകൾ പൊതുതിരഞ്ഞെടുപ്പിൽ ഉപതിരഞ്ഞെടുപ്പിലും എൻഡിഎ നേടിയത് അവരുടെ വ്യക്തമായ അടിത്തറയാണ് സൂചിപ്പിക്കുന്നത് എന്ന രാഷ്ട്രീയ വിലയിരുത്തലാണ് ജോസ് വിഭാഗത്തിലുള്ളത്. കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയിൽ വന്ന മാറ്റവും, നരേന്ദ്ര മോഡിയുടെ കീഴിൽ എൻഡിഎ കൈവരിച്ച ജന സ്വീകാര്യതയും കണക്കിലെടുക്കുമ്പോൾ പി സി തോമസിനു സംഭവിച്ചതു പോലുള്ള രാഷ്ട്രീയം നഷ്ടങ്ങൾ എൻഡിഎ ബാന്ധവം കൊണ്ട് തങ്ങൾക്ക് ഉണ്ടാവില്ല എന്ന് ജോസ് പക്ഷം കണക്കുകൂട്ടുന്നു. എന്തായാലും വരും ദിവസങ്ങളിൽ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരുമെന്നും, ചടുലമായ രാഷ്ട്രീയ നീക്കങ്ങൾ ഉണ്ടാകുമെന്നും ആണ് രാഷ്ട്രീയ കേന്ദ്രങ്ങൾ കരുതുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2