കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി പക്ഷത്തെ യു.ഡി.എഫില്‍ നിന്നും ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ്. ഇന്നലെ ചേര്‍ന്ന കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്.
ഇക്കാര്യം യു.ഡി.എഫിനെ അറിയിക്കും. അടുത്തമാസം 3ന് ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ കോണ്‍ഗ്രസ് നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനം കൈകൊള്ളാനുമാണ് യോഗത്തിന്റെ തീരുമാനം.കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് നേരത്തെ ജോസ് കെ. മാണി പക്ഷത്തെ യു.ഡി.എഫ് യോഗങ്ങളില്‍ നിന്നും വിലക്കിയിരുന്നു. എന്നാലും അവരെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളാണ് യു.ഡി.എഫ് നടത്തികൊണ്ടിരുന്നത്.
പക്ഷേ കഴിഞ്ഞദിവസത്തെ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ ജോസ്പക്ഷംകൈക്കൊണ്ട നിലപാടാണ് കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചത്.
തലസ്ഥാനത്തുണ്ടായിരുന്നിട്ടും പാര്‍ട്ടിയും യു.ഡി.എഫും വിപ്പും നല്‍കിയിട്ടും ജോസ്പക്ഷത്തെ എം.എല്‍.എമാരായ റോഷി അഗസ്റ്റിനും ഡോ: എന്‍. ജയരാജും നിയമസഭയില്‍ എത്തുകയോ, അവിശ്വാസത്തെ പിന്തുണയ്ക്കുകയോ ചെയ്തിരുന്നില്ല. ഇതോടെയാണ് ഇനി ജോസ്പക്ഷം മുന്നണിയില്‍ വേണ്ടെന്ന നിലപാടില്‍ കോണ്‍ഗ്രസ് എത്തിയത്. നേരത്തെതന്നെ ഇത്തരമൊരു നിലപാട് സ്വീകരിക്കണമെന്ന് ജോസഫ്പക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും സമവായത്തിന്റെ പാതയാണ് കോണ്‍ഗ്രസും യു.ഡി.എഫും സ്വീകരിച്ചത്. ഇനി അങ്ങനെ മുന്നോട്ടുപോകാനാവില്ലെന്നായിരുന്നു ഇന്നലത്തെ യോഗത്തിന്റെ വികാരം.