സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ നിന്നും വിട്ടു നിൽക്കരുത് എന്ന് ആവശ്യപ്പെട്ട യുഡിഎഫ് നേതൃത്വത്തെ പരിഹസിച്ച് ജോസ് കെ മാണി. തങ്ങളെ പുറത്താക്കിയത് ആണ്. പുറത്താക്കിയ ശേഷം എന്ത് അച്ചടക്ക നടപടിയാണ് യുഡിഎഫ് കൈക്കൊള്ളുക എന്ന് ജോസ് ചോദിച്ചു.  അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്നും, വിട്ടു നിന്നാൽ കടുത്ത പ്രത്യാഘാതം ഉണ്ടാവും എന്നും യുഡിഎഫ് ജോസ് പക്ഷത്തിനു താക്കീത് നൽകിയിരുന്നു.

അവിശ്വാസ പ്രമേയത്തിൽ നിന്നും, രാജ്യസഭാ വോട്ടിംഗിൽ നിന്നും, ധനം ബില്ലിന്മേൽ ഉള്ള വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കാൻ ആണ് ജോസ് കെ മാണി വിഭാഗത്തിൻറെ തീരുമാനം. ഇതു വഴി നിയമസഭയിൽ കൂറുമാറ്റം സംബന്ധിച്ച വിഷയം ഉയർന്നാൽ സ്പീക്കറുടെ നിലപാട് തങ്ങൾക്ക് അനുകൂലമാക്കാൻ കഴിയുമെന്നാണ് ജോസ് വിഭാഗം കണക്കുകൂട്ടുന്നത്. ഇത് കൃത്യമായും സർക്കാർ-ഇടതുമുന്നണി അനുകൂല നിലപാട് ആണെന്നുള്ള വിലയിരുത്തലാണ് യുഡിഎഫ് കേന്ദ്രങ്ങൾക്ക് ഉള്ളത്.

കെഎം മാണിയുടെ മകൻ എന്ന പരിഗണനയിൽ തെറ്റു തിരുത്തിയാൽ തിരികെ വരാം എന്ന നിലപാടാണ് യുഡിഎഫ് നേതൃത്വം ജോസ് കെ മാണിയോട് ഇതുവരെ സ്വീകരിച്ചിരുന്നത്. എന്നാൽ ഇന്നത്തെ അദ്ദേഹത്തിൻറെ പ്രതികരണം യുഡിഎഫുമായി ഒരു സഹകരണം ഇനി ഉണ്ടാവില്ല എന്ന സൂചനയാണ് നൽകുന്നത്. ഇപ്പോൾ കൈക്കൊണ്ടിരിക്കുന്ന നിലപാടുകൾ ജോസ് കെ മാണിയുടെ ഇടതു മുന്നണി പ്രവേശം സാധ്യമാകുമോ എന്നതാണ് ഇനി അറിയേണ്ടത്.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2