നിയമസഭ കയ്യാങ്കളിക്കേസിലെ സുപ്രിം കോടതി വിധിയുടെ പേരില്‍ ശിവന്‍കുട്ടി രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം . വിചാരണ കഴിയാതെ കുറ്റക്കാരനാണെന്ന് കണ്ടെത്താന്‍ കഴിയില്ലെന്ന നിലപാടാണ് സി.പി.എമ്മിനുള്ളത്. വിധിയെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് കേരള കോണ്‍ഗ്രസ് എം. ശിവന്‍കുട്ടി അടക്കമുള്ളവരുടെ വിചാരണ ഒഴിവാക്കാനുള്ള സര്‍ക്കാര്‍ ശ്രമം പാഴായതോടെ നിലവിലെ പ്രതിസന്ധിയെ മറികടക്കാനുള്ള ആലോചന സര്‍ക്കാര്‍ മുന്നണി തലങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലെ കോടതി പരാമര്‍ശങ്ങളോടെ തന്നെ വിധി സംബന്ധിച്ച സൂചനകള്‍ സര്‍ക്കാരിനുണ്ടായിരിന്നു. ആറ് പ്രതികളില്‍ രണ്ട് പേര്‍ മാത്രമാണ് നിലവില്‍ ജനപ്രതിധികള്‍. കെ ടി ജലീല്‍ എം എല്‍ എ മാത്രമായത് കൊണ്ട് മറ്റ് പ്രശ്നങ്ങളില്ല. എന്നാല്‍ ശിവന്‍കുട്ടി മന്ത്രിയായതാണ് സര്‍ക്കാര്‍ നേരിടുന്ന പ്രധാന പ്രശ്നം. മന്ത്രിയുടെ രാജി ആവശ്യം പ്രതിപക്ഷം ഉയര്‍ത്തിയിട്ടുണ്ടെങ്കിലും അതിന് സര്‍ക്കാരും മുന്നണിയും വഴങ്ങില്ല. വിചാരണ നേരിടണമെന്ന് മാത്രമാണ് കോടതി പറഞ്ഞതെന്നും കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ലെന്നുമുള്ള വാദമാണ് ഭരണപക്ഷം ഉയര്‍ത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വിചാരണക്കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുംവരെ രാജിവെക്കേണ്ടതില്ലെന്നാണ് സി പി എം നിലപാട്. നാളെ നിയമസഭയില്‍ വിഷയം വരുമ്ബോള്‍ മുഖ്യമന്ത്രി തന്നെ പ്രതിരോധം തീര്‍ക്കും. അതേ സമയം കേരള കോണ്‍ഗ്രസ് എം വിധിയെ തള്ളാനും കൊള്ളാനും കഴിയാത്ത രാഷ്ട്രീയ പ്രതിസന്ധിയിലാണ്. സര്‍ക്കാരിനെയും കോടതിയേയും തള്ളാതെ കരുതലോടെ പ്രതികരിക്കാനാണ് കേരള കോണ്‍ഗ്രസ് എം തീരുമാനം