കോട്ടയം: കത്തോലിക്കാ വിഭാഗത്തിന് സ്വാധീനമുള്ള കേരളത്തിലെ 45 മണ്ഡലങ്ങളില്‍ കേരളാ കോണ്‍ഗ്രസിനെ കൂടെ കൂട്ടിയാൽ ഗുണം ഉണ്ടാകും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കണക്കുകൂട്ടിയിരുന്നു. ഈ കണക്കു കൂട്ടലിലാണ് ജോസ് കെ മാണിയുടെ കേരളാ കോണ്‍ഗ്രസ് ഇടതുപക്ഷത്തെ മൂന്നാം കക്ഷിയായത്. പ്രതീക്ഷ ശരിയായി. പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും എറണാകുളത്തും ഇടതുമുന്നണിക്ക് ഉണ്ടായ നേട്ടത്തിന് ക്രൈസ്തവ വിഭാഗങ്ങളിൽ നിന്ന് ലഭിച്ച വോട്ടുകൾ ഗുണപരമായി . എന്നിട്ടും ജോസ് കെ മാണി പാലായില്‍ തോറ്റു. ജോസ് കെ മാണിയെ ഇടതുമുന്നണിയിലുള്ളവര്‍ തന്നെ കാലുവാരിയെന്ന ആക്ഷേപം ശക്തമാണ്.

ജോസ് കെ മാണിയുടെ പരാതി:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പിറവം-പെരുമ്ബാവൂര്‍-ചാലക്കുടി മണ്ഡലങ്ങളില്‍ പ്രാദേശിക നേതൃത്വം തോല്‍പ്പിക്കാന്‍ ഇറങ്ങി കളിച്ചു എന്നാണ് ജോസ് കെ മാണിയുടെ വിലയിരുത്തല്‍. പാലായിലും കടുത്തുരുത്തിയിലും അണികളെ ഒപ്പം നിര്‍ത്താന്‍ സിപിഎം നേതാക്കള്‍ ജാഗ്രത കാട്ടിയില്ല. അങ്ങനെ ഉറപ്പായും ജയിക്കേണ്ട അഞ്ചു സീറ്റുകള്‍ കേരളാ കോണ്‍ഗ്രസിന് നഷ്ടമായി. ഈ സീറ്റുകളില്‍ എല്ലാം സിപിഎം വോട്ടും നിര്‍ണ്ണായകമായിരുന്നു. കേരളാ കോണ്‍ഗ്രസ് വോട്ട് നേടി ജയിച്ച സിപിഎം തിരിച്ചു കാലുവാരിയെന്ന പരാതിയുമായാണ് ജോസ് കെ മാണി പിണറായിയെ സമീപിച്ചത്. ഇത് ഗൗരവമായി എടുത്ത് അന്വേഷണത്തിന് നിര്‍ദ്ദേശിക്കുകയാണ് പിണറായി. സിപിഎം ഇക്കാര്യങ്ങള്‍ പരിശോധിക്കും.

ഇടതു വിജയത്തില്‍ നിര്‍ണ്ണായക ഘടകമായിട്ടും ജോസ് കെ മാണി തോറ്റത് കേരളാ കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു. രണ്ട് മന്ത്രിസ്ഥാനവും കിട്ടിയില്ല. ഇതെല്ലാം കണക്കിലെടുത്താണ് സിപിഎമ്മിനോട് കേരളാ കോണ്‍ഗ്രസ് പരാതികള്‍ ഉന്നയിക്കുന്നത്. ഈ സാഹചര്യത്തിലാണ് ദേശിക നേതൃത്വം തിരഞ്ഞെടുപ്പില്‍ നിസ്സഹകരിച്ചുവെന്ന കേരള കോണ്‍ഗ്രസ്-എമ്മിന്റെ പരാതി അന്വേഷിക്കാന്‍ സിപിഎം. അന്വേഷണ കമ്മിഷനെ നിയോഗിച്ചത്.

കേരള കോണ്‍ഗ്രസിന് നല്‍കിയിരുന്ന പിറവം, പെരുമ്ബാവൂര്‍ മണ്ഡലങ്ങളിലാണ് സിപിഎം. നേതൃത്വം വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്ന് പരാതിയുള്ളത്. മുതിര്‍ന്ന നേതാക്കളായ സി.എം. ദിനേശ് മണി, പി.എം. ഇസ്മയില്‍ എന്നിവരെയാണ് ഇത് അന്വേഷിക്കാനുള്ള കമ്മിഷനായി നിയോഗിച്ചിരിക്കുന്നത്. പിറവത്ത് മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്ന സിപിഎം. പ്രാദേശിക നേതാവ്, സീറ്റ് കേരള കോണ്‍ഗ്രസിന് കൊടുക്കുന്നതിനെതിരേ പരസ്യമായി രംഗത്തുവന്നിരുന്നു. തുടര്‍ന്ന് സിപിഎം. നേതൃത്വം നേരിട്ടാണ് അവിടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. സംസ്ഥാനമൊട്ടുക്ക് ഇടത് തരംഗം അലയടിച്ചപ്പോഴും അതിന്റെ അനുരണനങ്ങള്‍ പിറവത്ത് കണ്ടില്ല. മികച്ച ഭൂരിപക്ഷത്തില്‍ കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബ് ജയിച്ചു.

പെരുമ്ബാവൂര്‍ മണ്ഡലവും കേരള കോണ്‍ഗ്രസ് – എമ്മിന് കൊടുത്തതില്‍ പ്രാദേശിക സിപിഎം. നേതൃത്വത്തിന് അസ്വസ്ഥത ഉണ്ടായിരുന്നു. മുതിര്‍ന്ന സിപിഎം. നേതാവ് പ്രവര്‍ത്തനങ്ങളില്‍ വേണ്ടവിധം സഹകരിക്കുന്നില്ലെന്ന ചര്‍ച്ചകള്‍ പാര്‍ട്ടി വൃത്തങ്ങളില്‍ അപ്പോള്‍ത്തന്നെ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് അവലോകനം നടത്തിയ സിപിഎം. നേതൃത്വം കേരള കോണ്‍ഗ്രസ് സീറ്റുകളിലെ പരാജയം പരിശോധിക്കാന്‍ പ്രത്യേകം കമ്മിഷനെ വെക്കുകയായിരുന്നു. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിരുന്നു ചാലക്കുടി. ഇവിടേയും കേരളാ കോണ്‍ഗ്രസ് തോറ്റു.

സിപിഎം തോറ്റ മണ്ഡലങ്ങളിലും അന്വേഷണം:

എറണാകുളം ജില്ലയില്‍ മറ്റ് മൂന്ന് മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രാദേശിക നേതൃത്വത്തിനെതിരേ പരാതി ഉയര്‍ന്നിരുന്നു. തൃക്കാക്കരയിലും തൃപ്പൂണിത്തുറയിലും കളമശ്ശേരിയിലുമാണിത്. തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പ്രാദേശിക സിപിഎം. നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. പാര്‍ട്ടി വിചാരിച്ചതിനെക്കാള്‍ വലിയ പരാജയമാണ് ഇവിടെ ഉണ്ടായത്. തൃപ്പൂണിത്തുറയിലും ചില പാര്‍ട്ടി നേതാക്കള്‍ ഉയര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്ന ആക്ഷേപം ഉണ്ടായി. ഇടതു തരംഗത്തിനിടയിലും സിറ്റിങ് സീറ്റ് കൈവിട്ടത് തിരിച്ചടിയായി.

തൃക്കാക്കരയിലേയും തൃപ്പൂണിത്തുറയിലേയും പരാജയങ്ങള്‍ അന്വേഷിക്കുന്നതിന് ഗോപി കോട്ടമുറിക്കല്‍, കെ.ജെ. ജേക്കബ് എന്നിവരടങ്ങുന്ന കമ്മിഷനെയും നിയോഗിച്ചിട്ടുണ്ട്. കളമശ്ശേരിയില്‍ തുടക്കത്തില്‍ ആലങ്ങാട് ഏരിയാ നേതൃത്വവുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്നിരുന്നു. മികച്ച ഭൂരിപക്ഷത്തോടെ കളമശ്ശേരി പിടിക്കാന്‍ കഴിഞ്ഞതിനാല്‍ പരാതികള്‍ പിന്നെ ഉയര്‍ന്നില്ല.