പാലായിൽ തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് നേട്ടം ഉണ്ടാക്കുവാൻ ജോസ് കെ മാണി നടത്തിയ ലൗജിഹാദ് പ്രസ്താവന അദ്ദേഹത്തെ തിരിഞ്ഞു കുത്തുന്നു. കെസിബിസി നേരത്തെ തന്നെ ലൗജിഹാദ് കേരളത്തിൽ ഉണ്ട് എന്ന നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ ഈ നിലപാടിനെ ഇടതുമുന്നണി തള്ളിക്കളയുകയായിരുന്നു. തൻറെ മുന്നണി പ്രവേശത്തോടെ ഇടതു നിലപാടിൽ മാറ്റം വന്നു എന്ന പ്രതീതി സൃഷ്ടിക്കുവാൻ ആണ് ജോസ് കെ മാണി ലൗജിഹാദ് വിഷയത്തിൽ അഭിപ്രായപ്രകടനം നടത്തിയത്. വർഗീയധ്രുവീകരണം സൃഷ്ടിച്ച പാലായിൽ  വോട്ട് നേടാനുള്ള നീക്കങ്ങൾ ആയിട്ടാണ് രാഷ്ട്രീയ വൃത്തങ്ങൾ ഇതിനെ വിലയിരുത്തിയത്. എന്നാൽ ജോസ് കെ മാണിയുടെ നിലപാട് വ്യക്തിപരമാണ് അത് മുന്നണിയുടെ നയമല്ല എന്ന് ഇടതു നേതൃത്വം തുറന്നടിച്ചു. മുഖ്യമന്ത്രിയും കാനം രാജേന്ദ്രനും ആണ് ഇത്തരം പ്രതികരണങ്ങൾ നടത്തിയത്. ജോസ് കെ മാണിയുടെ പ്രസ്താവനയെ കെസിബിസി സ്വാഗതം ചെയ്തതിന് പിന്നാലെ ഇടതു മുന്നണി നേതൃത്വം പ്രസ്താവനയെ തള്ളിക്കളഞ്ഞതോടു കൂടി ജോസ് വെട്ടിലായി. അതുകൊണ്ടുതന്നെ കെസിബിസി പിന്തുണ കൊടുത്തതിന് പിന്നാലെ അദ്ദേഹം പ്രസ്താവന പിൻവലിക്കുകയായിരുന്നു. ഇത് കെസിബിസി നേതൃത്വത്തെ തള്ളിപ്പറയുന്നതിന് തുല്യമായ  സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. പാലാ ഉൾപ്പെടെയുള്ള കത്തോലിക്കാ വിഭാഗത്തിന് സ്വാധീനമുള്ള സീറ്റുകളിൽ ഇത് ജോസ് കെ മാണിക്ക് വലിയ തിരിച്ചടിയാകും.

 കെസിബിസി നിലപാട്:

കേരളത്തില്‍ ലൗ ജിഹാദ് വിഷയം പരിശോധിക്കേണ്ടതാണെന്ന കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കെസിബിസി. ലൗ ജിഹാദ് ഒരു യാഥാര്‍ത്ഥ്യനമാണെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വിഷയത്തില്‍ നയം വ്യക്തമാക്കണമെന്നും കെസിബിസി വക്താവ് ഫാ ജേക്കബ് പാലക്കാപ്പിള്ളി ആവശ്യപ്പെട്ടു.

ലൗ ജിഹാദ് എന്നത് വലിയൊരു സമൂഹത്തിന്റെ വേദനയാണ്. അതിനോട് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ക്രിയാത്മകമായി പ്രതികരിച്ചിട്ടുണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ ഒരു പാര്‍ട്ടിയുടെ മുഖ്യആള്‍ പ്രതികരിച്ചിരിക്കുന്നത് സന്തോഷകരമായ കാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ലൗ ജിഹാദ് വിഷയത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും ഫാദര്‍ ആവശ്യപ്പെട്ടു.

നിലപാടിൽ മലക്കം മറിഞ്ഞ് ജോസ് കെ മാണി:

ലൗ ജിഹാദ് വിഷയത്തിൽ പറഞ്ഞത് തിരുത്തി കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ. മാണി. ലൗ ജിഹാദ് സംബന്ധിച്ച് ഇടതുമുന്നണിയുടെ അഭിപ്രായം തന്നെയാണ് കേരള കോൺഗ്രസിന്റെയും അഭിപ്രായമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ലൗ ജിഹാദ് തിരഞ്ഞെടുപ്പ് വിഷയമല്ല. ഇടതുസർക്കാരിന്റെ അഞ്ച് വർഷ കാലത്തെ വികസനമാണ് തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുന്നത്. ഈ വികസന ചർച്ചകളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് ഈ വിവാദങ്ങളിലൂടെ ശ്രമിക്കുന്നതെന്നും ജോസ് കെ.മാണി പറഞ്ഞു.

ജോസ് കെ.മാണി കഴിഞ്ഞദിവസം നടത്തിയ പ്രതികരണത്തോടെയാണ് ലൗ ജിഹാദ് വിഷയം സംസ്ഥാനത്ത് വീണ്ടും ചർച്ചയായത്. ലൗജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതിൽ യാഥാർഥ്യമുണ്ടോ എന്നതിൽ വ്യക്തത വേണമെന്നുമായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം.

ഇടതുമുന്നണിയിൽ പ്രതിസന്ധി; ജോസിനെ തള്ളി മുഖ്യമന്ത്രിയും കാനവും:

ജോസ് കെ. മാണിയുടെ പ്രതികരണം വിവാദമായതോടെ എൽ.ഡി.എഫും പ്രതിരോധത്തിലായി. തുടർന്നാണ് പറഞ്ഞത് തിരുത്താൻ ജോസ് കെ മാണി നിർബന്ധിതനായത്.

ജോസ് കെ.മാണിയുടെ പ്രതികരണത്തെക്കുറിച്ച് തനിക്കറിയില്ലെന്നും അതിനെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. അതേസമയം, ജോസ് കെ.മാണിയുടെ നിലപാടിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തി. മതമൗലികവാദികളുടെ പ്രചാരണമാണ് ലൗ ജിഹാദെന്നും കാ പ്രകടനപത്രികയിലെ കാര്യങ്ങളാണ് ഘടകകക്ഷികൾ പ്രചരിപ്പിക്കേണ്ടതെന്നും അല്ലാത്തവ ആ പാർട്ടിയുടെ മാത്രം അഭിപ്രായമാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2