ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥി പാലാ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചതോടുകൂടി കേരള കോൺഗ്രസ് അടിത്തറ പാലാ നിയോജക മണ്ഡലത്തിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യമാണ്. ഇതു മനസ്സിലാക്കിയ ജോസ് കെ മാണി കടുത്തുരുത്തിയിൽ ചേക്കേറി നിയമസഭയിൽ എത്താനാണ് ആഗ്രഹിക്കുന്നത്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ സംബന്ധിച്ച് കേരളത്തിൽ ഏറ്റവും സംഘടനാ സംവിധാനവും ശക്തിയുമുള്ള മണ്ഡലമാണ് കടുത്തുരുത്തി. കെഎം മാണിയുടെ ജന്മദേശമായ മരങ്ങാട്ടുപിള്ളി ഉൾപ്പെടെ ഇപ്പോൾ കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ ഭാഗമാണ്. ഇടതുപക്ഷ പിന്തുണയിൽ മത്സരിച്ചാൽ പോലും കടുത്തുരുത്തിയിൽ വിജയിക്കാം എന്നാണ് ജോസ് കെ മാണിയുടെ കണക്കുകൂട്ടൽ.

പാലാ കിട്ടിയാൽ ആകുലത:

ഇടതുമുന്നണി പാലാ സീറ്റ് വിട്ടുകൊടുത്താൽ ജോസ് കെ മാണിക്ക് അത് വലിയ വെല്ലുവിളിയാകും. കടുത്തുരുത്തിയിൽ ജോസ് കെ മാണി മത്സരിക്കുമ്പോൾ സ്വാഭാവികമായും പാലായിൽ റോഷി അഗസ്റ്റിന് പേരിനു മുൻഗണന ലഭിക്കും. കെഎം മാണിയുടെ കാലത്തുപോലും ജോസ് കെ മാണിയുടെ പ്രത്യേക താൽപര്യപ്രകാരം പാലായിലെ പാർട്ടി പരിപാടികളിലും പൊതുപരിപാടികളിലും പങ്കെടുക്കുന്നതിൽ റോഷി അഗസ്റ്റിന് അപ്രഖ്യാപിത വിലക്കുണ്ടായിരുന്നു. പി ജെ ജോസഫ്മായുള്ള രാഷ്ട്രീയ യുദ്ധത്തിൻറെ പേരിൽ മാത്രമാണ് റോഷിയെ ജോസ് കെ മാണി വിശ്വാസത്തിൽ എടുത്തത്. എങ്കിൽപോലും കോട്ടയം ജില്ലയിൽ നിന്ന് റോഷി അഗസ്റ്റിൻ എംഎൽഎ ആകുന്നത് ജോസ് കെ മാണിക്ക് ഭാവിയിൽ വെല്ലുവിളി ഉയർത്തുമെന്നാണ് അദ്ദേഹത്തിൻറെ കണക്കുകൂട്ടൽ. അതുകൊണ്ടു തന്നെ  പ്രഖ്യാപിച്ച ഉപാധി രഹിത ഇടതുമുന്നണി സഹകരണം എന്ന പ്രസ്താവനയിൽ ഊന്നി പാലാ എൻസിപിക്ക് തന്നെ വിട്ടുകൊടുക്കാൻ കേരള കോൺഗ്രസ് തയ്യാറാവും. ഇത് റോഷി അഗസ്റ്റിൻ പാലായിൽ മത്സരിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ വേണ്ടി ബോധപൂർവം ചെയ്യുന്നതാണ് എന്ന് പാർട്ടിയിൽ തന്നെ പ്രചരണം ഉണ്ട്.

നിസ്സഹായനായ കാപ്പൻ:

കേരള കോൺഗ്രസ് സൈബർ പോരാളികൾ നിരന്തരമായി മാണി സി കാപ്പന് എതിരായ പ്രചരണങ്ങൾ നടത്തുന്നുണ്ട്. മുന്നണി മര്യാദകൾക്ക് നിരക്കാത്ത ഈ രാഷ്ട്രീയ സമീപനത്തെ ഇടതുമുന്നണി കാര്യമായി ഗൗനിക്കുന്നില്ല. ഇതിൽ മാണി സി കാപ്പൻ അസ്വസ്ഥനാണ്. ഈ വിഷയങ്ങളെല്ലാം ഉയർത്തിപ്പിടിച്ച് ജോസ് പക്ഷത്തിന് പാല സീറ്റ് വിട്ടുകൊടുത്താൽ മുന്നണി വിടുക എന്നതാണ് കാപ്പനു മുന്നിലുള്ള രാഷ്ട്രീയ വഴി. എന്നാൽ പരമാവധി പ്രതികൂല സാഹചര്യം സൃഷ്ടിച് അവസാന നിമിഷം കാപ്പന് തന്നെ സീറ്റ് വിട്ടു നൽകി പരാജയം ഉറപ്പാക്കണം എന്നാണ് ജോസ് കെ മാണി പക്ഷം കണക്കുകൂട്ടുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഇടതുമുന്നണിയിൽ നിന്ന് മാറുവാൻ കാപ്പന് വ്യക്തമായ ഒരു രാഷ്ട്രീയ വിശദീകരണം പോലും നൽകാൻ ആവില്ല. അങ്ങനെ മാണി സി കാപ്പനെ നിസ്സഹായൻ ആക്കുന്ന ഒരു രാഷ്ട്രീയ ശൈലിയാണ് ജോസ് പക്ഷം മുന്നിൽ കാണുന്നത്.

ഒരു വെടിക്ക് രണ്ടു പക്ഷി:

ഒരേസമയം പരമ്പരാഗത വൈരിയായ മാണി സി കാപ്പൻ തോൽക്കും എന്നും, പാർട്ടിയിലെ നേതൃത്വ വെല്ലുവിളിയായ റോഷി കോട്ടയം ജില്ലയിൽ എത്തിയില്ല എന്നും ഉറപ്പുവരുത്തുന്ന രാഷ്ട്രീയ നീക്കങ്ങളാണ് ജോസ് കെ മാണിയുടെ വിശ്വസ്തർ ആസൂത്രണം ചെയ്യുന്നത്. കെഎം മാണി ജോസ് കെ മാണി വിരുദ്ധ വോട്ടുകളാണ് മാണി സി കാപ്പന് പാലായിലുള്ള വോട്ട് ബാങ്ക്. ജോസ് പക്ഷം കൂടി ഭാഗമായ ഇടതുമുന്നണി സ്ഥാനാർത്ഥിയായി കാപ്പൻ മത്സരിച്ചാൽ ഈ വോട്ട് ബാങ്ക് നഷ്ടമാകും. കാപ്പന് സീറ്റ് വിട്ടു കൊടുക്കുക വഴി റോഷി പാലായിൽ എത്താനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാനും കഴിയും. മാണി സി കാപ്പൻ ഇടതുമുന്നണി സ്ഥാനാർത്ഥിയായി പരാജയപ്പെടുകയും, റോഷി ഇടുക്കിയിൽ നിന്ന് തന്നെ ജനവിധി നേടുകയും ചെയ്യേണ്ടി വരുന്ന രാഷ്ട്രീയ സാഹചര്യമാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കടന്നു വരുവാൻ ആഗ്രഹിക്കുന്ന ജോസ് കെ മാണിക്ക് ഏറ്റവും അനുകൂലം ആകുന്നത്. ഇതു മുൻനിർത്തിയുള്ള നീക്കങ്ങളാണ് ജോസ് പക്ഷത്തുനിന്ന് ഇപ്പോൾ സജീവമായി ഉണ്ടാകുന്നത്.

കോൺഗ്രസ് സ്ഥാനാർഥിയെ അട്ടിമറിക്കാൻ എളുപ്പം:

ഇന്ത്യൻ നാഷണൽ കോൺഗ്രസിന് പാലായിൽ സംഘടനാ സംവിധാനങ്ങൾ ദുർബലമാണ്. അതുകൊണ്ടു തന്നെ ഒരുതവണ വിജയിച്ചു കേറിയാൽ പോലും ഒരു ഭരണവിരുദ്ധ തരംഗത്തിൽ 2026 ലെ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ പരാജയപ്പെട്ടാൽ പോലും പാലായിൽ ജോസ് കെ മാണിക്ക് സാധ്യത ഉറപ്പാക്കുന്ന രാഷ്ട്രീയ തന്ത്രമാണ് ജോസ് അനുഭാവ കേന്ദ്രങ്ങൾ ശ്രമിക്കുന്നത്. ഏതെങ്കിലും കാരണവശാൽ റോഷി പാലായിൽ മത്സരിക്കുന്ന രാഷ്ട്രീയ സാഹചര്യമുണ്ടായി വിജയിച്ചാൽ റോഷി അഗസ്റ്റിൻ കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ ജോസ് കെ മാണിയേക്കാൾ ശക്തനായി മാറും എന്ന തിരിച്ചറിവ് ഈ നീക്കത്തിനു പിന്നിലുണ്ട്. അതുകൊണ്ടുതന്നെ ഏതുവിധേനയും സീറ്റ് മാണി സി കാപ്പന് വിട്ടുനൽകി ഒരു വെടിക്ക് രണ്ടു പക്ഷി എന്ന രാഷ്ട്രീയ തന്ത്രമാണ് ജോസ് കെ മാണി ലക്ഷ്യമിടുന്നത്.

പ്രഖ്യാപനത്തിൽ ഒതുക്കുന്ന രാജ്യസഭ രാജി:

ഇടതുപക്ഷ സഹകരണം പ്രഖ്യാപിച്ച പത്രസമ്മേളനത്തിൽ രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിച്ച് രാജ്യസഭാ എം പി സ്ഥാനത്തുനിന്നും രാജി ജോസ് കെ മാണി പ്രഖ്യാപിച്ചതാണ്. എന്നാൽ ഇതുവരെയും ഔപചാരികമായി രാജിക്കത്ത് സമർപ്പിച്ചിട്ടില്ല. ഇത് ഏതുവിധേനയും നീട്ടി എടുത്ത് പൊതുതിരഞ്ഞെടുപ്പു വരെ രാജി നീട്ടാനാണ് ജോസ് കെ മാണിയുടെ തീരുമാനമെന്നും അറിയുന്നു. എംപി ആയി തന്നെ നിയമസഭയിലേക്ക് മത്സരിക്കുകയും പരാജയപ്പെട്ടാൽ പോലും എംപി സ്ഥാനം നിലനിർത്തുകയുമാണ് ജോസ് കെ മാണിയുടെ ലക്ഷ്യം. രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് ഭാവിയിൽ ഒരു എൻഡിഎ സഹകരണം പോലും പ്രതീക്ഷിക്കാവുന്നതാണ്. യുഡിഎഫ് പാളയത്തിലേക്ക് ഒരു മടങ്ങി വരവ് സാധ്യമാക്കാനും എംപി സ്ഥാനം ഒരു മുതൽക്കൂട്ടാവും. കാരണങ്ങൾ കൊണ്ടുതന്നെയാണ് ബോധപൂർവ്വം രാജ്യസഭയിലെ രാജി നീട്ടിക്കൊണ്ടു പോകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2