കോട്ടയം: കേരളത്തിലും തമിഴ്‌നാട്ടിലുമായി താമസിക്കുന്ന ഭാര്യമാരെ കാണാൻ ഷാപ്പിൽ ജോലിയ്ക്കു ചേർന്നു നാലാം ദിവസം മോഷണം നടത്തി നാട് വിട്ട മാനേജരെ പൊലീസ് പിന്നാലെ നടന്ന് പൊക്കി അകത്താക്കി. ഷാപ്പിലെ വരുമാനത്തിൽ നിന്നും ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ചു കടന്ന പ്രതിയെയാണ് പൊലീസ് പൊക്കിയത്. ഏറ്റുമാനൂർ കോണിക്കൽ ഷാപ്പിലെ മാനേജർ തിരുവനന്തപുരം നാലാഞ്ചിറ ബി.എസ്.എൻ.എൽ ക്വാർട്ടേഴ്‌സിൽ എസ്.എൽ ശരത്തിനെയാണ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. ഓൺലൈനിൽ പരസ്യം നൽകിയ ശേഷമാണ് ഷാപ്പിലേയ്ക്കു തിരുവനന്തപുരം സ്വദേശിയെ മാനേജരായി നിയമിച്ചത്. ഷാപ്പിലെത്തി നാലാം ദിവസം ഇയാൾ ഇവിടെയുണ്ടായിരുന്ന കളക്ഷൻ തുകയായ 99000 രൂപയുമായി സ്ഥലം വിടുകയായിരുന്നു. ഇതേ തുടർന്നു ഷാപ്പ് ഉടമ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെത്തി എസ്.ഐ ടി.എസ് റെനീഷിന് പരാതി നൽകി. തുടർന്നു ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഷാപ്പിലെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചു. തുടർന്നു നടത്തിയ പരിശോധനയിൽ ഏറ്റുമാനൂരിൽ നിന്നും ടാക്‌സി കാറിൽ പ്രതി തിരുവനന്തപുരം ഭാഗത്തേയ്ക്കു രക്ഷപെടുകയായിരുന്നുവെന്നു കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

തിരുവനന്തപുരത്ത് എത്തിയ പ്രതി ഇയാളുടെ ആദ്യഭാര്യയുടെ വീട്ടിലേയ്ക്കാണ് പോയത്. ഇവിടെ ഇവരില്ലാതിരുന്നതിനെ തുടർന്നു കോയമ്പത്തൂരിലെ രണ്ടാം ഭാര്യയുടെ വീട്ടിലേയ്ക്കും പോയി. ഈ രണ്ടിടത്തും പൊലീസ് സംഘം പ്രതിയെ പിൻതുടരുകയായിരുന്നു. തുടർന്ന് കേരളത്തിലേയ്ക്കു കടക്കുന്നതിനിടെ പ്രതിയെ എസ്.ഐ ടി.എസ്് റെനീഷിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ സാബു പി.ജെ, ഡെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക