പത്തനംതിട്ട: മുക്കൂട്ടുതറ ജസ്ന മരിയ ജെയിംസ് തിരോധാന കേസ് അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസിന്റെ ഇതുവരെയുള്ള വിവരങ്ങളും  ഇത് വരെ ശേഖരിച്ച തെളിവുകളും മറ്റു ഫയലുകളും തിരുവനന്തപുരം സിബിഐ യൂണിറ്റിന് കൈമാറാന്‍ കോടതി ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കി.ജസ്നയുടെ തിരോധനത്തിന് പിന്നില്‍ ഗൗരവകരമായ എന്തോ വിഷയം ഉണ്ടെന്നും അന്തര്‍ സംസ്ഥാന ഇടപെടല്‍ ഉണ്ടെന്നും സിബിഐ വ്യക്തമാക്കി.കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്, ജസ്നയുടെ സഹോദരന്‍ ജെയ്സ് ജോണ്‍ എന്നിവരാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. സാധ്യമായ എല്ലാ അന്വേഷണവും തുടരുകയാണെന്നും ഇതുവരെ ജസ്നയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.എന്നാല്‍ ക്രൈം ബ്രാ‌ഞ്ച് അന്വേഷണത്തിലൂടെ ജസ്നയെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷ ഇല്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ നിലപാട്.കേസില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജസ്നയുടെ പിതാവ് ജെയിംസ് ജോസഫ് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. അഭ്യൂഹങ്ങളല്ലാതെ മറ്റൊന്നും പുറത്തുവരാത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. ജസ്ന ജീവിച്ചിരിക്കുന്നുവെന്ന സൂചനയല്ലാതെ മറ്റൊന്നും ആരും പറയുന്നില്ലെന്ന് ജസ്നയുടെ അച്ഛന്‍ പറഞ്ഞു.2018 മാര്‍ച്ച്‌ 20നാണ് ജെസ്ന മരിയ ജെയിംസിനെ കാണാതായത്. രാവിലെ എരുമേലി മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്ന് പിത‍ൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ പെണ്‍കുട്ടി പിന്നെ തിരിച്ചെത്തിയില്ല. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയായിരുന്നു.ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി. പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. ബെംഗളൂരു, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തി. നാലായിരത്തിലധികം ഫോണ്‍ കോളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. പത്തനംതിട്ട, കോട്ടയം,എറണാകുളം,ഇടുക്കി ജില്ലകളില്‍ പൊലീസ് വിവരശേഖരണപ്പെട്ടി സ്ഥാപിച്ചിരുന്നു. ജെസ്നയെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് ഡിജിപി 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2