കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ സിനിമ ചുരുളിൽ താൻ  എത്തിയതിനെക്കുറിച്ച് ജാഫർ ഇടുക്കി.”ചേട്ടന് ഈ സിനിമയില്‍ അഭിനയിക്കാന്‍ സൗകര്യമുണ്ടോ ” എന്നായിരുന്നു ലിജോ  തന്നോട് ആദ്യമായി ചോദിച്ചതെന്ന് ജാഫര്‍ ഇടുക്കി. ലോക് ഡൗണും കൊറോണയൊന്നുമില്ലായിരുന്നുവെങ്കില്‍ പതിനാലോളം ചിത്രങ്ങള്‍ തന്റേതായി ഈ വര്‍ഷം തീയറ്ററില്‍ ഉണ്ടാകുമായിരുന്നുവെന്നും ജാഫര്‍ ഇടുക്കി പറയുന്നു.

 

ജാഫർ ഇടുക്കിയുടെ വാക്കുകളിലൂടെ.

 

ഞാന്‍ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗ് സംബന്ധമായി പാലക്കാട്  നില്‍ക്കുമ്പോഴാണ് ചുരുളിയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ച് പിറ്റേ ദിവസം രാവിലെ ഷൂട്ടുണ്ട് വരണം എന്നുപറയുന്നത്. എന്റെ നാടിനടുത്തുള്ള കുളമാവ് എന്ന സ്ഥലത്ത് വച്ചാണ് ഷൂട്ടിംഗ്. ലിജോ പെല്ലിശേരിയുടെ പടമെന്ന് പറയുമ്പോള്‍ വേറെ കഥയൊന്നും അറിയേണ്ട കാര്യമില്ലല്ലോ. ഞാന്‍ അപ്പോള്‍ തന്നെ അങ്ങോട്ട് തിരിച്ചെങ്കിലും രാത്രി വൈകിയാണ് എത്തിയത്. അതിരാവിലെ ആറ് മണിയ്ക്ക് കാടിനുള്ളില്‍ നല്ല മഞ്ഞുള്ള സമയത്തുള്ള ഷോട്ടാണ്, രാവിലെ തന്നെ എല്ലാവരും എത്തണം എന്നുപറഞ്ഞു. ഞാനാണെങ്കില്‍ യാത്രാക്ഷീണം കാരണം ഉറങ്ങിപ്പോയി. വിനയ് ഫോര്‍ട്ടും ഞാനുമുള്ള കോമ്പിനേഷന്‍ സീനായിരുന്നു അത്.

ചെമ്പന്‍ വിനോദടക്കം പലരും വന്ന് വിളിച്ചെങ്കിലും ഞാന്‍ വാതില്‍ തുറക്കുകയോ എഴുന്നേല്‍ക്കുകയോ ചെയ്തില്ല. പിന്നീട് എങ്ങനെയൊക്കെയോ ഒരുവിധം സെറ്റിലെത്തി. സമയം കഴിഞ്ഞുപോയിരുന്നു. ഞാന്‍ ചെന്നപാടെ ലിജോ അടുത്ത് വന്ന് പറഞ്ഞതിങ്ങനെയാണ്. ചേട്ടാ ജെല്ലിക്കെട്ടില്‍ ചേട്ടന്‍ വല്യ തരക്കേടില്ലാതെ അഭിനയിച്ചാര്‍ന്നു. ചേട്ടന്റെ അഭിനയത്തിന് നല്ല അഭിപ്രായം ഉണ്ട്. അതുകൊണ്ടാണ് ഇതിലേയ്ക്കും വിളിച്ചത്, ചേട്ടന് ഈ സിനിമയില്‍ അഭിനയിക്കാന്‍ സൗകര്യമുണ്ടോ. അല്ലെങ്കില്‍ ഇപ്പോള്‍ പറയണം. ഞാനൊരല്‍പ്പം വൈകിയതിനുള്ള അദ്ദേഹത്തിന്റെ പ്രതികരണമായിരുന്നു അത്. വളരെ സീരിയസായിട്ടായിരുന്നു ലിജോ അത് പറഞ്ഞതെന്ന് ആ മുഖത്ത് നിന്നു നമുക്ക് മനസ്സിലാകും. ഞാന്‍ ഉടനെ പറഞ്ഞു. എന്റെ പൊന്നുസാറേ ഞാന്‍ ഇത്തിരി കിടന്നുറങ്ങിപ്പോയി. ഇനി ഈ സിനിമയില്‍ അഭിനയിച്ചിട്ടുതന്നെ ബാക്കി കാര്യം. അതു പറഞ്ഞുതീര്‍ന്നതും ആ സീനിലേയ്ക്കുള്ള പ്രോപര്‍ട്ടിവരെ എന്റെ കയ്യിലെത്തി. നടുറോഡില്‍ നിന്നായിരുന്നു ആദ്യ ഡയലോഡ് പറഞ്ഞത്.

എന്നും ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രങ്ങൾക്ക് വലിയ ആരാധകരാണ് ഉള്ളത്.മലയാളത്തിൽ ഇതുവരെ കാണാത്ത തരത്തിലുള്ള പരീക്ഷണങ്ങൾക്ക് മുതിരുന്ന സംവിധായകനാണ് ലിജോ. ചുരുളിയുടെ വ്യത്യസ്തമായ ട്രയിലർ കണ്ടപ്പോൾ തന്നെ വലിയ പ്രതീക്ഷയിലാണ് ലിജോയുടെ ആരാധകർ.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2