സുരേഷ് റെയ്നയുടെ പിതാവിൻറെ സഹോദരിയും കുടുംബവും ആണ് ആക്രമണത്തിന് ഇരയായത്. പഞ്ചാബ് പത്താൻകോട്ട് നിവാസികൾ ആണിവർ. ദൈനിക് ജാഗരൺ ദിനപ്പത്രമാണ് ആക്രമണ വിവരം പുറത്ത് വിട്ടത്. ഓഗസ്റ്റ് 19 ആം തീയതിയാണ് ആക്രമണം നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. സുരേഷ് റെയ്നയുടെ പിതാവിൻറെ സഹോദരിയുടെ ഭർത്താവ് ആക്രമണത്തിൽ കൊല്ലപ്പെട്ടു.
അർദ്ധരാത്രിയിൽ ടെറസിന് മേൽ തുടങ്ങുമ്പോഴായിരുന്നു കുടുംബത്തിന് നേരെ ആക്രമണമുണ്ടായത്. കുപ്രസിദ്ധ കുറ്റവാളി കാലേ കച്ചവാലയുടെ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. മോഷണ ശ്രമത്തിനിടയിൽ ആണ് മാരക ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയത്. റെയ്നയുടെ പിതാവിൻറെ സഹോദരി ആശാ ദേവിയും, അവരുടെ മക്കൾ കൗശൽ കുമാർ, അബിൻ കുമാർ, ആശാ ദേവിയുടെ ഭർത്താവിൻറെ അമ്മ സത്യ ദേവി എന്നിവരാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നത്. ആശാ ദേവിയുടെ ഭർത്താവ് അശോക് കുമാർ (58 വയസ്സ്) ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആക്രമണം നടന്ന് 10 ദിവസമായിട്ടും പ്രതികളെ ഒന്നും ഇതുവരെ പിടികൂടിയിട്ടില്ല.
ഐ പി എല്ലിൽ പങ്കുചേരാൻ യു എ ഇയിൽ എത്തിച്ചേർന്ന സുരേഷ് റെയ്ന നാട്ടിലേക്ക് മടങ്ങിയിരുന്നു. ഈ സീസണിൽ അദ്ദേഹം കളിക്കില്ല എന്നും അദ്ദേഹത്തിന് ടീമായ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് സ്ഥിരീകരിച്ചിരുന്നു. റെയ്നയുടെ മടക്കവും ആയി ബന്ധപ്പെട്ട ഒരുപാട് ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിനിടയിലാണ് അദ്ദേഹത്തിൻറെ ഉറ്റ ബന്ധുക്കൾക്ക് നേരെയുണ്ടായ ആക്രമണം വിവരങ്ങൾ ഇപ്പോൾ പുറത്തുവരുന്നത്. ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ അതേദിവസം തന്നെ സുരേഷ് റെയ്നയും തൻറെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.