ന്യൂഡല്‍ഹി: അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന നാല് മലയാളി വനിതകളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവന്നേക്കില്ല. ജയിലില്‍ കഴിയുന്ന മലയാളികളായ സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. യുദ്ധത്തില്‍ കൊല്ലപ്പെട്ട ഐഎസ് ഭീകരരുടെ വിധവകളാണ് ഇവര്‍. എന്നാല്‍ ഇതിന് പറ്റില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

2016-18 ല്‍ അഫ്ഗാനിസ്ഥാനിലെ നന്‍ഗര്‍ഹറിലേക്ക് ഭര്‍ത്താക്കന്മാര്‍ക്കൊപ്പം എത്തിയവരാണ് ഇവര്‍. വിവിധ ഏറ്റുമുട്ടലുകളില്‍ വെച്ച്‌ ഇവരുടെ ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെടുകയായിരുന്നു. 2019 ഡിസംബറിലാണ് സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവര്‍ അഫ്ഗാന്‍ പൊലീസിന് കീഴടങ്ങുന്നത്. തുടര്‍ന്ന് ഇവരെ കാബൂളിലെ ജയിലില്‍ തടവില്‍ പാര്‍പ്പിച്ചു. വിദേശികളും ഉണ്ട് ഇക്കൂട്ടത്തില്‍. തടവുകാരെ അതത് രാജ്യങ്ങളിലേക്ക് മടക്കിക്കൊണ്ടുപോകുന്നതിനായി 13 രാജ്യങ്ങളുമായി അഫ്ഗാന്‍ സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നതായും അദ്ദേഹം അറിയിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഐഎസില്‍ ചേര്‍ന്ന ഈ നാലുവനിതകളെയും തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്നും അവരെ തിരികെയെത്തിക്കുന്നതിന് അനുവാദം നല്‍കാന്‍ ഇടയില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നു ലഭിക്കുന്ന സൂചന. 2019 ഡിസംബറില്‍ കാബൂളില്‍ വെച്ച്‌ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ കുട്ടികള്‍ക്കൊപ്പം കഴിയുന്ന നാലുവനിതകളെയും കണ്ടിരുന്നു. എന്നാല്‍ ഇവരുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന് ഇവരും തീവ്രമൗലികവാദ നിലപാടുള്ളവരാണെന്ന് മനസ്സിലായെന്നും കേന്ദ്ര ഏജന്‍സികള്‍ പറയുന്നു. ഫ്രാന്‍സ് സ്വീകരിച്ച മാതൃകയില്‍ ഇവരെ അവിടെ തന്നെ വിചാരണ ചെയ്യാന്‍ അഫ്ഗാനിസ്ഥാന്‍ അധികൃതരോട് അഭ്യര്‍ത്ഥിക്കണമെന്നുമാണ് കരുതുന്നതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്റര്‍പോള്‍ ഇവര്‍ക്കെതിരേ റെഡ് നോട്ടീസ് നല്‍കിയിരുന്നു.

പൊട്ടിക്കരഞ്ഞ് ബിന്ദു

അതിനിടെ കേന്ദ്രനിലപാടിനോട് വൈകാരികമായി പ്രതികരിച്ച്‌ തിരുവനന്തപുരം സ്വദേശിനി ബിന്ദു. ബിന്ദുവിന്റെ മകള്‍ നിമിഷ ഫാത്തിമ ഉള്‍പ്പെടെയുള്ള നാലുപേരുടെ കാര്യത്തിലാണ് കേന്ദ്രം ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടതായി വാര്‍ത്തകള്‍ പുറത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാര്‍ നിമിഷ ഫാത്തിമയെ രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരികയും നിയമനടപടികളിലേക്ക് കടക്കുകയും ചെയ്യുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ബിന്ദു.

‘ഒരു ഇന്ത്യക്കാരി എന്ന നിലയില്‍ തന്റെ മനുഷ്യാവകാശമല്ലേ അത്. ഞാന്‍ ഈ ഇന്ത്യക്കുള്ളിലാണ് ജീവിക്കുന്നത്. ഞാന്‍ ഇന്ത്യക്കെതിരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? എന്റെ മകള്‍ പോലും ഇന്ത്യ വിട്ട് പോകുന്നതിന് മുന്‍പ് അന്നിരുന്ന കേരള സര്‍ക്കാരിനെയും അന്നിരുന്ന പൊലീസ് ഉദ്യോഗസ്ഥരെയും അറിയിച്ചതല്ലേ?. എന്നിട്ട് അവര്‍ എന്തുകൊണ്ട് അത് തടഞ്ഞില്ല? എന്നിട്ട് എല്ലാം കഴിഞ്ഞിട്ട് കൈയിലെത്തിയിട്ട് എന്റെ മോളെ എന്തിനാണ് ഇങ്ങനെ കൊല്ലന്‍ വിടുന്നത്? സെപ്റ്റംബര്‍ 11- മുതല്‍ അമേരിക്കന്‍ സൈന്യത്തെ അഫ്ഗാനിസ്ഥാനില്‍നിന്ന് പിന്‍വലിക്കുകയാണ്. അപ്പോള്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്? ‘- ബിന്ദു മാതൃഭൂമിയോട് പ്രതികരിച്ചു.

അവര്‍ ഇപ്പോഴും അപകടകാരികളാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അടക്കം റിപ്പോര്‍ട്ട് എന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍- അത് തനിക്കറിയില്ലെന്നും അതെല്ലാം ചെയ്യേണ്ടത് സര്‍ക്കാര്‍ ആണെന്നും ബിന്ദു പറഞ്ഞു. ഐ.എസിലേക്ക് പോകാന്‍ പ്രേരിപ്പിച്ചവര്‍ ഇന്ത്യയില്‍ ഇപ്പോഴും താമസിക്കുന്നില്ലേയെന്നും അവര്‍ ആരാഞ്ഞു. തന്റെ മകളും പേരക്കുട്ടിയും അടക്കമുള്ളവര്‍ സെപ്റ്റംബര്‍ 11- കഴിഞ്ഞാല്‍ ബോംബ് ഭീഷണിയുടെ നടുവിലാണെന്നും അവര്‍ പറഞ്ഞു. മകള്‍ ജയിലില്‍ ആണെന്ന് അറിഞ്ഞിട്ട് ഒന്നര വര്‍ഷമായി. ഡല്‍ഹിയിലെ പല വഴികളിലൂടെ ശ്രമിച്ചു. ആരും പ്രതികരിച്ചില്ല. അമിത് ഷായ്ക്കും വിദേശകാര്യമന്ത്രാലയത്തിനുമെല്ലാം മെയില്‍ അയച്ചിരുന്നു. പക്ഷെ ആരും മറുപടി തന്നില്ല. യുവതികളെ തിരിച്ചുകൊണ്ടുവരുന്ന വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മറുപടി പറയാത്തത് ഇന്ത്യക്കാരി എന്ന നിലയില്‍ തന്നെ ഞെട്ടിച്ചെന്നും ബിന്ദു പറഞ്ഞു.