കൊച്ചി: ‘ഉറങ്ങുന്ന പ്രസിഡന്റിനെ നമുക്ക് ഇനിയും വേണോ?’ ചോദ്യം ഹൈബി ഈഡന്‍ എം.പിയുടേത്. തിരഞ്ഞെടുപ്പിലെ വന്‍തിരിച്ചടിക്ക് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് ഉള്‍പ്പെടെ മാറണമെന്ന ആവശ്യത്തിന് എരിവ് പകര്‍ന്നാണ് ഹൈബി ഫേസ്ബുക്കില്‍ ഈ ചോദ്യം ഉന്നയിച്ചത്. ഒറ്റവരി പോസ്റ്റാണ് ഹൈബിയുടേത്. പേരെടുത്ത് പറയുന്നുമില്ല. പിന്തുണച്ചും എതിര്‍ത്തും പരിഹസിച്ചും കമന്റുകളും തുടരുകയാണ്. ഒരു പ്രസിഡന്റല്ല, ദേശീയ പ്രസിഡന്റും മാറണ്ടേയെന്ന് കമന്റിട്ടവരും നിരവധി. കെ.പി.സി.സി പ്രസിഡന്റ് മാത്രമല്ല, പ്രതിപക്ഷനേതാവുള്‍പ്പെടെ മാറണമെന്ന ആവശ്യവും കമന്റുകളിലുണ്ട്.

https://www.facebook.com/62528907259/posts/10157695662847260/?sfnsn=wiwspmo

ജനവിധി മാനിക്കുന്നതായും സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായും വോട്ടെണ്ണല്‍ ദിനത്തില്‍ ഹൈബി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അഞ്ചു വര്‍ഷം ക്രിയാത്മകമായ പ്രതിപക്ഷമായി എല്‍.ഡി.എഫ് സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടാനും പലതും തിരുത്തിക്കാനും സാധിച്ചു. ദൗര്‍ഭാഗ്യവശാല്‍ അവ ജനങ്ങളിലേക്ക് എത്തിക്കുന്ന സംഘടനാസംവിധാനം ഇല്ലാതെപോയി. പൂര്‍ണ ഉത്തരവാദിത്വം കേരളത്തിലെ മുഴുവന്‍ നേതാക്കള്‍ക്കും താനുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്കുമുണ്ട്.

ടി.പി. ചന്ദ്രശേഖരന്‍ ക്രൂരമായി കൊല്ലപ്പെട്ടശേഷം കേരളത്തില്‍ സി.പി.എം ഇനിയുണ്ടാകുമോയെന്ന ആശങ്ക പലര്‍ക്കുമുണ്ടായിരുന്നു. സംഘടനാമികവ് കൊണ്ട് സി.പി.എം വലിയ തിരിച്ചുവരവ് നടത്തി. ജനപക്ഷത്ത് നില്‍ക്കുന്ന കോണ്‍ഗ്രസിന് മുന്നേറ്റം നടത്താന്‍ സാധിക്കുന്നുമില്ല. തോല്‍വി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വലിയ തിരിച്ചറിവാകണം. കോണ്‍ഗ്രസ് ഒരു പാര്‍ട്ടി മാത്രമല്ല, സംസ്‌കാരം കൂടിയാണ്. തിരിച്ചുവന്നേ മതിയാവൂയെന്നും ഹൈബി പറഞ്ഞിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2