ബെംഗളൂരു: ബംഗ്ലദേശി യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളെ ചോദ്യം ചെയ്തതിലൂടെ കൂടുതൽ വെളിപ്പെടുത്തലുകൾ. മറ്റൊരു സെക്സ് റാക്കറ്റിന്റെ വിവരങ്ങൾ കൂടി പുറത്തുവന്നെന്ന് ബെംഗളൂരു പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രധാന പ്രതിയായ ഷോബുജിൽനിന്നാണ് പൊലീസിന് സെക്സ് റാക്കറ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഏകദേശം 50 പേരടങ്ങിയ രാജ്യാന്തര സംഘമാണിത്. അഞ്ചു വർഷത്തിനിടെ അഞ്ഞൂറിലേറെ പെൺകുട്ടികളെ ഇന്ത്യയിലേക്കു മാത്രം ഇവർ കടത്തിയിട്ടുണ്ട്. റാഫിഖ് അശ്‌റഫുൾ എന്ന വ്യക്തിയുടെ സഹായത്തോടെയാണ് അതിർത്തിയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഇന്ത്യയിലേക്ക് പെൺകുട്ടികളെ കടത്തുന്നതെന്നും പൊലീസ് അറിയിച്ചു.

ടിക് ടോക് ചതിക്കുഴി:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അതിനിടെ ടിക് ടോക്കിലൂടെയും പെൺകുട്ടികളെ വശീകരിച്ച് ബംഗ്ലദേശിൽനിന്ന് ഇന്ത്യയിലേക്കു കടത്തുകയാണെന്ന വിവരവും പൊലീസിനു ലഭിച്ചു. പിടിയിലായ യുവതികളിൽനിന്നുൾപ്പെടെ ഇതു സംബന്ധിച്ച നിർണായക വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരക്കാരെ നിരീക്ഷിക്കാനാണ് ബംഗ്ലദേശ് സർക്കാരിന്റെയും തീരുമാനം. ‘ഒട്ടേറെ ടിക് ടോക് ഉപയോക്താക്കൾ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ബംഗ്ലദേശിലുള്ള ഇവരെ കർശനമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്…’ റാപിഡ് ആക്‌ഷൻ ബറ്റാലിയന്‍ വക്താവ് എഎൻഎം ഇമ്രാൻ ഖാൻ വിദേശ മാധ്യമത്തോടു പറഞ്ഞു.

ബെംഗളൂരുവിൽ പിടിയിലായ ടിക് ടോക് ഹൃദോയ് എന്നയാളുടെ കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ട് ബംഗ്ലദേശിലെത്തിയ പെൺകുട്ടിയാണ് നിർണായക വിവരം പുറത്തുവിട്ടത്. ഇരുപത്തിരണ്ടുകാരിയായ മറ്റൊരു ബംഗ്ലദേശി യുവതിയെ പീഡിപ്പിച്ച വിഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് ഇയാൾ അടുത്തിടെ അറസ്റ്റിലായത്. ‘റിത്താഫുൽ ഹൃദോയ് എന്നാണയാളുടെ പേര്. ടിക് ടോക്കിൽ വിഡിയോകൾ തയാറാക്കുന്നതിൽ മിടുക്കനായിരുന്നു. അങ്ങനെയാണു പരിചയപ്പെട്ടത്. 2021 ഫെബ്രുവരിയിൽ അയാൾക്കൊപ്പം ഇന്ത്യയിലേക്കു കടന്നു. ജോലി വാഗ്ദാനം ചെയ്തെങ്കിലും എത്തിപ്പെട്ടത് മോശം സാഹചര്യത്തിലേക്കായിരുന്നു…’ തിരികെ രക്ഷപ്പെട്ട് ധാക്കയിലെത്തിയ പെൺകുട്ടി പറയുന്നു.

ഇന്ത്യയിലെത്തിയാൽ ഇവരെ ബംഗാളിലെ ഹൗറയിൽ എത്തിക്കും. തുടർന്ന് കുറച്ചു ദിവസം അവിടെ താമസിപ്പിക്കും. ഇതിനിടയിൽ ഇവർക്ക് വ്യാജ തിരിച്ചറിയൽ കാർഡുകളും മറ്റും സംഘടിപ്പിക്കുകയും പിന്നീട് സംഘങ്ങളായി തിരിച്ച് വിവിധ നഗരങ്ങളിലേക്ക് അയയ്ക്കും. തൊഴിൽ നൽകാമെന്ന വ്യാജേനയാണ് ഇവരെ എത്തിക്കുന്നതെന്നും എന്നാൽ പിന്നീട് വേശ്യാവൃത്തിക്കു നിർബന്ധിതരാക്കുകയാണെന്നും പൊലീസ് അറിയിച്ചു.

നൂറുകണക്കിന് സ്ത്രീകളാണ് മനുഷ്യക്കടത്തിലൂടെ ഇന്ത്യയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് കസ്റ്റഡിയിലായ പെൺകുട്ടികളിലൊരാൾ പൊലീസിന് മൊഴി നൽകിയത്. കഴിഞ്ഞ ദിവസം ബെംഗളൂരു ആസ്ഥാനമാക്കി പൊലീസ് നടത്തിയ റെയ്ഡിൽ നാലു പേരെ അറസ്റ്റു ചെയ്യുകയും അഞ്ചു വയസ്സുകാരി ഉൾപ്പെടെ ഏഴോളം പെൺകുട്ടികളെ രക്ഷപ്പെടുത്തുകയും ചെയ്തു. ആധാർ കാർഡുകൾ ഉൾപ്പെടെ 46ഓളം രേഖകളും പിടിച്ചെടുത്തു.

ടിക്ടോക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ പെൺകുട്ടികളെ കെണിയിൽപ്പെടുത്തി ഇന്ത്യ അടക്കമുള്ള അയൽരാജ്യങ്ങളിലെക്ക് കടത്തുന്ന മനുഷ്യകടത്തു സംഘത്തിലെ 11 പേരെ കഴിഞ്ഞ ദിവസം ധാക്ക പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഈ സംഭവത്തിലെ പ്രധാനിയായ ടിക്ടോക് ഹൃദോയിയെയാണ് ബെംഗളൂരു പൊലീസ് നേരത്തെ അറസ്റ്റു ചെയ്തത്. മോഡലുകളാക്കാം, ഷോപ്പിങ് മാൾ, ബ്യൂട്ടി പാർലർ, കോൾ സെന്റർ എന്നിവിടങ്ങളിൽ ജോലി വാങ്ങിനൽകാം എന്നെല്ലാം വാഗ്ദാനം നൽകിയാണ് ഹൃദോയ് പെൺകുട്ടികളെ മറ്റു രാജ്യങ്ങളിലേക്കു കടത്തിയിരുന്നത്. പെൺകുട്ടികൾക്കായി പൂൾ പാർട്ടികളും വിഡിയോ ഹാങ്ങൗട്ടുകളും ഇയാൾ ഒരുക്കിയിരുന്നു.

ബെംഗളൂരുവിൽ ബംഗ്ലദേശി പെൺകുട്ടി ക്രൂര പീഡനത്തിന് ഇരയാവുകയും അവരെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുകയും ചെയ്തതോടെയാണ് ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ 3 യുവതികൾ ഉൾപ്പെടെ 12 പേർ അറസ്റ്റിലായിരുന്നു. പെൺകുട്ടി മനുഷ്യക്കടത്തിലൂടെ എത്തിയതാണെന്ന കണ്ടെത്തലാണ് അന്വേഷണം ധാക്കയിൽ എത്തിച്ചത്. തുടർന്ന് ബംഗ്ലദേശ് റാപ്പിഡ് ആക്‌ഷൻ ഫോഴ്സ് നടത്തിയ അന്വേഷണത്തിൽ ഒൻപതു പേരെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തു. 2019 മുതൽ ടിക്ടോക് ബംഗ്ലദേശിൽ വ്യാപകമാണെന്നും ഇതിലൂടെ പെൺകുട്ടികളെ പരിചയപ്പെട്ട് മോഡലുകളും മറ്റും ആക്കാമെന്ന വ്യാജേനെയാണ് വിവിധ രാജ്യങ്ങളിലേക്ക് കടത്തുന്നതെന്നും ബംഗ്ലദേശ് പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക