കൊല്ലം: സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച്‌ പണംതട്ടിച്ച ശൂരനാട് പതാരം സ്വദേശിനി അശ്വതി(34)യെ പിടിയിലാവാന്‍ കാരണം ശൂരനാട് എസ്‌ഐ മഞ്ചു വി നായരുടെ ധീരമായ നിലപാട്. ഒരു മാസത്തിലധികമായി തന്റെ സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവതി തട്ടിപ്പു നടത്തുന്നു എന്ന് കാട്ടി കൊച്ചി കാക്കനാട് സ്വദേശിനികളായ യുവതികള്‍ കൊച്ചി സൈബര്‍ ക്രൈം പൊലീസില്‍ പരാതി നല്‍കിയിട്ടും പരിഹാരമായില്ല എന്നറിഞ്ഞതോടെ മുതിര്‍ന്ന പൊലീസുദ്യോഗസ്ഥരോട് നിയമോപദേശം തേടിയാണ് മഞ്ചു വി നായര്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്.

സാധാരണക്കാരായ രണ്ട് യുവതികള്‍ക്ക് നീതി ലഭ്യമാകുന്നില്ല എന്ന് മനസ്സിലായതോടെ അവര്‍ വേണ്ട നടപടികള്‍ സ്വീകരിച്ച്‌ നീതി നേടികൊടുക്കുകയായിരുന്നു. കാക്കനാട് സ്വദേശിനികളായ പ്രഭ സുകുമാരന്റെയും രമ്യാ ഷിജിത്തിന്റെയും ചിത്രങ്ങളാണ് പതാരം സ്വദേശിനിയായ അശ്വതി എന്ന യുവതി അശ്വതി അച്ചു, അനുശ്രീ, അനു അപ്പു എന്നീ വ്യാജ അക്കൗണ്ടുകളില്‍ തട്ടിപ്പിനായി ഉപയോഗിച്ചത്. സ്വന്തം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ തൃക്കാക്കര പൊലീസിലും സൈബര്‍ ക്രൈം പൊലീസിലും പരാതി നല്‍കിയിട്ടും നടപടി ആകാതിരുന്നതോടെ ശൂരനാട് പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതി ലഭിച്ചയുടന്‍ ഉടന്‍ തന്നെ എസ്‌ഐ മഞ്ചു വി നായര്‍ പ്രാഥമിക അന്വേഷണം നടത്തി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ അശ്വതി വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും അതുപയോഗിച്ച്‌ നിരവധിപേരുമായി സന്ദേശം അയച്ചു ബന്ധങ്ങള്‍ തുടങ്ങിയതും കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പിന്നീട് ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുകയും പണമിടപാടുകള്‍ നടത്തിയതിനും തെളിവുകള്‍ കണ്ടെത്തി. പഴുതടച്ചുള്ള അന്വേഷണത്തില്‍ അശ്വതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പെണ്‍കുട്ടികളുടെ പരാതിയില്‍ വളരെ വേഗം നടപടി എടുത്ത വനിതാ പ്രിന്‍സിപ്പല്‍ എസ്‌ഐയ്ക്ക് നാട്ടുകാരുടെ അഭിനന്ദന പ്രവാഹമാണ്. വളരെ ഗുരുതരമായ കുറ്റകൃത്യം കൊച്ചി സിറ്റി പൊലീസ് വളരെ ലാഘവത്തോടെ കണ്ടപ്പോള്‍ മഞ്ചു ഏറെ ഗൗരവത്തോടെ എടുത്തതാണ് പ്രതിയെ പെട്ടെന്ന് പിടികൂടാന്‍ കാരണമായത്.

പന്തളം പൊലീസ് സ്റ്റേഷനിലായിരുന്നു ആദ്യം പ്രിന്‍സിപ്പല്‍ എസ്‌ഐ ആയി മഞ്ചു പ്രവേശിച്ചത്. 2018 ബാച്ചില്‍ എസ്‌ഐ. ആയി പുറത്തിറങ്ങി കോഴിക്കോട് വളയം സ്റ്റേഷനിലായിരുന്നു ആദ്യ നിയമനം. പിന്നീട് മാവേലിക്കരയില്‍ പ്രബേഷന്‍ എസ്‌ഐയായി ചുമതല ലഭിച്ചു. പിന്നീട് ചെങ്ങന്നൂരില്‍ ജൂനിയര്‍ എസ്‌ഐ. ആയി. കൊച്ചി സിറ്റിയിലും തിരുവല്ലയിലും സേവനം അനുഷ്ഠിച്ചെങ്കിലും പന്തളത്തെത്തിയാണ് പ്രിന്‍സിപ്പല്‍ എസ്‌ഐ. ആയത്.

പന്തളം എന്‍.എസ്.എസ്. കോളജില്‍നിന്ന് രസതന്ത്രത്തില്‍ ബിരുദവും ചെങ്ങന്നൂര്‍ എസ്.എന്‍.കോളേജില്‍നിന്ന് ബിരുദാനന്തര ബിരുദവും മാവേലിക്കരയില്‍ ബി.എഡും കഴിഞ്ഞ ശേഷം ആദ്യം റെയില്‍വേയിലാണ് പ്രവേശിച്ചത്. തുടര്‍ന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിലും ചെങ്ങന്നൂര്‍ നഗരസഭയിലും ജോലിനോക്കി. പി.എസ്.സി. ലിസ്റ്റിലുണ്ടായിരുന്ന എസ്‌ഐ. ജോലി ലഭിച്ചപ്പോള്‍ ഇതിലേക്ക് മാറി. ചാരുംമൂട് വേടരപ്ലാവ് കൊട്ടാരത്തില്‍ വാസുദേവന്‍ നായരുടെയും ഇന്ദിരയുടെയും മകളാണ് മഞ്ജു. ശബരിമലയില്‍ കരാറുകാരനായ നൂറനാട് പണയില്‍ ശ്രീശൈലത്തില്‍ ജെ.ജയകുമാര്‍ ഉണ്ണിത്താന്റെ ഭാര്യയാണ്. മക്കള്‍: കല്യാണി, ലക്ഷ്മി. ശൂരനാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ട പൊലീസ് ഉദ്യോഗസ്ഥകൂടിയാണ് മഞ്ചു.