സ്വന്തം ലേഖകൻ

കോട്ടയം: കൊവിഡ് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ശക്തമാക്കിയ ശനി, ഞായർ ദിവസങ്ങളിൽ ഹോട്ടലുകളിൽ നിന്നും ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ എന്ന തീരുമാനം പിൻവലിക്കണമെന്നു ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

നേരത്തെ ഹോട്ടലുകളിൽ നിന്നും പാഴ്‌സലും ടേക്ക് എവേ സർവീസും ഹോം ഡെലിവറിയും അനുവദിച്ചിരുന്നു. എന്നാൽ, നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ പേരിലാണ് ഇപ്പോൾ ഹോം ഡെലിവറി മാത്രമാക്കിയിരിക്കുന്നത്. ഇത് ഹോട്ടൽ മേഖലയെ തകർക്കുക മാത്രമേ ചെയ്യൂ.

സർക്കാർ ജോലിക്കാരും, കൊവിഡ് സന്നദ്ധ സേനാംഗങ്ങളും, ആശുപത്രികളിൽ രോഗികളുടെ കൂട്ടിരിപ്പുകാരും അടക്കം നിരവധി ആളുകളാണ് കൊവിഡ് കാലത്തും ഹോട്ടലുകളെ ആശ്രയിക്കുന്നത്. ഇത്തരക്കാർക്ക് ഏറെ ആശ്വാസമാകുന്നതായിരുന്നു ഹോട്ടലുകളുടെ പാഴ്‌സൽ സർവീസ്.

എന്നാൽ, ഇത്തരത്തിൽ പാഴ്‌സൽ സർവീസ് തടയുന്നതോടെ സാധാരണക്കാരായ ആളുകൾക്കാണ് ഇതിന്റെ ദോഷമുണ്ടാകുക. ഈ സാഹചര്യത്തിൽ പാഴ്‌സൽ നൽകാനുള്ള സൗകര്യം പുനക്രമീകരിക്കണമെന്നും ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഫിലിപ്പ് കുട്ടി, സെക്രട്ടറി എൻ.പ്രതീഷ് എന്നിവർ ആവശ്യപ്പെട്ടു.