കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ പ്രവാസിയില്‍ നിന്നും വ്യവസായ സംരംഭം തുടങ്ങാനെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘത്തില്‍ പിടിയിലാകാനുള്ള ആറ് പേര്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി നടക്കാവ് പൊലീസ് അറിയിച്ചു. സംഘത്തിന് നേതൃത്വം നല്‍കിയിരുന്നത് പൊലീസിന്റെ പിടിയിലായ നാല്‍പത്തിയാറുകാരി സിന്ധുവെന്ന യുവതിയായിരുന്നു.

പ്രവാസിയെ നിരന്തരം ഫോണ്‍ ചെയ്ത് 59 ലക്ഷം രൂപ വാങ്ങിയെടുത്തത് സിന്ധുവാണെന്ന് തെളിഞ്ഞിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിയായ സിന്ധു കാരപ്പറമ്ബിലെ ഫ്ളാറ്റില്‍ താമസിച്ചാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയത്. 2019 മുതല്‍ സിന്ധു പരാതിക്കാരനായ പ്രവാസിയെ നിരന്തരം ഫോണ്‍ ചെയ്താണ് പണം തട്ടിയെടുത്തത്. രണ്ട് വര്‍ഷത്തിനിടയില്‍ ഇത്തരത്തില്‍ 59 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. നാട്ടില്‍ ഹോട്ടല്‍, ബ്യൂട്ടിപാര്‍ലര്‍ തുടങ്ങിയ സംരംഭങ്ങള്‍ തുടങ്ങാനെന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

എന്നാല്‍ പലപ്പോഴായി 59 ലക്ഷം രൂപ നല്‍കി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും സംരഭങ്ങള്‍ ഒന്നും തുടങ്ങാതിരുന്നതോടെ പ്രവാസി വ്യവസായി പണം തിരികെ ആവശ്യപ്പെടുകയായിരുന്നു. ഈ സമയത്ത് സിന്ധു കാരപ്പറമ്ബിലുള്ള ഫ്ളാറ്റിലേക്ക് പ്രവാസിയെ വിളിച്ചു വരുത്തുകയാണ് ചെയ്തത്. ഇവിടെ വച്ചാണ് സിന്ധുവും സഹായികളും ബലം പ്രയോഗിച്ച്‌ സിന്ധുവിനൊപ്പം നിര്‍ത്തി പ്രവാസി വ്യവസായിയുടെ ഫോട്ടോയെടുക്കുകയും അഞ്ച് പവന്‍ വരുന്ന സ്വര്‍ണ്ണ മാല ഊരിയെടുക്കുകയും ചെയ്തത്. ഇവിടെ വെച്ച്‌ വ്യവസായിയെ മര്‍ദ്ദിക്കുകയും ചെയ്തു.

സംഭവം പുറത്തുപറയുകയോ പരാതിപ്പെടുകയോ ഇനി പണം തിരികെ ആവശ്യപ്പെടുകയോ ചെയ്താല്‍ സിന്ധുവിനൊപ്പമുള്ള ചിത്രങ്ങള്‍ കുടുംബത്തിലുള്ളവര്‍ക്ക് അയച്ചുകൊടുക്കുമെന്നും സമൂഹത്തില്‍ മാന്യമായി ജീവിക്കാന്‍ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു ഈ സംഭവങ്ങള്‍ നടന്നത്. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം സിന്ധുവിനൊപ്പമുള്ള ചിത്രങ്ങളുടെ പേരില്‍ ഭീഷണിപ്പെടുത്തി വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് പ്രവാസി വ്യവസായി നടക്കാവ് പൊലീസില്‍ പരാതി നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ കണ്ണൂര്‍ സ്വദേശിനിയും കാരപ്പറമ്ബിലെ ഫ്ളാറ്റില്‍ താമസിക്കുകയും ചെയ്യുന്ന ഒ സിന്ധു(46),പെരുമണ്ണ സ്വദേശി ഷനൂബ്(39), ഫാറൂക്ക് കോളേജ് സ്വദേശി എം ശരത്കുമാര്‍(27) എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തത്. സഹായികളായ ആറ് പേര്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. സിന്ധിവിന്റെ നേതൃത്വത്തില്‍ നേരത്തെയും ഹണിട്രാപ് മാതൃകയില്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക