പട്ടിക്കാട്: പെട്രോള്‍ അടിക്കാന്‍ പണം ചോദിച്ചെത്തിയ യുവാക്കള്‍ കാറുകാരനായ യുവാവിന്റെ രണ്ടു പവന്റെ മാല കവര്‍ന്നെടുത്തു. പണം നല്‍കാനായി കാറിന്റെ ഗ്ലാസ് താഴ്‌ത്തിയപ്പോള്‍ യുവാവിന്റെ കഴുത്തില്‍ കത്തിവെച്ച ബൈക്കുകാര്‍ മാല മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു. ദേശീയപാതയോരത്ത് ബിഎസ്‌എന്‍എല്‍ ഓഫിസിനു മുന്നില്‍ കാര്‍ നിര്‍ത്തിയിട്ട് വിശ്രമിക്കുകയായിരുന്ന എറണാകുളം സ്വദേശി ജോജി (30)യുടെ മാലയാണു ബൈക്കിലെത്തിയ സംഘം കവര്‍ന്നത്.

ഇന്നലെ പുലര്‍ച്ചെ ഒന്നിനാണു സംഭവം. കോയമ്ബത്തൂരില്‍ നിന്നു എറണാകുളത്തേക്കു യാത്ര ചെയ്യുന്നതിനിടെ ക്ഷീണം തോന്നി ദേശീയപാതയുടെ അരികില്‍ കാര്‍ നിര്‍ത്തി ഉറങ്ങുകയായിരുന്നു ജോജി. ഇതിനിടെ ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ കാറിന്റെ വാതിലില്‍ തട്ടുകയും ഗ്ലാസ് താഴ്‌ത്തിയപ്പോള്‍ പെട്രോള്‍ അടിക്കാന്‍ പണം തരാമോ എന്നു ചോദിക്കുകയുമായിരുന്നു. പഴ്‌സില്‍ നിന്ന് പണം നല്‍കിയ ഉടന്‍ ഒരാള്‍ കഴുത്തില്‍ കത്തി വച്ച്‌ മുഴുവന്‍ പണവും തരാന്‍ ആവശ്യപ്പെട്ടു.

ജോജി കത്തി ഒടിച്ചു കളഞ്ഞെങ്കിലും അക്രമികളിലൊരാള്‍ മറ്റൊരു കത്തിയെടുത്ത് കഴുത്തില്‍ കുത്തി. ഒഴിഞ്ഞു മാറിയെങ്കിലും ജോജിക്ക് ചെറിയ പരുക്കു പറ്റി. വാഹനം മുന്നോട്ട് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരാള്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചു വലിച്ചു. ഈ സമയം രണ്ടാമന്‍ താക്കോല്‍ പിടിച്ചുവലിച്ചു. ഇതോടെ കാര്‍ ഓഫായി. തുടര്‍ന്നുള്ള പിടിവലിക്കിടെയാണു മാല നഷ്ടപ്പെട്ടത്. മറ്റു വാഹനങ്ങള്‍ വരുന്നതു കണ്ട ഇരുവരും എഴുന്നേറ്റ് ഓടി രക്ഷപ്പെടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2