ഇടഞ്ഞ് നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് നീക്കം. രമേശ് ചെന്നിത്തലയെ അടിയന്തിരമായി രാഹുല്‍ ഗാന്ധി ഡല്‍ഹിക്ക് വിളിപ്പിച്ചു. മറ്റന്നാള്‍ ഡല്‍ഹിയില്‍ എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഇടപെടുന്നു എന്നതാണ് ചെന്നിത്തലയെ ഡല്‍ഹിക്ക് വിളിപ്പിച്ചതിലൂടെ വ്യക്തമാകുന്നത്.

നേരത്തെ പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ നിയമിച്ച രീതിയില്‍ ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും മുല്ലപ്പള്ളി രാമചന്ദ്രനും അതൃപ്തിയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ കെ.പി.സി.സി അദ്ധ്യക്ഷന്‍ ആരാവണമെന്ന ചോദ്യത്തോട് ഇവര്‍ കാര്യമായി പ്രതികരിക്കാതിരുന്നത്. കെ.സുധാകരന്റെ പേര് ഉയര്‍ന്നപ്പോള്‍ ആ നിര്‍ദേശത്തെ തള്ളാനോ കൊള്ളാനോ ചെന്നിത്തല തയ്യാറായിരുന്നില്ല. എല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ എന്ന നിലപാടായിരുന്നു ചെന്നിത്തല സ്വീകരിച്ചിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കെ.സുധാകരന്റെ സ്ഥാനാരോഹണ ചടങ്ങിന് എത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ചെന്നിത്തലയുമായി കഴിഞ്ഞ ദിവസം രാത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് ചെന്നിത്തലയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. ഒരു പക്ഷേ ചെന്നിത്തലയ്ക്ക് പുതിയ പദവി എന്തെങ്കിലും നല്‍കിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം പുതിയ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റ കെ.സുധാകരന് ഇന്ദിരാഭവനില്‍ ഉജ്വലമായ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കോണ്‍ഗ്രസിന് തിരിച്ച്‌ വരാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക