വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള ഉത്തരവിനെ സ്റ്റേ ചെയ്യണമെന്ന കേരള സർക്കാരിൻറെ ആവശ്യം നിരസിച്ച ഹൈക്കോടതി വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ചു. വിശദമായ വാദം കേൾക്കാൻ അടുത്ത മാസം പതിനഞ്ചാം തീയതിയിലേക്ക് കേസ് നീട്ടി. പക്ഷേ ഇടക്കാല ഉത്തരവ് എന്ന സർക്കാരിൻറെ ആവശ്യം ഹൈക്കോടതി പരിഗണിച്ചില്ല.

ഇതേ വിഷയവുമായി ബന്ധപ്പെട്ട് ഒരു വർഷം മുമ്പ് ഹൈക്കോടതിയെ കേരള സർക്കാർ സമീപിച്ചിരുന്നു. “പ്രീമച്വർ” എന്ന ചൂണ്ടിക്കാണിച്ച് ആ സമയത്ത് ഹർജി ഫയലിൽ സ്വീകരിക്കുവാൻ കോടതി വിസമ്മതിച്ചിരുന്നു. ഇതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയും സുപ്രീംകോടതിയുടെ നിർദേശപ്രകാരം ഹൈക്കോടതി വീണ്ടും കേസ് പരിഗണിക്കുകയും ആണ് ചെയ്തത്. ആ കേസിൽ വിധി വരുന്നതുവരെ വിമാനത്താവള കൈമാറ്റം സ്റ്റേ ചെയ്യണമെന്ന് സർക്കാർ ആവശ്യമാണ് ഇന്ന് ഹൈക്കോടതി നിരസിച്ചത്.

സെപ്തംബർ മാസം പതിനഞ്ചാം തീയതി കേസ് പരിഗണിക്കുമ്പോൾ ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും, വിഷയത്തിലുള്ള നിലപാടുകളും അറിയിക്കുവാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്താവളം കൈമാറുവാൻ ഉള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം ഇന്നലെ കൂടിയ നിയമസഭാ സമ്മേളനം ഐകകണ്ഠേന പാസാക്കിയിരുന്നു. ഏതു വിധേനയും വിമാനത്താവള കൈമാറ്റം തടയുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായി ആണ് കേരള സർക്കാർ മുന്നോട്ടു പോകുന്നത്. യുഡിഎഫും വിഷയത്തിൽ സർക്കാർ നിലപാടിനൊപ്പം പിന്തുണ അറിയിച്ച് നിൽക്കുന്നുണ്ട്.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2