ഡല്‍ഹി: രാജ്യത്തെ 174 ജില്ലകളില്‍ കൊവിഡിന്റെ അതിതീവ്ര വ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദം കണ്ടെത്തി. പത്ത് സംസ്ഥാനങ്ങളില്‍ നിന്നും പരിശോധിച്ച 48 സാംപിളുകളില്‍ ഡെല്‍റ്റ പ്ലസ് വകഭേദത്തെയും കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

കൊവിഡ് രണ്ടാം തരംഗം പടര്‍ന്നുപിടിക്കുന്നതില്‍ മുഖ്യകാരണമായത് ഡെല്‍റ്റ വകഭേദമാണെന്നും മന്ത്രാലയം പറഞ്ഞു. മാര്‍ച്ചില്‍ 52 ജില്ലകളില്‍ മാത്രമുണ്ടായിരുന്ന ഈ വകഭേദം ജൂണ്‍ മാസത്തില്‍ 174 ജില്ലകളിലേക്ക് പടര്‍ന്നു. കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് വരുന്നതുകൊണ്ടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതും കൊണ്ടും മാത്രം രണ്ടാം തരംഗം അവസാനിച്ചതായി കണക്കാക്കാനാകില്ലെന്നും ഐ.സി.എം.ആര്‍. മേധാവി ഡോ.ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

‘500ലേറെ ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിലും താഴെയെത്തിയിട്ടുണ്ട്. പക്ഷെ രണ്ടാം തരംഗം അവസാനിച്ചിട്ടില്ല. ഇപ്പോഴും രാജ്യത്തെ 75ലെറെ ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിനും മുകളിലാണ്. 92 ജില്ലകളില്‍ അഞ്ചിനും പത്തിനുമിടിയിലാണ് പോസിറ്റിവിറ്റി നിരക്ക്,’ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു മുന്നോട്ടുപോകാന്‍ ഓരോ വ്യക്തികളും സമൂഹം മുഴുവനും തയ്യാറായില്ലെങ്കില്‍ മൂന്നാം തരംഗത്തെ തടയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും ഹോട്‌സ്‌പോട്ടുകളെ ഐസൊലേറ്റ് ചെയ്യണമെന്നും ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

ലോകത്തെ 12 രാജ്യങ്ങളില്‍ ഡെല്‍റ്റ പ്ലസ് വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യയില്‍ നിലവിലെ വാക്‌സിനുകള്‍ ഈ വകഭേദത്തിന് ഫലപ്രദമാകുമോയെന്ന് അറിയുന്നതിനുള്ള പരിശോധനകള്‍ ഐ.സി.എം.ആര്‍. നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.