തിരുവനന്തപുരം: ഇന്ധനവില ക്രമാതീതമായി വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച്‌ കേരളത്തില്‍ ചൊവ്വാഴ്ച വാഹന പണിമുടക്ക്. സംയുക്ത സമര സമിതിയുടെ ആഹ്വാന പ്രകാരമാണ് പണിമുടക്ക് നടത്തുന്നത്. കെഎസ്‌ആര്‍ടിസി യൂണിയനുകളും സമരത്തില്‍ പങ്കാളികളാകും. ചൊവ്വാഴ്ച രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് പണിമുടക്ക്. ബിഎംഎസ് പങ്കെടുക്കില്ല. സ്വകാര്യ ബസ് സംഘടനകള്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ബസ് സര്‍വീസ് പൂര്‍ണമായും മുടങ്ങുമെന്ന് ഉറപ്പായി.

അതേസമയം, പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച നടക്കാനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല, കാലടി സംസ്‌കൃത സര്‍വകലാശാല എന്നിവ നടത്താന്‍ തീരുമാനിച്ചിരുന്ന പരീക്ഷകളാണ് മാറ്റിയത്.പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. അതേസമയം, എസ്‌എസ്‌എല്‍സി, പ്ലസ് ടു മോഡല്‍ പരീക്ഷകള്‍ നടക്കുകയാണ്. ഇതും മാറ്റിവെക്കുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഉടന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും.

ഇന്ധനവിലയ്ക്ക് പുറമെ പാചക വാതക സിലിണ്ടര്‍ വിലയും ഉയരുകയാണ്. മൂന്ന് മാസത്തിനിടെ സിലിണ്ടറിന് 200 രൂപയാണ് വര്‍ധിച്ചത്. ഇന്ധന വില കുറയ്ക്കാനുള്ള യാതൊരു നടപടിയും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. ഇന്ധനത്തെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്. ഇക്കാര്യത്തില്‍ ജിഎസ്ടി കൗണ്‍സിലില്‍ ചര്‍ച്ച നടത്തുകയും തീരുമാനമെടുക്കുകയും വേണം. എന്നാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ യോജിക്കാന്‍ സാധ്യത കുറവാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2