കണ്ണൂര്‍: ഗുരുവായൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയത് ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. കേരളത്തിലെ ബി.ജെ.പി കോണ്‍ഗ്രസ് ധാരണ പൂര്‍വ്വാധികം ശക്തി പ്രാപിക്കുകയാണെന്നാണ് ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറയുന്നത്.
ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്ത രണ്ട് മണ്ഡലങ്ങളുടെ കാര്യത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി നിലപാട് വ്യക്തമാക്കി കഴിഞ്ഞുവെന്നും പിണറായി പറഞ്ഞു.
ഇതോടെ ഗുരുവായൂര്‍ മോഡല്‍ ചര്‍ച്ചയാക്കി ന്യൂനപക്ഷ വോട്ടുകള്‍ സ്വന്തമാക്കാനാണ് സിപിഎമ്മിന്റെ നീക്കം. അതിന് വേണ്ടിയാണ് സി.പി.എം അതിശക്തമായി സുരേഷ് ഗോപിയുടെ അഭിപ്രായം ചര്‍ച്ചയാക്കുന്നത്. ഗുരുവായൂരില്‍ ബി.ജെ.പിയുമായി യു.ഡി.എഫ് കച്ചവടമുറപ്പിച്ച് കഴിഞ്ഞുവെന്ന് പറഞ്ഞ മുഖ്യമന്ത്രി കെ.എന്‍.എ ഖാദര്‍ ചില കാര്യങ്ങളില്‍ അനുകൂലമായി സംസാരിക്കുന്നത് ഇതിന്റെ ഭാഗമായാണെന്നും ആരോപിക്കുന്നു. പഴയ ‘കോലീബി’ സഖ്യത്തിന്റെ വിശാലമായ രൂപമാണ് കേരളത്തിലുള്ളതെന്നും യു.ഡി.എഫും ബി.ജെ.പിയും ഒരേ ധാരണയിലാണ് കാര്യങ്ങള്‍ നീക്കിയതെന്നും പിണറായി വിജയന്‍ ആരോപിച്ചു.
ബി.ജെ.പിയുടെ പത്രിക തള്ളിയ ഗുരുവായൂര്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യരുതെന്നും ലീഗ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ. ഖാദര്‍ ജയിക്കണമെന്നാണ് ആഗ്രഹമെന്നും സുരേഷ്‌ഗോപി പറഞ്ഞിരുന്നു. ഇതാണ് സി.പി.എം ഇപ്പോള്‍ പ്രചാരണ ആയുധമാക്കി എടുത്തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2