തിരുവനന്തപുരം: തിരുവനന്തപുരം ചെമ്ബഴന്തിയില്‍ വീട്ടമ്മയുടെ കഴുത്തില്‍ വാള്‍ വെച്ച്‌ ഭീഷണിപ്പെടുത്തി സ്വര്‍ണ്ണക്കവര്‍ച്ച. ചെമ്ബഴന്തി കുണ്ടൂര്‍ക്കുളം സ്വദേശി ഷൈലയുടെ ആറു പവന്‍ സ്വര്‍ണ്ണം കവര്‍ന്നതിന് പുറമെ വീടും കാറും തകര്‍ത്തു. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.

നേരത്തെ നിരവധി കേസുകളില്‍ പ്രതിയായ കരിക്ക് രതീഷ് എന്നറിയപ്പെടുന്ന രതീഷ്, പോപ്പി അഖില്‍ എന്ന അഖില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. അഞ്ച് പേരാണ് ആക്രമണ സംഘത്തിലുണ്ടായിരുന്നത്. കടയിലെത്തിയ ഗുണ്ടാസംഘം കടയുടമയായ ഷൈലയുടെ കഴുത്തില്‍ വാള്‍ വെച്ച്‌ ഭീഷണിപ്പെടുത്തി ആറരപ്പവനോളം വരുന്ന ആഭരണങ്ങള്‍ കൈക്കലാക്കി. കടയോട് ചേര്‍ന്നുളള ഇവരുടെ വീടിന് നേരെയും ആക്രമണമുണ്ടായി.

വീടിന്റെ ഗേറ്റും ജനല്‍ചില്ലുകളുമുള്‍പ്പെടെ സംഘം തകര്‍ത്തു. വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന് നേരെയും ആക്രമണമുണ്ടായി. അയ്യങ്കാളി നഗറില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച്‌ മാല കവര്‍ന്നതുള്‍പ്പെടെ നിരവധിക്കേസില്‍ പ്രതികളാണ് ഇവര്‍. കുണ്ടൂര്‍കുളത്തില്‍ മീന്‍ പിടിക്കുന്നതുമായി ബന്ധപ്പെട്ട് ഗുണ്ടാസംഘത്തിലുണ്ടായിരുന്നവരും വീട്ടുകാരുമായി പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഒളിവില്‍ പോയ പ്രതികള്‍ക്കായി കഴക്കൂട്ടം പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2